ADVERTISEMENT

ന്യൂഡൽഹി ∙ കേസന്വേഷണത്തിന്റെ ഭാഗമായി കന്യകാത്വ പരിശോധന നടത്തുന്നതു ഭരണഘടനാവിരുദ്ധമാണെന്നു ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. അഭയ കേസിൽ സിബിഐ കന്യകാത്വ പരിശോധനയ്ക്കു വിധേയയാക്കിയതു ചോദ്യംചെയ്തു സിസ്റ്റർ സെഫി നൽകിയ ഹർജിയിലാണു ജസ്റ്റിസ് സ്വർണ കാന്ത ശർമയുടെ ഉത്തരവ്.

ജുഡീഷ്യൽ കസ്റ്റഡിയിലോ  പൊലീസ് കസ്റ്റഡിയിലോ ആയിക്കൊള്ളട്ടെ, ഭരണഘടനയുടെ 21–ാം അനുഛേദത്തിന്റെ ലംഘനമാണിതെന്നും കോടതി വ്യക്തമാക്കി. ക്രിമിനൽ കേസിൽ നടപടി പൂർത്തിയായ ശേഷം സിബിഐയ്ക്കെതിരെ മാനനഷ്ടത്തിനും മനുഷ്യാവകാശലംഘത്തിനും കേസ് നൽകാൻ സിസ്റ്റർ സെഫിക്ക് അവകാശമുണ്ടെന്നും വിധിയിൽ പറയുന്നു. 

സിബിഐ നടപടി ചോദ്യം ചെയ്തു 2009ൽ നൽകിയ ഹർജിയിലാണു 14 വർഷത്തിനു ശേഷം അനുകൂലവിധി. കന്യകാത്വ പരിശോധന അശാസ്ത്രീയവും പ്രാചീനവുമാണെന്നു വിലയിരുത്തിയ കോടതി, ആധുനിക ശാസ്ത്രവും മെഡിക്കൽ ചട്ടങ്ങളും സ്ത്രീകളിൽ ഇത്തരം പരിശോധന നടത്തുന്നത് അംഗീകരിച്ചിട്ടില്ലെന്നും വ്യക്തമാക്കി. പൗരന്റെ സ്വകാര്യതയും അന്തസ്സും ലംഘിക്കുന്നതാണു കന്യകാത്വ പരിശോധനയെന്നും  ഉത്തരവിൽ പറയുന്നു. 

ഹർജി ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചതിനെതിരെയുള്ള സിബിഐയുടെയും കേന്ദ്രസർക്കാരിന്റെയും വാദങ്ങളും കോടതി തള്ളി. പരിശോധനയ്ക്കെതിരെ നൽകിയ പരാതി നേരത്തെ മനുഷ്യാവകാശ കമ്മിഷൻ തള്ളിയിരുന്നു. ഇതിനു ശേഷമാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. സിസ്റ്റർ സെഫിക്കു വേണ്ടി അഭിഭാഷകരായ റോമി ചാക്കോ, വി.എസ്.റോബിൻ എന്നിവരാണു ഹാജരായത്. അഭയ കേസിൽ സിസ്റ്റർ സെഫി കുറ്റക്കാരിയാണെന്നു 2020 ൽ സിബിഐ കോടതി വിധിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.

English Summary: Delhi high court orders vagina test is unconstitutional

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com