ADVERTISEMENT

തിരുവനന്തപുരം ∙ ട്രാൻസ്ജെൻഡർ വിഭാഗത്തെ വിശേഷിപ്പിക്കാൻ അനുയോജ്യമായ മലയാള പദം തേടിയുള്ള അന്വേഷണം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തൽക്കാലം അവസാനിപ്പിച്ചു. ട്രാൻസ്ജെൻഡർ സമൂഹത്തിനു കൂടി സ്വീകാര്യമായതും ആ പദത്തിന്റെ പൂർണത ഉൾക്കൊള്ളുന്നതുമായ തർജമ കണ്ടെത്താൻ കഴിയാത്തതാണു കാരണം. ജനങ്ങളിൽനിന്നുൾപ്പെടെ നിർദേശങ്ങൾ സ്വീകരിച്ച് എട്ടു മാസത്തോളം നടത്തിയ പരിശ്രമത്തിനൊടുവിലാണു താൽക്കാലിക പിന്മാറ്റം. നിലവിൽ സർക്കാർ ഉപയോഗിച്ചുപോരുന്ന ‘ട്രാൻസ്ജെൻഡർ വ്യക്തി’ എന്നതു തുടരാമെന്നും ഇൻസ്റ്റിറ്റ്യൂട്ട് വനിതാ – ശിശുവികസന വകുപ്പിനെ അറിയിക്കും.

വനിതാ–ശിശുവികസന വകുപ്പ് നിർദേശിച്ചതനുസരിച്ചു കഴിഞ്ഞ ജൂലൈയിലാണ് മലയാള പദം കണ്ടെത്താൻ ഇൻസ്റ്റിറ്റ്യൂട്ട് ശ്രമം തുടങ്ങിയത്. മത്സരം സംഘടിപ്പിച്ചു ജനങ്ങളിൽനിന്ന് ഇമെയിലായി നിർദേശങ്ങൾ ക്ഷണിച്ചു. ആയിരത്തഞ്ഞൂറിലേറെ പേരുകൾ ലഭിച്ചു. ഇവ പഠിക്കാൻ ഭാഷാ വിദഗ്ധരും ട്രാൻസ്ജെൻഡർ പ്രതിനിധികളുമടങ്ങുന്ന സമിതിയെ വച്ചു. ‘സഹജ’ ഉൾപ്പെടെ ഏതാനും പേരുകളിലേക്കു സമിതിയെത്തിയെങ്കിലും എല്ലാ അർഥത്തിലും മികച്ചതെന്നു കരുതാവുന്ന പദം കണ്ടെത്താനായില്ല. ചുരുക്കപ്പട്ടികയിലെത്തിയ പേരുകളുടെ പുല്ലിംഗവും സ്ത്രീലിംഗവുമെല്ലാം വിമർശന വിധേയമായി. തുടർന്നു ട്രാൻസ്ജെൻഡർ പ്രതിനിധികൾ മാത്രമുള്ള കമ്മിറ്റിക്കു തീരുമാനം വിട്ടു. അവിടെയും അഭിപ്രായ ഐക്യമുണ്ടായില്ല.

സർക്കാർ ഫോമുകളിലും മറ്റും ജെൻഡർ സൂചിപ്പിക്കേണ്ടിടത്ത് മലയാളത്തിൽ ട്രാൻസ്ജെൻഡർ വ്യക്തി / സ്ത്രീ / പുരുഷൻ എന്നെഴുതാമെന്നു സർക്കാർ നേരത്തേ ഉത്തരവിറക്കിയിരുന്നു. തൽക്കാലം ഈ രീതി തുടരാമെന്നു ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ശുപാർശ ചെയ്യും. 

ഭാഷാ വിദഗ്ധരെയും സാഹിത്യകാരൻമാരെയും പ്രത്യേകമായി കണ്ട് ഇക്കാര്യത്തിൽ വിപുലമായ പഠനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നു ഡയറക്ടർ ഡോ.എം.സത്യൻ പറഞ്ഞു. സമൂഹത്തിൽ ഉപയോഗിക്കുന്ന പല പദങ്ങൾക്കും ജെൻഡർ തുല്യതയില്ല. ഈ സാഹചര്യത്തിൽ ജെൻഡർ നിഘണ്ടു തയാറാക്കാൻ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary: Kerala Basha Institute could not find a malayalam word for transgender

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com