തോക്കുചൂണ്ടി കനാലിൽ വെള്ളം വരുത്തി; അതേ കനാലിൽ ഒഴുക്കിൽപെട്ട് മുരുകൻ !

Mail This Article
നേമം (തിരുവനന്തപുരം) ∙ കുടിക്കാനും കൃഷിക്കും വെള്ളം കിട്ടാത്തതിനെ തുടർന്ന് എയർഗണ്ണുമായെത്തി വെങ്ങാനൂർ മിനി സിവിൽ സ്റ്റേഷൻ ഒരു മണിക്കൂറോളം സ്തംഭിപ്പിച്ച ആൾ വെള്ളമെത്തിയ കനാലിൽ ഒഴുക്കിൽപെട്ടു. വെങ്ങാനൂർ നെടിഞ്ഞിൽ ചരുവുവിള വീട്ടിൽ മുരുകൻ (33) ആണ് ഇന്നലെ ചപ്പുചവറുകൾ അടിഞ്ഞു കിടന്ന കനാൽ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപെട്ടത്. ഒടുവിൽ നാട്ടുകാർ ഇട്ടു കൊടുത്ത കയറിൽ പിടിച്ച് രക്ഷപ്പെടുകയായിരുന്നു.
ഇന്നലെ രാവിലെ 9.30ന് പള്ളിച്ചൽ–പുന്നമൂട് റോഡിലെ 20 അടിയോളം താഴ്ചയുള്ള നെയ്യാർ ഇറിഗേഷൻ കനാലിലാണു സംഭവം. ഇദ്ദേഹത്തോടൊപ്പം അച്ഛൻ അശോകനും (64) ചില നാട്ടുകാരും സഹായത്തിനുണ്ടായിരുന്നു. കനാലിലെ ചപ്പുചവറുകളും കെട്ടിക്കിടന്ന മാലിന്യവും കമ്പും കയ്യുമുപയോഗിച്ച് വലിച്ചു നീക്കുമ്പോൾ ശക്തമായ നീരൊഴുക്കിൽ റോഡിനടിയിലെ തുരങ്കത്തിൽപെട്ടു പോവുകയായിരുന്നു.
വള്ളികളിൽ പിടിച്ചുകിടന്ന മുരുകൻ നാട്ടുകാർ ഇട്ടു കൊടുത്ത കയറിൽ പിടിച്ചാണ് കരയ്ക്കു കയറിയത്. അവശനായ അദ്ദേഹത്തെ വിഴിഞ്ഞത്തു നിന്ന് എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഉച്ചയോടെ വീട്ടിലേക്കു മടങ്ങി.
കഴിഞ്ഞ മാസം 21ന് ആണ് വെങ്ങാനൂരിൽ എയർഗൺ അരയിൽ തൂക്കി നാട്ടുകാരെയും ഉദ്യോഗസ്ഥരെയും ബന്ദിയാക്കി മുരുകൻ മിനി സിവിൽ സ്റ്റേഷന്റെ ഗേറ്റ് ഒരു മണിക്കൂറോളം പൂട്ടിയിട്ടത്. ജലക്ഷാമം മൂലം നിത്യജീവിതവും കൃഷിയും പ്രതിസന്ധിയിലാവുകയും നിരന്തരം പരാതികളും ഫലം കാണാതെ വരികയും ചെയ്തതിനെത്തുടർന്നാണ് തന്റെ നടപടിയെന്ന് അന്നു മുരുകൻ പറഞ്ഞിരുന്നു. മുരുകന്റെ പ്രതിഷേധത്തെത്തുടർന്ന് ഇറിഗേഷൻ ഉദ്യോഗസ്ഥർ യോഗം ചേരുകയും നെയ്യാർ ഡാമിൽ നിന്ന് കനാലിലേക്ക് വെള്ളം തുറന്നു വിടുകയും ചെയ്തിരുന്നു.
English Summary: Murukan escapes after falling in canal