ADVERTISEMENT

തിരുവനന്തപുരം ∙ തുടർച്ചയായി രണ്ടാം ദിവസവും നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടിസ് നിഷേധിച്ചതിനെതിരെ പ്രതിപക്ഷം സ്പീക്കറുടെ ഓഫിസിനു മുന്നിൽ നടത്തിയ സമരം കയ്യേറ്റത്തിലെത്തി. പ്രതിപക്ഷ എംഎൽഎമാർക്കു മർദനമേറ്റു. കെ. കെ. രമയുടെ വലതു കൈക്കു പൊട്ടലുണ്ട്. 

ഉപരോധ സമരം നേരിടാനുള്ള വാച്ച് ആൻഡ് വാർഡിന്റെയും ഭരണപക്ഷ അംഗങ്ങളുടെയും ശ്രമമാണ് അസാധാരണ സംഘർഷത്തിലേക്കു നയിച്ചത്. വാച്ച് ആൻഡ് വാർഡിന്റെ കയ്യേറ്റത്തിൽ പരുക്കേറ്റ പ്രതിപക്ഷ അംഗങ്ങളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.കെ.രമ, സനീഷ്കുമാർ ജോസഫ് എന്നിവർ ചികിത്സ തേടി. 

വാച്ച് ആൻഡ് വാർഡിനു പുറമേ എച്ച്.സലാം, സച്ചിൻദേവ്, എം.വിജിൻ, കെ.ആൻസലൻ എന്നീ ഭരണപക്ഷ എംഎൽഎമാരും മർദിച്ചെന്നു പ്രതിപക്ഷം ആരോപിച്ചു. എംഎൽഎമാരും അവരുടെ പഴ്സനൽ അസിസ്റ്റന്റുമാരും ചേർന്നു മർദിച്ചെന്ന് ചികിത്സ തേടിയ അഡിഷനൽ ചീഫ് മാർഷൽ മൊയ്തീൻ ഹുസൈനും 5 വനിതകൾ അടക്കം 9 വാച്ച് ആൻഡ് വാർ‌ഡും ആരോപിച്ചു. സംഘർഷാവസ്ഥ തുടരുന്നതിനാൽ ഇന്നു സഭ ആരംഭിക്കുന്നതിനു മുൻപു കക്ഷിനേതാക്കളുടെ യോഗം വിളിക്കാൻ സ്പീക്കർ എ.എൻ.ഷംസീർ തീരുമാനിച്ചു. യോഗത്തിൽ പങ്കെടുക്കാനാണു പ്രതിപക്ഷ തീരുമാനം.

opposition-protest-150102
നിയമസഭയിൽ സ്പീക്കറുടെ ഓഫിസ് ഉപരോധിച്ചുള്ള പ്രതിഷേധത്തിനിടെ പ്രതിപക്ഷ അംഗങ്ങളും വാച്ച് ആൻഡ് വാർഡ് അംഗങ്ങളും തമ്മിലുണ്ടായ സംഘർഷം (ഇടത്), കുഴഞ്ഞു വീണ എംഎൽഎ ടി.ജെ.സനീഷ് കുമാർ ജോസഫിനെ എടുത്തുകൊണ്ട് പോകുന്നു (വലത്)

സഭയിൽ സംഭവിച്ചത്

തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് പ്ലസ് വൺ വിദ്യാർഥിനി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഉമ തോമസ് നൽകിയ അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കർ തള്ളിയതോടെ ബാനറും പ്ലക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനുതാഴെ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടതു ചർച്ച ചെയ്യാനല്ലെങ്കിൽ പിന്നെ എന്തിനാണൂ സഭ എന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചെങ്കിലും സ്പീക്കർ വഴങ്ങിയില്ല. സ്പീക്കറെ മറച്ചു ബാനർ പിടിച്ചു പ്രതിപക്ഷം ബഹളം തുടർന്നപ്പോൾ തുടർനടപടികൾ വെട്ടിച്ചുരുക്കുന്നതിനിടെ സ്പീക്കർക്കു നട്ടെല്ലു വേണമെന്നു പ്രതിപക്ഷാംഗങ്ങൾ വിളിച്ചു പറഞ്ഞു. നട്ടെല്ലു വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നതു കേൾക്കരുതെന്നു മന്ത്രി  മുഹമ്മദ് റിയാസ് പരിഹസിച്ചതോടെ ഭരണ–പ്രതിപക്ഷ പോർവിളിയായി. തുടർന്ന് മുഖ്യമന്ത്രി  ബ്രഹ്മപുരം വിഷയത്തിൽ പ്രസ്താവന തുടങ്ങും മുൻപു പ്രതിപക്ഷം സഭവിട്ടു.

നിയമസഭയിലെ സ്പീക്കറുടെ ഓഫിസിനു മുന്നിൽ പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധിച്ചപ്പോൾ
നിയമസഭയിലെ സ്പീക്കറുടെ ഓഫിസിനു മുന്നിൽ പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധിച്ചപ്പോൾ

സഭയ്ക്കു പുറത്തു നടന്നത്

സഭാമന്ദിരത്തിൽ വി.ഡി.സതീശന്റെ മുറിയിൽ ചേർന്ന യോഗത്തിനു പിന്നാലെ പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ഓഫിസിനു മുന്നിലേക്കു പ്രകടനമായി നീങ്ങി. സ്പീക്കറുടെ ഓഫിസിനു മുന്നിൽ വാച്ച് ആൻഡ് വാർഡ് തടഞ്ഞതോടെ എംഎൽഎമാർ നിലത്തിരുന്നു. ഇതിനിടെ സഭ പിരിഞ്ഞ് സ്പീക്കർ പുറത്തിറങ്ങി. അദ്ദേഹത്തിന് ഓഫിസിൽ പ്രവേശിക്കാൻ വഴിയൊരുക്കാനായി വാച്ച് ആൻഡ് വാർഡ് നടത്തിയ ബലപ്രയോഗമാണു കയ്യേറ്റത്തിൽ കലാശിച്ചത്.

നിയമസഭയിലെ സ്പീക്കറുടെ ഒ‍‍‍ാഫിസിനു മുന്നിൽ നടന്ന പ്രതിഷേധങ്ങളിൽ കൈക്ക് പെ‍ാട്ടലുണ്ടായതിനെത്തുടർന്ന് കെ.കെ.രമ എംഎൽഎ  തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്ലാസ്റ്ററിടുമ്പോൾ വേദന സഹിക്കാനാവാതെ വിങ്ങുന്നു. ഉമ തോമസ് എംഎൽഎ സമീപം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
നിയമസഭയിലെ സ്പീക്കറുടെ ഒ‍‍‍ാഫിസിനു മുന്നിൽ നടന്ന പ്രതിഷേധങ്ങളിൽ കൈക്ക് പെ‍ാട്ടലുണ്ടായതിനെത്തുടർന്ന് കെ.കെ.രമ എംഎൽഎ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്ലാസ്റ്ററിടുമ്പോൾ വേദന സഹിക്കാനാവാതെ വിങ്ങുന്നു. ഉമ തോമസ് എംഎൽഎ സമീപം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

ഇതിനിടെ ഭരണപക്ഷ എംഎൽഎമാർ കൂടി സ്പീക്കർക്കു വഴിയൊരുക്കാൻ ശ്രമിച്ചതു സംഘർഷം പെരുപ്പിച്ചു. എച്ച്.സലാം തന്നെ ചവിട്ടിയതായി കെ.കെ.രമ ആരോപിച്ചു. സനീഷ്കുമാർ കുഴഞ്ഞുവീണു. വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചെന്നും പരാതിയുണ്ട്. അതിനിടെ സ്പീക്കർ എ.എൻ.ഷംസീർ ഓഫിസിൽ പ്രവേശിച്ചു. സ്ഥലത്തെത്തിയ വി.ഡി.സതീശൻ സ്പീക്കറുടെ ഓഫിസിനുള്ളിൽ കയറി വാച്ച് ആൻഡ് വാർഡിനെ മാറ്റാൻ സ്പീക്കറോട് ആവശ്യപ്പെട്ടു. വാച്ച് ആൻഡ് വാർഡിനെ സ്ഥലത്തുനിന്നു മാറ്റിയതോടെ സംഘർഷാവസ്ഥ നീങ്ങി. പ്രതിപക്ഷം പിൻവാങ്ങി. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി.

English Summary: Opposition Protest Infront of Speaker Office at Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com