കേന്ദ്രമല്ല, ധനമന്ത്രിയെ സെസിൽ കുരുക്കിയത് കിഫ്ബിയെന്ന് കെ.പി.എ.മജീദ് - നടുത്തളം

Kerala-Legislative-Assembly
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ
SHARE

നടൻ കൂടിയായ മുകേഷ് സഭയിൽ ‘സ്ക്രീൻ റവല്യുഷൻ’ എന്നു പറയുമ്പോൾ വെള്ളിത്തിരയിലെ വിപ്ലവമാണു വിഷയം എന്നേ ആരും കരുതൂ. സംഗതി അതല്ല. അഹമ്മദാബാദിലൂടെ യുഎസ് പ്രസിഡന്റ് പോയപ്പോൾ റോഡരികിലെ ചേരികൾ മറയ്ക്കാൻ സ്ക്രീൻ ഉയർത്തിയതിനു  മുകേഷിട്ട പേരാണ്. ഇതെല്ലാം ചെയ്യുന്ന കേന്ദ്രത്തിനെതിരെ മറ്റൊരു ‘സ്ക്രീൻ റവല്യുഷൻ’ സംഭവിക്കുകയാണെന്നു പിന്നാലെ അദ്ദേഹം അറിയിച്ചു. തകർത്തോടുന്ന ഷാരൂഖ് ഖാന്റെ ‘പത്താൻ’ സിനിമയാണത്. ആ സിനിമയെ ചൊറിയാൻ നോക്കിയ സംഘ് പരിവാറിനു ജനങ്ങൾ നൽകിയ തിരിച്ചടിയായി മുകേഷ് അതിനെ കാണുന്നു. ഇന്ധന സെസ്  വകവയ്ക്കാതെ തിയറ്ററിലേക്ക് ഓടി സിനിമ വിജയിപ്പിക്കണമെന്നു കൂടി മുകേഷ് പറഞ്ഞില്ല.

സെസ് വിമർശനവും ന്യായീകരണവും തന്നെയായിരുന്നു  ബജറ്റ് ചർച്ചയുടെ രണ്ടാംദിനം. സെസിനെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷത്തോടു ദൈവം പൊറുക്കില്ലെന്നു തോമസ് കെ.തോമസിന് ഉറപ്പുണ്ട്. പിണറായി വിജയനും കെ. എ‍ൻ. ബാലഗോപാലിനും ജനങ്ങളെ സേവിക്കാൻ  കഴിവുനൽകുന്നതു  ദൈവമായതു കൊണ്ട് ആ ദൈവത്തിനു നിരക്കാത്ത പണി പ്രതിപക്ഷം ചെയ്യരുത്! 

സിൽവർലൈനിനെ പറ്റി ഒരക്ഷരം പോലും മിണ്ടാത്ത ബജറ്റ്,  മഞ്ചേശ്വരം എംഎൽഎ എ.കെ.എം.അഷ്റഫിന് തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി ബജറ്റാണ്. കണ്ണൂരിന് അപ്പുറത്തേക്കു ബജറ്റ് പോയിട്ടില്ല. കാസർകോട് കേരളത്തിന്റെ ഭൂപടത്തിൽ ഇല്ലേ? വൈകാരികമായി അഷ്റഫ് ചോദ്യം ഉന്നയിച്ചു. അതേ ജില്ലയിൽ നിന്നുള്ള സിപിഎം എംഎൽഎ എം.രാജഗോപാലൻ  ക്രമപ്രശ്നവുമായി എഴുന്നേറ്റു. കാസർകോടിനെ അവഗണിച്ചെന്ന ആക്ഷേപത്തെ എതിർക്കുകയല്ലായിരുന്നു ഉദ്ദേശ്യം. 

മുൻ എംപി കെ.രാമണ്ണറൈക്കെതിരെ സിപിഎം എടുത്ത അച്ചടക്ക നടപടിയെക്കുറിച്ച് അഷ്റഫ് നടത്തിയ പരാമർശം വസ്തുതയല്ലെന്നായിരുന്നു രാജഗോപാലന്റെ പോയിന്റ്. കേന്ദ്രമല്ല, തോമസ് ഐസക്കിന്റെ കിഫ്ബിയാണ് കെ.എൻ.ബാലഗോപാലിനെ ഈ കെണിയിൽ പെടുത്തിയതെന്ന അഭിപ്രായം കെ.പി.എ.മജീദിനുണ്ട്. അന്നത്തെ പ്രതിപക്ഷത്തിന്റെ തലയിലിരിക്കുമെന്നു കരുതി ഐസക് നടത്തിയ വളയമില്ലാച്ചാട്ടം വരുത്തിയ വിനയാണിതെന്നു ചൂണ്ടിക്കാട്ടി എ.പി.അനിൽകുമാറും അതു ശരിവച്ചു.

ബാലഗോപാൽ ബജറ്റിൽ പറഞ്ഞതെല്ലാം അതേപടി വിഴുങ്ങാൻ കെ.ടി.ജലീലിനെ കിട്ടില്ല. സാമൂഹിക ക്ഷേമ പെൻഷനു വേണ്ടിയാണു സെസ് എന്നു  ബജറ്റിൽ എഴുതിവച്ചിട്ടുണ്ടെങ്കിലും ജലീലിന് ആ  സെസ് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനു വേണ്ടിയാണ്. അപ്പോൾ സാമൂഹിക പെൻഷൻ? അത് ഭൂമിയുടെ ന്യായവില വർധനയിലൂടെ ‘ജലീൽ കണ്ടെത്തും’. ഉമ്മൻചാണ്ടി സർക്കാർ ‘രണ്ടര വർഷം’ പെൻഷൻ മുടക്കിയെന്ന ആക്ഷേപം പി.സി. വിഷ്ണുനാഥ് എതിർത്തതോടെ തൊട്ടടുത്ത സെക്കൻഡിൽ ‘ഒന്നര വർഷ’മായി ജലീൽ കുറച്ചു.  പ്രസംഗം പ്രതിപക്ഷം ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ വേണ്ടിയുള്ള ജലീലിന്റെ ടെസ്റ്റ് ഡോസ് ആയിരുന്നത്രെ ആ പിശക്!

ബജറ്റ് ചർച്ചയ്ക്കുള്ള ധനമന്ത്രിയുടെ  മറുപടി പ്രസംഗത്തിൽ സെസ് കുറയ്ക്കുമോ എന്നതാണ് സഭയെ  പൊതിഞ്ഞു നിന്ന ചോദ്യം. സെസിനെ പ്രതിരോധിക്കാനും കേന്ദ്രത്തിനും മുൻ യുഡിഎഫ് സർക്കാരിനും എതിരെ അമ്പെയ്യാനും കാട്ടുന്ന വ്യഗ്രത സർക്കാർ പിന്നോട്ടില്ലെന്ന സൂചനയാണു നൽകുന്നത്. 

ഇന്നത്തെ വാചകം

‘പ്രതിപക്ഷം ആരോപിക്കുന്നതു പോലെ ഈ ബജറ്റ് ഇടി വെട്ടേറ്റവർക്കുള്ള പാമ്പുകടിയല്ല. കേന്ദ്രത്തിന്റെ ഒരു കടിയും മലയാളികളെ എൽക്കില്ലെന്ന പ്രഖ്യാപനമാണ്.’ – കെ.വി.സുമേഷ്

Content Highlights: Kerala Assembly, Naduthalam, Government of Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS