ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കുടുംബശ്രീ നടത്തുന്ന 1116 ജനകീയ ഹോട്ടലുകൾക്കു സബ്സിഡി ഇനത്തിൽ സർക്കാർ കൊടുക്കാനുള്ള കുടിശിക 30 കോടി രൂപ. എറണാകുളം പോലുള്ള ജില്ലകളിൽ കഴിഞ്ഞവർഷം ഏപ്രിൽ മുതലുള്ള തുക കുടിശികയാണ്.

20 രൂപയ്ക്ക് ഊണും 25 രൂപയ്ക്ക് ഊണ് പാഴ്സലായും നൽകുന്ന ജനകീയ ഹോട്ടലുകൾക്കു 10 രൂപ വീതമാണ് സർക്കാർ സബ്സിഡി. ഈ ഹോട്ടലുകളെല്ലാം കൂടി ദിവസം 2 ലക്ഷത്തോളം ഊണു വിളമ്പുന്നു. എന്നാൽ, ലക്ഷങ്ങളുടെ സബ്സിഡി കുടിശികയായതോടെ മിക്കതിന്റെയും ദൈനംദിന നടത്തിപ്പ് പ്രതിസന്ധിയിലായി. അവശ്യസാധന വിലവർധന മൂലം വലഞ്ഞിരിക്കുമ്പോഴാണ് പാചകവാതക വില കേന്ദ്ര സർക്കാരും വൈദ്യുതി, വെള്ളം നിരക്കുകൾ സംസ്ഥാന സർക്കാരും കൂട്ടിയത്. കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ സപ്ലൈകോ അരി നൽകും. ഹോട്ടലുകളുടെ കണക്ക് കുടുംബശ്രീയുടെ ജില്ലാ, സംസ്ഥാന മിഷനുകൾ പരിശോധിച്ച് സർക്കാരിനു സമർപ്പിക്കുകയും തുടർന്നു ധനവകുപ്പ് തുക അനുവദിക്കുകയുമാണു ചെയ്യുക.

അതേസമയം, ഭക്ഷ്യപൊതുവിതരണ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹായത്തോടെ നടത്തുന്ന 50 സുഭിക്ഷ ഹോട്ടലുകൾക്കു കാര്യമായ കുടിശികയില്ല. ഇവിടെ 20 രൂപയുടെ ഊണിന് 5 രൂപയാണ് സബ്സിഡി. ഹോട്ടലുകൾ ആരംഭിക്കുന്നതിനുള്ള പ്രാരംഭ ചെലവായി 10 ലക്ഷം രൂപ നൽകും. വൈദ്യുതി– വാട്ടർ ചാർജ്, കെട്ടിടവാടക, മാലിന്യനിർമാർജന ചെലവുകൾ എന്നിവയും അനുവദിക്കും.

ഇരുപതോളം ഹോട്ടലുകൾ പൂട്ടി

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിലായി ഇരുപതോളം ഹോട്ടലുകൾ പൂട്ടി. വൈദ്യുതി, വാടക ചെലവുകൾ നൽകാൻ ചില തദ്ദേശ സ്ഥാപനങ്ങൾ മടി കാട്ടുന്നതും ജനകീയ ഹോട്ടലുകൾക്കു വെല്ലുവിളിയാണ്. ഇതിനുപുറമേയാണ് ലക്ഷങ്ങളുടെ സബ്സിഡി കുടിശിക. ഗുരുവായൂരിൽ 12 ലക്ഷം രൂപയും പെരുമ്പാവൂരിലും പാലക്കാട്ടും 8 ലക്ഷം രൂപ വീതവും കിട്ടാനുള്ള ഹോട്ടലുകളുണ്ട്.

English Summary: 30 crore pending to give Kudumbashree hotels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com