ADVERTISEMENT

വൈക്കം ∙ ഐതിഹാസികമായ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ 30ന് ആരംഭിക്കാനിരിക്കെ മഹാത്മാ ഗാന്ധിയുടെ സന്ദർശനത്തിന്റെയും ഇണ്ടംതുരുത്തി മനയിൽ അദ്ദേഹം നടത്തിയ ചർച്ചയുടെയും വാർഷികം ഇന്ന് ആഘോഷിക്കും. അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സമരത്തിൽ പങ്കെടുക്കാൻ 1925 മാർച്ച് 9ന് വൈകിട്ട് ആറിന് എത്തിയ മഹാത്മാഗാന്ധി അന്ന് മൗനവ്രതത്തിലായതിനാൽ അടുത്ത ദിവസമാണ് ഇണ്ടംതുരുത്തി മനയിൽ എത്തിയത്. വൈക്കം ക്ഷേത്രത്തിലേക്കുള്ള 4 പൊതുവഴികളിൽ അയിത്ത ജാതിക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് മാറ്റാൻ ക്ഷേത്രഭരണത്തിന്റെ മുഖ്യ ചുമതലക്കാരനായ ഇണ്ടംതുരുത്തി നീലകണ്ഠൻ നമ്പ്യാതിരിയുമായി ചർച്ച നടത്തണമെന്ന മന്നത്തു പത്മനാഭൻ ഉൾപ്പെടെയുള്ളവരുടെ അഭ്യർഥനപ്രകാരമായിരുന്നു അത്. 

വൈക്കം താലൂക്ക് ചെത്തു തൊഴിലാളി യൂണിയൻ ഓഫിസായി മാറിയ ഇണ്ടംതുരുത്തിമന. ചിത്രം: മനോരമ
വൈക്കം താലൂക്ക് ചെത്തു തൊഴിലാളി യൂണിയൻ ഓഫിസായി മാറിയ ഇണ്ടംതുരുത്തിമന. ചിത്രം: മനോരമ

ഗാന്ധിജിയുമായുള്ള ചർച്ചയുടെ കാര്യം അറിയിച്ചപ്പോൾ ആരെയും ചെന്നു കാണുന്ന പതിവില്ലെന്നും കാണാൻ ആഗ്രഹമുള്ളവർ ഇവിടെ വന്നു കാണണമെന്നുമായിരുന്നു നമ്പ്യാതിരിയുടെ നിലപാട്. 10ന് ഉച്ചയ്ക്ക് 2 മണിയോടെ ഗാന്ധിജിയും സംഘവും മനയിലെത്തി. ഗാന്ധിജിയുടെ പുത്രൻ രാംദാസ് ഗാന്ധി, സി.രാജഗോപാലാചാരി, ടി.ആർ.കൃഷ്ണസ്വാമി അയ്യർ, മഹാദേവ ദേശായി എന്നിവരും ഒപ്പമുണ്ടായിരുന്നു. ഗാന്ധിജി വൈശ്യ സമുദായത്തിൽപെട്ട ആളായിരുന്നതിനാൽ മനയ്‌ക്കുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. പൂമുഖത്ത് പ്രത്യേകം ഒരുക്കിയ വേദിയിലാണ് ചർച്ച നടന്നത്. ഗാന്ധിജി മടങ്ങിയ ഉടനെ അവിടെ ശുദ്ധികലശം നടത്തി.  

3 മണിക്കൂർ നീണ്ട ചർച്ചയിൽ ഒത്തുതീർപ്പൊന്നും ഉണ്ടായില്ലെങ്കിലും സമരത്തിന് ആവേശം പകരാൻ അതിനു കഴിഞ്ഞു. സമരം ശക്തമായി തുടർന്നു. 1925 നവംബർ 23ന് വൈക്കം സത്യഗ്രഹം വിജയം കണ്ടു. പിന്നീട് 1963 ൽ ഇണ്ടംതുരുത്തി മന വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ ഓഫിസിനായി വാങ്ങി. 

കേരളത്തിൽ മഹാത്മാ ഗാന്ധി ഏറ്റവും കൂടുതൽ സമയം ചെലവിട്ട സ്ഥലവും വൈക്കം ആയിരുന്നു. നമ്പ്യാതിരിയുമായുള്ള ചർച്ചയ്ക്കു ശേഷം വൈകിട്ട് 6ന് വൈക്കത്ത് വേമ്പനാട്ട് കായൽക്കരയിൽ സമ്മേളനത്തിൽ ഗാന്ധിജി പ്രസംഗിച്ചു. ഇരുപതിനായിരത്തിലധികം വരുന്ന ജനക്കൂട്ടത്തോട് പെട്രോമാക്സിന്റെ വെളിച്ചത്തിൽ ഉച്ചഭാഷിണിയില്ലാതെയാണ് അദ്ദേഹം സംസാരിച്ചത്. 

അടുത്തദിവസം ഗാന്ധിജി ആലപ്പുഴയിലേക്കും തിരുവനന്തപുരത്തേക്കും പോയി. ശ്രീനാരായണഗുരു ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് 15,16,17 തീയതികളിലും മഹാത്മാ ഗാന്ധി വൈക്കത്തു തങ്ങി. സത്യഗ്രഹികൾക്കായി ശ്രീനാരായണഗുരു സ്ഥാപിച്ച സത്യഗ്രഹ ആശ്രമത്തിലായിരുന്നു താമസം.

English Summary: Gandhiji vaikom visit anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com