ADVERTISEMENT

ഒന്നേകാൽ മണിക്കൂർ നീണ്ട പ്രസംഗത്തിൽ ഇഎംഎസ് മുതൽ മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് വരെ ഉള്ളവരെ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ധരിച്ചു. സ്വന്തം ബജറ്റിലെ  നികുതി നിർദേശങ്ങളിൽ എന്തെങ്കിലും വീണ്ടുവിചാരം അദ്ദേഹത്തിനുണ്ടാകുമോ എന്നായിരുന്നു കേരളം കാത്തിരുന്നത്. 

പുനഃപരിശോധന അക്കാര്യത്തിൽ വേണ്ടെന്ന സിപിഎമ്മിന്റെ തീരുമാനം സഭയിൽ മന്ത്രി വ്യക്തമാക്കി. ഇന്ധന സെസ് ഏർപ്പെടുത്തിയതല്ല,  ഒരു രൂപയായി കുറച്ചേക്കുമെന്നു മാധ്യമങ്ങൾ പ്രവചിച്ചതിലാണു മന്ത്രിക്കു കുഴപ്പം തോന്നിയത്. അതു വിശ്വസിച്ചാണത്രെ  പ്രതിപക്ഷം സമരത്തിനിറങ്ങിയത്. ഇന്ധന വിലയ്ക്കെതിരെ  ഇതുവരെ സമരം ചെയ്യാത്ത  പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമാണോ ബാലഗോപാൽ എന്നുപോലും തോന്നിപ്പോകും. ബജറ്റിനെ മോശമായി ചിത്രീകരിക്കുന്നതിൽ അദ്ദേഹത്തിന് രോഷമുണ്ട്. 

22 വർഷമായി  27 ബജറ്റുകൾക്കു സാക്ഷിയാണെന്നു സ്വയം വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഏറ്റവും ജനവിരുദ്ധവും ദിശാബോധം ഇല്ലാത്തതുമായ ബജറ്റായാണു  തോന്നിയത്. മുമ്പുള്ളവരുടെ ബജറ്റുകളെക്കുറിച്ചും അന്നത്തെ പ്രതിപക്ഷം ഇതേ കുറ്റപ്പെടുത്തൽ നടത്തിയിട്ടുണ്ടെന്നു മന്ത്രി. നികുതി വെട്ടിച്ചു  സ്വർണക്കച്ചവടം വ്യാപകമാണെന്നും ബാറുകളിലെ നികുതി പിരിവിൽ വീഴ്ചയുണ്ടെന്നുമുള്ള  പ്രതിപക്ഷ നേതാവിന്റെ വിമർശനത്തെ മന്ത്രി തള്ളിയില്ല. നികുതി പിരിക്കാൻ ഏതു മാർഗവും നോക്കുമെന്നു മന്ത്രി പറഞ്ഞു.  മറുപടി പൂർണമാകും മുൻപേ തന്നെ സതീശൻ പ്രതിപക്ഷ ബഹിഷ്കരണം പ്രഖ്യാപിച്ചു.

ഇളവൊന്നുമില്ലെന്നു സൂചന കിട്ടിയതു കൊണ്ടു  മൂന്നാം ദിവസവും ബജറ്റിനെ ന്യായീകരിക്കാൻ ഭരണപക്ഷാംഗങ്ങൾ മത്സരമായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താൻ ചിലപ്പോൾ സിസേറിയൻ വേണ്ടി വരുമെന്ന് ഇ.ടി.ടൈസൺ ന്യായീകരിച്ചു. പ്രമോദ് നാരായണനു കിട്ടിയ മൂന്നു മിനിറ്റിൽ സ്പീക്കർ ഇടപെട്ടു. ചെറിയ പ്രസംഗത്തെ സന്തുഷ്ട പ്രസംഗമാക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർഥന. പ്രതിബിംബത്തിനു പകരം മനോബിംബം കാട്ടുന്ന മഹാഭാരതത്തിലെ ഛായാമുഖി കണ്ണാടി വച്ചുകൊടുത്താൽ പ്രതിപക്ഷം രാഹുൽ ഗാന്ധിക്കു പകരം നരേന്ദ്രമോദിയെ കാണുമെന്ന് എ.പ്രഭാകരനു തീർച്ചയാണ്.

4 എംഎൽഎമാർ നടത്തുന്നതു നിരാഹര സമരമല്ലെങ്കിലും അവരുടെ ‘ജീവൻ അപകടത്തിലാണ്’ എന്ന് എം.കെ.മുനീർ പറഞ്ഞതു കേട്ടു പ്രതിപക്ഷാംഗങ്ങൾ പോലും ചിരിച്ചു പോയി. ‘രണ്ടെണ്ണം അടിക്കുന്നവരെ  ആർക്കും ഇനി വിലക്കാൻ കഴിയില്ല. സാമൂഹിക സുരക്ഷാ പെൻഷൻ നൽകാൻ വേണ്ടി കുടിച്ചു കൊണ്ടേ ഇരിക്കുകയാണെന്നു പറഞ്ഞാൽ  എന്തു ചെയ്യാൻ!’ എന്നു മുനീർ പറഞ്ഞപ്പോൾ ധനമന്ത്രിയും ചിരിച്ചു.  ‘ചേച്ചി, നിങ്ങൾക്കെല്ലാം സുഖമല്ലേ, ഞങ്ങൾ തെണ്ടികൾ അല്ലേ’ എന്ന ഉമ തോമസിന്റെ വാക്കുകൾ അമ്പരപ്പു പടർത്തി.  ഇന്ധന വില വർധനയ്ക്കെതിരെ വൈറ്റിലയിലെ  വോട്ടറായ ഓട്ടോ റിക്ഷ ഡ്രൈവറുടെ രോഷമാണു ഉമ വിവരിച്ചത്.

കേന്ദ്ര ബജറ്റിനെ വിമർശിച്ചില്ലെന്ന മന്ത്രി എം.ബി.രാജേഷിന്റെ ആരോപണം പ്രതിപക്ഷ നേതാവിനെ രോഷാകുലനാക്കി. ജോഡോ യാത്രയ്ക്കു ശ്രീനഗറിലായിട്ടും  തന്റെ  പ്രതികരണം തൊട്ടടുത്ത ദിവസം പത്രങ്ങളിൽ വന്നിരുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പീക്കറായിരുന്ന രാജേഷ് മുകളിലെ അധ്യക്ഷ പീഠത്തിൽ നിന്നു താഴേക്കു വന്നപ്പോൾ അതിലും തറയാകരുതെന്ന സതീശന്റെ കമന്റിനോടുള്ള  ശക്തമായ പ്രതിഷേധം മന്ത്രി അറിയിച്ചു.  വൈകാതെ സതീശൻ ഖേദവും പറഞ്ഞു.  ഇക്കഴിഞ്ഞ ദിവസങ്ങളിൽ സഭ കണ്ട ഏക ഭരണ–പ്രതിപക്ഷ ഒത്തുതീർപ്പ്. 

ഇന്നത്തെ വാചകം

ബ്രിട്ടനിൽ മൂന്നു പ്രധാനമന്ത്രിമാർ അടിക്കടി മാറിയതിനെക്കുറിച്ചു ബജറ്റിൽ ബാലഗോപാൽ എഴുതിവച്ചതു സാമ്പത്തികമായി ഇത്രയും കേരളം നശിപ്പിച്ചിട്ടും പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരുന്ന കാര്യം ഓർമിപ്പിക്കാൻ വേണ്ടിയാണ്.

എം.കെ.മുനീർ

English Summary: Kerala assembly session debates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com