ADVERTISEMENT

തിരുവനന്തപുരം ∙ പാവപ്പെട്ടവർക്കും ഭവനരഹിതർക്കും വീടു നൽകുന്ന ലൈഫ് മിഷൻ പദ്ധതി മെല്ലെപ്പോക്കിലാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. കെപിസിസി 1,000 വീടുകൾ നിർമിച്ചു നൽകുമെന്നു പ്രഖ്യാപിച്ചിട്ട് വെറും 43 വീടുകൾ മാത്രമേ പണിതുള്ളൂവെന്ന മന്ത്രി എം.ബി.രാജേഷിന്റെ പരാമർശം പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി. എതിർപ്പുണ്ടെങ്കിൽ പട്ടിക പ്രസിദ്ധീകരിക്കൂ എന്നായി മന്ത്രി. 1,000 വീടുകളുടെയും പട്ടിക നൽകാമെന്നും കോടിയേരി ബാലകൃഷ്ണൻ 2018ൽ പ്രഖ്യാപിച്ച 2,000 വീടുകൾ എന്തായെന്നു മന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തിരിച്ചടിച്ചു. പോരാളി ഷാജിയെ പോലെ മന്ത്രി രാജേഷ് തരംതാണെന്നു പറയുന്നില്ല. കണക്ക് വച്ചാണ് ഞങ്ങൾ മറുപടി പറയുന്നത്. ലൈഫ് മിഷൻ സംബന്ധിച്ച് കണക്കുകൾ വച്ചാണ് മന്ത്രിയും മറുപടി പറയേണ്ടതെന്നും വി.ഡി.സതീശൻ പറഞ്ഞു.

ലൈഫ് എന്നാൽ ജീവിതമെന്നാണ് അർഥമെങ്കിലും കഴിഞ്ഞ 5 വർഷം സർക്കാർ കാട്ടിയ മെല്ലെപ്പോക്കു കാരണം ഇപ്പോൾ കാത്തിരിപ്പ് എന്നായി അർ‌ഥമെന്ന് അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച ലീഗ് അംഗം പി.കെ.ബഷീർ പരിഹസിച്ചു. മുൻ സർക്കാരിന്റെ കാലത്ത് നിർമാണം അവസാന ഘട്ടത്തിലെത്തിയ 52,455 വീടുകൾ പൂർത്തീകരിച്ച് അതിന്റെ ക്രെഡിറ്റ് കൂടി ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ പുതിയ കണക്ക് അവതരിപ്പിക്കുന്നതെന്നു ബഷീർ കുറ്റപ്പെടുത്തി. സർക്കാർ ലൈഫ് മിഷൻ പദ്ധതിയിൽ അമാന്തം കാട്ടിയപ്പോൾ നാട്ടുകാരിൽ പലരും സ്ഥലവും വീടും കൊടുത്തു. അതെല്ലാം സർക്കാരിന്റെ സ്വന്തം ചെലവിൽ മന്ത്രി ചേർത്ത് അവകാശവാദം ഉന്നയിക്കുകയാണ്. ഭവന നിർമാണം കൃത്യമായി നടത്തിയിരുന്ന തദ്ദേശ സ്ഥാപനങ്ങൾക്കു ചുമതല തിരികെ നൽകണമെന്നും ബഷീർ ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണെന്നും 2,62,131 പേരാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ലൈഫ് പദ്ധതിയിൽ വീട് സ്വന്തമാക്കിയതെന്നും മന്ത്രി എം.ബി.രാജേഷ് മറുപടി നൽകി. പ്രളയവും കോവിഡും കാരണം 3 വർഷത്തോളമുണ്ടായ സ്തംഭനാവസ്ഥ 5 ലക്ഷം വീട് എന്ന നേട്ടം കൈവരിക്കുന്നതിനു തടസ്സമായി. ലൈഫ് പദ്ധതി 3 വർഷം പിന്നിട്ടപ്പോൾ നേരത്തെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകണമെന്ന് പ്രതിപക്ഷത്ത് ഇരിക്കുന്നവർ ഉൾപ്പെടെയുള്ള എംഎൽഎമാർ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2020ൽ പുതിയ അപേക്ഷ വിളിച്ചത്. ഇതിനെ വീട് നൽകാതെ വീണ്ടും അപേക്ഷ ക്ഷണിച്ചെന്നു കുറ്റപ്പെടുത്തരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

നേരത്തെ ഒരു ഭവന നിർമാണ പദ്ധതിയും ഇല്ലായിരുന്നെന്ന തരത്തിലാണ് സർക്കാർ ലൈഫ് മിഷൻ പദ്ധതിയെ കൊട്ടിഘോഷിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാക്കൗട്ട് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ലൈഫ് പദ്ധതി വഴി പൂർത്തിയാക്കിയ വീടുകളുടെ എണ്ണം 2,79,000 ആണെന്നാണ് 2022 സെപ്റ്റംബർ 9ന് നിയമസഭയിൽ നൽകിയ മറുപടി. ഇപ്പോഴത് 3 ലക്ഷമായെന്നു പറയുന്നു. മുൻ സർക്കാരിന്റെ കാലത്ത് പണി പൂർത്തിയാക്കാതിരുന്ന 52000 വീടുകളും 5 വർഷത്തെ കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് വർഷം കൊണ്ട് നിർമിച്ചത് രണ്ടര ലക്ഷം വീടുകൾ മാത്രമാണെന്നും സതീശൻ പറഞ്ഞു.

English Summary: Debate on Life Mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com