കാരുണ്യം തന്നെ രാഷ്ട്രീയം; ജീവകാരുണ്യ പ്രവർത്തനങ്ങൾ രാഷ്ട്രീയ ചരിത്രത്തിൽ ലീഗിനെ വേറിട്ടുനിർത്തുന്നു

muslim-league-baithurahma-houses
ഉത്തർ പ്രദേശിലെ മുസഫർ നഗറിലെ ബൈത്തുറഹ്മ വീടുകൾ.
SHARE

സഹായം ആവശ്യമുള്ളവരുടെ മനസ്സിൽ മാനത്തെ അമ്പിളിപോലെ തെളിഞ്ഞുവരുന്ന ചില പേരുകളുണ്ട്. ‘ബൈത്തുറഹ്മ’, ‘സിഎച്ച് സെന്റർ’, ‘കെഎംസിസി’... രാഷ്ട്രീയത്തിനപ്പുറം അതിരുകളില്ലാത്ത സഹായംകൊണ്ട് മുസ്‌ലിം ലീഗ് സംഭാവന ചെയ്ത ചില ‘ബ്രാൻഡ് നെയിമുകൾ’. 

ബൈത്തുറഹ്മ

അന്തിയുറങ്ങാൻ അഭയമില്ലാത്തവർക്കു വീടൊരുക്കുന്ന ‘ബൈത്തുറഹ്മ’(കാരുണ്യഭവനം) പദ്ധതി കേരളത്തിൽ മാത്രമല്ല, രാജ്യത്തിന്റെ പല ഭാഗത്തും പാർട്ടി നടപ്പാക്കിയിട്ടുണ്ട്. മുൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ 2011ൽ ആരംഭിച്ച പദ്ധതിയാണിത്. മലപ്പുറം ജില്ലാ കമ്മിറ്റി 151 വീടുകൾ നിർമിച്ചുനൽകി തുടങ്ങിയ പദ്ധതി പിന്നീടു സംസ്ഥാന കമ്മിറ്റി ഏറ്റെടുത്തു. രാജ്യത്തു പതിനായിരത്തിലേറെ വീടുകൾ ഇങ്ങനെ ഒരുങ്ങിക്കഴിഞ്ഞതായി മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി.അബ്ദുൽഹമീദ് എംഎൽഎ പറയുന്നു. കോഴിക്കോട്ടും കണ്ണൂരുമൊക്കെ ബൈത്തുറഹ്മ ഗ്രാമങ്ങൾ തന്നെ സൃഷ്ടിച്ചു. വെള്ളപ്പൊക്കം ബാധിച്ചവർക്കായി ചെന്നൈയിലും കലാപ ഇരകൾക്കായി യുപിയിലെ മുസഫർ നഗറിലുമൊക്കെ കാരുണ്യ വീടുകളൊരുങ്ങി. 

സിഎച്ച് സെന്ററുകൾ

രോഗങ്ങൾകൊണ്ട് വേദനിക്കുന്നവരുടെ മുന്നിലെ അത്താണിയാണ് സിഎച്ച് സെന്ററുകൾ. 2001ൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം ആരംഭിച്ച് പിന്നീടു തിരുവനന്തപുരമടക്കം വിവിധയിടങ്ങളിലേക്കു വ്യാപിപ്പിച്ചു. ഡയാലിസിസ്, ലാബുകൾ അടക്കമുള്ള ചികിത്സാ നിർണയ സേവനങ്ങൾ, ആംബുലൻസ്, രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള ഭക്ഷണമെത്തിക്കൽ തുടങ്ങി ഒട്ടേറെ സൗകര്യങ്ങളാണ് ഇവ ഒരുക്കിക്കൊടുക്കുന്നത്. മൾട്ടി സ്പെഷ്യൽറ്റി ആശുപത്രി വരെ പദ്ധതിയിലുണ്ട്.

കെഎംസിസി, വൈറ്റ് ഗാർഡ്

മറുനാടുകളിൽ സേവനത്തിന്റെ മറുവാക്ക് കൂടിയാണ് കെഎംസിസി അഥവാ കേരള മുസ്‌ലിം കൾചറൽ സെന്റർ. ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ പലവിധ സേവനങ്ങളാണ് കെഎംസിസി നൽകുന്നത്. നാട്ടിലെ വിവിധ സഹായ ആവശ്യങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിലും കെഎംസിസിയുടെ പങ്ക് വലുതാണ്.

സാന്ത്വന പരിചരണ രംഗത്തും വലിയ സേവനങ്ങൾ ലീഗ് നിർവഹിക്കുന്നു. സന്നദ്ധ സേവന രംഗത്തെ യൂത്ത് ലീഗിന്റെ ഊർജമാണ് വൈറ്റ് ഗാർഡ്. അടിയന്തര രക്ഷാപ്രവർത്തനങ്ങളിലടക്കം പരിശീലനം ലഭിച്ച വൊളന്റിയർമാരാണ് ഇതിൽ പ്രവർത്തിക്കുന്നത്.  സാമൂഹിക സുരക്ഷാ പദ്ധതികൾ വേറെയുണ്ട്.

ഗൾഫിൽ കൊലപാതകക്കേസിൽ ജയിലിൽ കിടക്കുന്ന തമിഴ്നാട് സ്വദേശിക്കു മോചനത്തിന് ആവശ്യമായ ബ്ലഡ് മണി (കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ ആവശ്യപ്പെടുന്ന നഷ്ടപരിഹാരം) സമാഹരിച്ചു നൽകി രക്ഷപ്പെടുത്തിയ സംഭവം തമിഴ് സിനിമയ്ക്കു പോലും വിഷയമായി. രാജ്യാതിർത്തികൾപോലും കടന്നുള്ള സഹായങ്ങൾക്കായി പാണക്കാട്ടേക്കെത്തുന്നവരെയും ലീഗ് വെറുംകയ്യോടെ മടക്കി അയയ്ക്കാറില്ല. യെമൻ ബാലന്റെ എംഎസ്എ രോഗ ചികിത്സയ്ക്കു കുടുംബം സഹായം തേടി സാദിഖലി തങ്ങളെ കാണാനെത്തിയതാണ് ഒടുവിലത്തെ സംഭവം.

English Summary: Muslim League charity

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS