ADVERTISEMENT

തിരുവനന്തപുരം ∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്നു സൗദിയിലെ ദമാമിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് (ഐഎക്സ് 385) വിമാനം റൺവേയിൽ ഇടിച്ച സംഭവത്തിൽ എയർ ഇന്ത്യ അന്വേഷണം തുടങ്ങി. എയർ ഇന്ത്യയുടെ ആഭ്യന്തര സമിതിയാണ് അന്വേഷണം നടത്തുന്നത്. അപകടത്തിന്റെ കാരണം, പൈലറ്റിന്റെ ഭാഗത്തു വീഴ്ചയുണ്ടായോ തുടങ്ങിയ വിവരങ്ങൾ അന്വേഷിച്ച ശേഷം റിപ്പോർട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനു (ഡിജിസിഎ) കൈമാറും.

പൈലറ്റ്, കാബിൻ ക്രൂ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തും. കോഴിക്കോട് വിമാനത്താവളവും അന്വേഷണ സംഘം സന്ദർശിക്കും. രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണു നിർദേശം. അപകടമുണ്ടായപ്പോൾ വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റിനെ അന്വേഷണത്തിന്റെ ഭാഗമായി ജോലിയിൽനിന്നു മാറ്റി നിർത്തിയിട്ടുണ്ട്. പൈലറ്റിനു വീഴ്ചയുണ്ടായോ എന്നു പരിശോധിച്ച ശേഷം തുടർ നടപടിയെടുക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

അല്ല അത് എമർജൻസി ലാൻഡിങ് അല്ല 

കോഴിക്കോട്ടു നിന്നു സൗദിയിലെ ദമാമിലേക്കു പറന്നുയർന്ന വിമാനത്തിന്റെ വാൽ ഭാഗം റൺവേയിൽ ഇടിച്ചതിനെത്തുടർന്ന് തിരുവനന്തപുരത്തു തിരിച്ചിറക്കിയത് കഴിഞ്ഞ ദിവസമാണ്. ഈ സംഭവം ഏറെ ആശയക്കുഴപ്പങ്ങൾക്കും സംശയങ്ങൾക്കും ഇടയാക്കി. 

air-india-express-tvm-1
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നു.

വിമാനത്തിന് സംഭവിച്ചത് എന്താണ്

വിമാനം പറന്നുയരാൻ തുടങ്ങുമ്പോൾ വാൽ ഭാഗത്തുള്ള ‘ടെയിൽ സ്കിഡ്’ എന്ന ഭാഗം റൺവേയിൽ മുട്ടുകയാണ് സാധാരണ സംഭവിക്കുക. ടെയിൽ സ്കിഡിൽ വാഹനങ്ങളിലേതു പോലെ ഷോക്ക് അബ്സോർബർ ‘കാട്രിജ്’ ഉണ്ടാകും. കോഴിക്കോട് സംഭവത്തിൽ കാട്രിജ് നിലത്തിടിച്ച് വിമാനത്തിനുള്ള‍ിലേക്കു തള്ളിക്കയറുകയും ഇതിലുള്ള സെൻസറിൽ നിന്നു പൈലറ്റിന് വിവരം ലഭിക്കുകയും ചെയ്തു. അങ്ങനെയാണു ലാൻഡിങ്ങിന് അനുമതി ചോദിച്ചത്. അവിടെയുള്ള എയർ ഇന്ത്യയുടെ ഹാങ്ങറിൽ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു. 

എമർജൻസി ലാൻഡിങ്ങോ

കോഴിക്കോട്– ദമാം എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്ത് ഇറക്കിയത് എമർജൻസി ലാൻഡിങ് അല്ലെന്നാണു വ്യോമയാന വിദഗ്ധർ പറയുന്നത്. വിമാനം പറന്നുയർന്ന ശേഷം പെട്ടെന്നു തിരിച്ചറിയുന്ന എന്തെങ്കിലും സാങ്കേതിക തകരാർ കാരണം ഉടൻ ലാൻഡിങ് നടത്തേണ്ടി വരുമ്പോഴാണ് എമർജൻസി ലാൻഡിങ് എന്നു പറയുന്നത്. വിമാനം റൺവേയിൽ ഇറക്കുന്നതിനു മുൻപ് ഇന്ധനം ഉപയോഗിച്ചു തീർക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ തകരാർ സാരമാണെങ്കിലും അതീവ ഗുരുതരമല്ല. ഗുരുതരമായ പ്രശ്നമാണെങ്കിൽ ഇന്ധനം ശേഷിച്ചിട്ടുണ്ടെങ്കിലും എത്രയും വേഗം റൺവേയിൽ ലാൻഡ് ചെയ്യ‍ാനാണു നിർദേശം നൽകുക, അത് വളരെ അപകടകരവുമാണ്. 

ഇന്ധനം കടലിൽ ഒഴുക്കിയോ

എയർ ഇന്ത്യ എക്സ്പ്രസ് കടലിനു മുകളിൽ വട്ടമിട്ടു പറക്കുന്നതിനിടയിൽ ഇന്ധനം കടലിൽ ഒഴുക്കിയെന്ന വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ, 8– 10 മണിക്കൂറിലധികം തുടർച്ചയായി പറക്കുന്ന, വലിയ വിമാനങ്ങളിൽ മാത്രമേ ചിറകിനോടു ചേർന്ന് ഇന്ധനം ചോർത്തിക്കളയാൻ നോസിൽ ഉണ്ടാകൂ. മിനിറ്റുകൾക്കുള്ളിൽ ടൺ കണക്കിന് ഇന്ധനം പുറത്തു കളയാൻ ഇത‍ിലൂടെ സാധിക്കും. ബോയിങ് 737–800 വിമാനത്തിൽ ഈ സംവിധാനമില്ല. എന്തെങ്കിലും ചെറിയ തകരാർ കണ്ടെത്തിയാൽ വിമാനത്തിലെ ഇന്ധന ശേഖരം പരമാവധി ഉപയോഗിച്ചു തീർക്കാൻ പ്രധാന പാതവിട്ട് വ്യോമാതിർത്തിക്കുള്ളിൽ തന്നെ സുരക്ഷിതമായ പ്രദേശത്തു വട്ടമിട്ടു പറക്കുകയാണു പതിവ്. അടുത്ത് സമുദ്ര മേഖലയുണ്ടെങ്കിൽ സുരക്ഷിതമായി പറപ്പിക്കാൻ ആ പ്രദേശം തിരഞ്ഞെടുക്കും. അതാണ് തിരുവനന്തപുരത്തു സംഭവിച്ചത്. 

ഇന്ധനം ഉപയോഗിച്ച് തീർത്തത് എന്തിന്

വിമാനങ്ങൾക്ക് പറന്നുയരുമ്പോഴുള്ള അനുവദനീയമായ പരമാവധി ഭാരവും (മാക്സിമം ടേക്ക് ഓഫ് വെയിറ്റ് – എംടിഒഡബ്ല്യു) ലാൻഡിങ് നടത്തുമ്പോഴുള്ള അനുവദന‍ീയമായ പരമാവധി ഭാരവും (മാക്സിമം ലാൻഡിങ് വെയിറ്റ് – എംഎൽഡബ്ല്യു) ഉണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് ഉപയോഗിക്കുന്ന ബോയിങ് 737– 800 വിമാനത്തിന് എംടിഒഡബ്ല്യു 79 ടണ്ണും എംഎൽഡബ്ല്യു 66 ടണ്ണും ആണ്. അതായത് വിമാനം ലാൻഡിങ് നടത്തുമ്പോൾ ഭാരം ഏകദേശം 66 ടൺ ആയി കുറയണം. അതിനു പ്രധാന മാർഗം വിമാനത്തിലെ ഇന്ധന ശേഖരത്തിന്റെ അളവ് കുറയ്ക്കലാണ്. ഇന്നലെ 6000 അടി ഉയരത്തിൽ രണ്ടര മണിക്കൂറോളം വിമാനം വട്ടമിട്ടു പറന്നപ്പോൾ 8 ടൺ ഭാരം കുറഞ്ഞുവെന്നാണ് കണക്കാക്കുന്നത്. 

English Summary : Investigation started on Air India Express landing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com