ADVERTISEMENT

കുറവിലങ്ങാട് ∙ കുടുംബവഴക്കിനിടെ അച്ഛൻ കൊല്ലപ്പെട്ടു; മകൻ അറസ്റ്റിൽ. തോട്ടുവാ നസ്രത്ത്ഹിൽ കുളത്തുങ്കൽ തോരണത്തുമലയിൽ ടി.യു.ജോസഫ് (68) ആണ് കൊല്ലപ്പെട്ടത്. മകൻ ജോൺ പോൾ ജോസഫിനെ (ബോബൻ –38) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി പത്തരയോടെ നടന്ന സംഭവം ഇന്നലെ രാവിലെയാണു പുറത്തറിഞ്ഞത്. മദ്യലഹരിയിൽ ജോൺ പോൾ, പിതാവിനെ വടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

നസ്രത്ത്ഹിൽ ഭാഗത്തെ വീട്ടിൽ ജോസഫും മകൻ ജോൺ പോളും മാത്രമാണു താമസിച്ചിരുന്നത്. ഇന്നലെ രാവിലെ എട്ടരയോടെയാണു ജോസഫിന്റെ മൃതദേഹം വീട്ടുമുറ്റത്തു കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്ന അച്ഛനും മകനും തമ്മിൽ തിങ്കളാഴ്ച രാത്രി പത്തേമുക്കാലോടെ വാക്കേറ്റവും സംഘർഷവും ഉണ്ടായെന്നും വടി ഉപയോഗിച്ചു മകൻ ജോസഫിനെ അടിച്ചെന്നും പൊലീസ് പറയുന്നു. ഇന്നലെ രാവിലെ മകൻ തന്നെയാണു പിതാവ് വീട്ടുമുറ്റത്തു വീണു കിടക്കുന്നതായി അയൽവാസികളെ അറിയിച്ചത്. ജോൺ പോളിനെ കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്തപ്പോഴാണു കൊലപാതകമാണെന്നു വ്യക്തമായത്.

പിതാവ് തന്നെ വടി ഉപയോഗിച്ച് അടിക്കാൻ ശ്രമിച്ചപ്പോൾ വടി പിടിച്ചുവാങ്ങി പിതാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നു ജോൺ പോൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. അച്ഛനും മകനും തമ്മിൽ വാക്കേറ്റവും വഴക്കും പതിവാണെന്ന് അയൽവാസികൾ പറഞ്ഞു. കർഷകനാണു ജോസഫ്. പ്രതി ജോൺ പോൾ നഴ്സായി ജോലി ചെയ്തതിനു ശേഷം ഇപ്പോൾ വീടുകളിൽ ഹോം നഴ്സായി ജോലിക്കു പോവുകയാണ്.

വൈക്കം എഎസ്പി നകുൽ രാജേന്ദ്ര ദേശ്മുഖ്, കുറവിലങ്ങാട് എസ്എച്ച്ഒ നിർമൽ ബോസ്, എസ്ഐ വി.വിദ്യ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ജോസഫിന്റെ ഭാര്യ എൽസമ്മ രോഗബാധിതയായി ആർപ്പൂക്കരയിലെ സ്വന്തം വീട്ടിലാണ്. മറ്റു മക്കൾ: കുര്യൻ, എലിസബത്ത്  (നഴ്സ്, മാൾട്ട).

English Summary : Son arrested into Joseph murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com