ADVERTISEMENT

കൊച്ചി ∙ ബ്രഹ്മപുരത്തെ പുക എത്രനാൾ സഹിക്കണമെന്നു ചോദിച്ച ഹൈക്കോടതി കൊച്ചി നഗരത്തിൽ നിർത്തിവച്ചിരിക്കുന്ന മാലിന്യശേഖരണം ഇന്നുതന്നെ പുനരാരംഭിക്കാൻ കോർപറേഷനു നിർദേശം നൽകി. തീ എന്ന് അണയ്ക്കാനാകുമെന്നും പുക പടരുന്നതു തടയാൻ എന്തു നടപടി സ്വീകരിച്ചെന്നും ജസ്റ്റിസ് എസ്.വി.ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം നൽകാൻ കലക്ടർ ഉൾപ്പെടെയുള്ളവർക്കു കഴിഞ്ഞില്ല. 

തുടർന്ന് 24 മണിക്കൂറിനുള്ളിൽ ബ്രഹ്മപുരം സന്ദർശിച്ചു റിപ്പോർട്ട് നൽകാൻ ഹൈക്കോടതി സമിതിയെ നിയോഗിച്ചു. ശുചിത്വ മിഷൻ ഡയറക്ടർ, തദ്ദേശഭരണ വകുപ്പ് ചീഫ് എൻജിനീയർ, എറണാകുളം കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവയൺമെന്റൽ എൻജിനീയർ, കൊച്ചി കോർപറേഷൻ സെക്രട്ടറി, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി എന്നിവരാണു സമിതിയിലെ അംഗങ്ങൾ. സമിതിക്ക് ആവശ്യമെങ്കിൽ വിദഗ്ധരുടെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ വിഷപ്പുകയെ തുടർന്നു ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണു നടപടി. 

ഇന്നത്തെ അവസ്ഥയ്ക്കു കാരണം ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ്. സ്മാർട് സിറ്റിയാകാൻ ശ്രമിക്കുന്ന നഗരത്തെ വൃത്തിയില്ലാത്ത സിറ്റിയാക്കി. കൊച്ചിയെ ക്ലീൻ സിറ്റിയാക്കണമെന്നും കോടതി പറഞ്ഞു. സംസ്ഥാനത്തു സമഗ്രമായ മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കുന്ന കാര്യങ്ങളിൽ സർക്കാരിൽനിന്നു സമയക്രമം തേടി. 

കോടതി നിർദേശപ്രകാരം കലക്ടർ എൻ.എസ്.കെ.ഉമേഷ്, കൊച്ചി കോർപറേഷൻ സെക്രട്ടറി എം.ബാബു അബ്ദുൽ ഖാദർ എന്നിവർ നേരിട്ടും തദ്ദേശഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എ.ബി.പ്രദീപ് കുമാർ എന്നിവർ ഓൺലൈനായും ഹാജരായി. തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും. കോർപറേഷൻ സെക്രട്ടറി അന്നു നേരിട്ടു ഹാജരാകണം. പ്രശ്നത്തിനു ശാശ്വത പരിഹാരത്തിനുള്ള മാർഗങ്ങൾ വ്യക്തമാക്കി അഡീഷനൽ ചീഫ് സെക്രട്ടറി 14 ന് വിശദീകരണ പത്രിക നൽകണമെന്നും നിർദേശിച്ചു. 

 

 

തീയടങ്ങുന്നു; പുകയും

 

ബ്രഹ്മപുരം ഖരമാലിന്യ പ്ലാന്റിലെ പ്ലാസ്റ്റിക് മലയെ വിഴുങ്ങിയ അഗ്നിബാധയ്ക്ക് 9–ാം ദിനം നേരിയ ശമനം. തീ 80% അണച്ചതായി പ്ലാന്റ് സന്ദർശിച്ച മന്ത്രിമാരായ പി.രാജീവ്, എം.ബി.രാജേഷ് എന്നിവർ പറഞ്ഞു. പുകയും കുറഞ്ഞിട്ടുണ്ട്.

എന്നാൽ ഇന്നലെ വൈകിട്ടും അങ്ങിങ്ങായി അഗ്നിനാളങ്ങൾ ഉയർന്നു. മാലിന്യത്തിൽ 6 അടി ആഴത്തിൽ വരെ തീയുണ്ട്. ഇന്നു പൂർണമായും അണയ്ക്കാനാകുമെന്നാണു പ്രതീക്ഷ. തീപിടിത്തം ഉണ്ടായ ശേഷം ആദ്യമായി ഇന്നലെ പുലർച്ചെ 40 ലോഡ് ജൈവ മാലിന്യം സംസ്കരണത്തിനായി പൊലീസ് അകമ്പടിയോടെ ബ്രഹ്മപുരം പ്ലാന്റിൽ എത്തിച്ചു.

 

English Summary: High Court criticises Government on Brahmapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com