ഫാത്തിമ പ്രസിൽ വിരിഞ്ഞ വിജയവീര്യം

fathima-press
മഞ്ചേരി ഫാത്തിമ പ്രസിന്റെ ഉൾഭാഗം (ഫയൽ ചിത്രം)
SHARE

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ലീഗിന്റെ പൊന്നാപുരം കോട്ടയാണു മലപ്പുറം. ഇളകാത്ത ആ കോട്ടയുടെ അടിത്തറ 1950ൽ നടന്ന ഒരു ഉപതിരഞ്ഞെടുപ്പ് ഫലമാണ്. സ്വതന്ത്ര ഇന്ത്യയിൽ, കേരള മണ്ണിൽ ലീഗ് നേടിയ ആദ്യത്തെ തിരഞ്ഞെടുപ്പ് വിജയം. മഞ്ചേരിയിൽ മുസ്‌ലിം ലീഗിന്റെ മുഖവും കരുത്തുമായിരുന്ന എം.പി.എം.ഹസൻ കുട്ടി കുരിക്കളാണു കഥയിലെ നായകൻ. മഞ്ചേരിയിലെ ഫാത്തിമ പ്രസും ഡെക്കാൻ ഹെറാൾഡ് പത്രത്തിൽ വന്ന പരസ്യവുമെല്ലാം അതിലെ ഉപനായകരാണ്.

1946ൽ മദിരാശി നിയമസഭയിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ മലപ്പുറം ദ്വയാംഗ മണ്ഡലത്തിൽനിന്ന് ലീഗിന്റെ കെ.എം.സീതി സാഹിബും കൊയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജിയും തിരഞ്ഞെടുക്കപ്പെട്ടു. 1948ൽ അഹമ്മദ്കുട്ടി ഹാജി അന്തരിച്ചു. 1950ൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴേക്കും രാഷ്ട്രീയ രംഗം കീഴ്മേൽ മറിഞ്ഞിരുന്നു. ഹൈദരാബാദ് നാട്ടുരാജ്യത്തെ ഇന്ത്യൻ യൂണിയനോടു ചേർക്കുന്നതിനുള്ള ഹൈദരാബാദ് ആക്‌ഷന്റെ ഭാഗമായി മുസ്‌ലിം ലീഗ് നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. ലീഗ് ടിക്കറ്റിൽ മത്സരിക്കാൻ ആളെ കിട്ടാനില്ലാത്ത കാലം.

മലപ്പുറം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ, ലീഗ് ടിക്കറ്റിൽ മത്സരിക്കാൻ ആളെ ത്തേടി മദ്രാസ് ലീഗ് സംസ്ഥാന സെക്രട്ടറി കെ.ടി.എം.അഹമ്മദ് ഇബ്രാഹിം ഡെക്കാൻ ഹെറാൾഡ് പത്രത്തിൽ തുടർച്ചയായി 2 ദിവസം പരസ്യം നൽകി. ആരും മുന്നോട്ടുവന്നില്ല. സ്ഥാനാർഥിയെ കണ്ടെത്താനുള്ള ദൗത്യവുമായി കെ.എം.സീതി സാഹിബും എം.കെ.ഹാജിയും മഞ്ചേരിയിലേക്കു പുറപ്പെട്ടു. മഞ്ചേരിയിൽ അന്നു ലീഗിന്റെ അനൗദ്യോഗിക ആസ്ഥാനമാണ് കോഴിക്കോട് റോഡിലെ ഫാത്തിമ പ്രസ്. എം.പി.എ.ഹസൻകുട്ടി കുരിക്കൾ മകളുടെ ഓർമയ്ക്കായി സ്ഥാപിച്ച പ്രസ്. അവിടെ നേതാക്കൾ ചർച്ച തുടങ്ങി.

ഏറനാടൻ വീര്യം വാക്കിലും നോക്കിലും തുടിച്ചുനിൽക്കുന്ന ഹസൻകുട്ടി കുരിക്കൾ സ്ഥാനാർഥിയാകണമെന്നു  സീതി സാഹിബും എം.കെ.ഹാജിയും നിർദേശിച്ചു. ആദ്യം വിസമ്മതിച്ചെങ്കിലും നിർബന്ധത്തിനു വഴങ്ങി അദ്ദേഹം സമ്മതിച്ചു.ഫലം വന്നപ്പോൾ ലീഗുകാരും എതിരാളികളും ഞെട്ടി. പാലാട്ട് കുഞ്ഞിക്കോയ (കോൺഗ്രസ്)– 214, കെ.എ.ഇബ്രാഹിം (സ്വതന്ത്രൻ)–290, എംപി.എ.ഹസൻകുട്ടി കുരിക്കൾ (മുസ്‌ലിം ലീഗ്)– 7754. ആ തിരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കമുള്ള ഓർമയായിരുന്ന ഫാത്തിമ പ്രസ് 2011ൽ പ്രവർത്തനം നിർത്തി.  

English Summary: Fathima press and Muslim League first election victory in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA