പറഞ്ഞത് തെറ്റാണ്; ജനം ഒന്നും കാണുന്നില്ല സർ!; ദൃശ്യങ്ങൾ സഭാ ടിവി വഴി മാത്രം പുറത്തേക്ക്

AN Shamseer | (Video grab - Sabha TV)
സ്പീക്കർ എ.എൻ. ഷംസീർ (Video grab - Sabha TV)
SHARE

തിരുവനന്തപുരം ∙ ‘മഹേഷ്, ഷാഫി, സനീഷ്കുമാർ, റോജി... ഇതൊക്കെ നിങ്ങൾക്കു വോട്ടു ചെയ്ത ജനം കാണുന്നുണ്ട്. പ്രതിഷേധം അവസാനിപ്പിച്ച് സീറ്റിൽ പോയിരിക്കണം’. ചൊവ്വാഴ്ച നിയമസഭയിൽ പ്രതിപക്ഷാംഗങ്ങൾ തന്റെ മുഖം ബാനർകൊണ്ടു മറച്ച് പ്രതിഷേധിച്ചപ്പോൾ സ്പീക്കർ എ.എൻ.ഷംസീർ നൽകിയ മുന്നറിയിപ്പാണിത്. എന്നാൽ, ജനങ്ങൾ ഇൗ പ്രതിഷേധം വല്ലതും കാണുന്നുണ്ടോ? ഇല്ല. കാരണം, സഭയിൽ നടക്കുന്ന കാര്യങ്ങളിൽ എന്തു കാണണം, എന്തു കാണേണ്ട എന്നു തീരുമാനിക്കുന്നതു സ്പീക്കറാണ്. 

‘ഞങ്ങൾ നൽകുന്നതു മാത്രം ജനം കണ്ടാൽ മതി’യെന്ന തീരുമാനമാണ് ഇപ്പോൾ ജനാധിപത്യത്തിന്റെ ആസ്ഥാനമായ നിയമസഭയിൽ നടക്കുന്നത്. രാവിലെ 9 മുതൽ 10 വരെ നടക്കുന്ന ചോദ്യോത്തര വേള പകർത്താൻ കോവിഡ് വ്യാപനത്തിനു മുൻപ് ദൃശ്യമാധ്യമങ്ങൾക്ക് അനുമതി ഉണ്ടായിരുന്നു. അതിനു ശേഷമുള്ള ശൂന്യവേളയുടെയും ചർച്ചയുടെയും ദൃശ്യങ്ങൾ നിയമസഭയിൽ നിന്നു നൽകുന്നതു വേണം സംപ്രേഷണം ചെയ്യാൻ. കോവിഡ് വ്യാപനത്തോടെ നിയമസഭയിലും നിയന്ത്രണങ്ങൾ വന്നു. പിന്നീട് കോവിഡ് ഭീഷണി പതിയെ അകന്നു. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റു. സ്പീക്കറായി എം.ബി.രാജേഷ് ചുമതലയേറ്റു. എന്നാൽ, ചോദ്യോത്തരവേള പകർത്താൻ അനുവദിക്കണമെന്ന ആവശ്യം അദ്ദേഹം അംഗീകരിച്ചില്ല.

കോവിഡ് കാലത്തെ നിയന്ത്രണം തുടർ‌ന്നുകൊണ്ട് മാധ്യമ സെൻസർഷിപ് നടപ്പാക്കുകയായിരുന്നു നിയമസഭാ അധികൃതർ ചെയ്തത്. ദൃശ്യങ്ങൾ കാണാൻ സഭാ ടിവി ഉണ്ടല്ലോ എന്നാണു സ്പീക്കറുടെ വാദം. എന്നാൽ, പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പൂർണമായി ഒഴിവാക്കിയാണ് ഇപ്പോൾ സഭാ ടിവിയുടെ സംപ്രേഷണം. 

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കെ.എം.മാണി വിവാദ ബജറ്റ് അവതരിപ്പിച്ചപ്പോൾ അതു തത്സമയം ജനങ്ങളെ കാട്ടിക്കൊണ്ടാണു സർക്കാർ നേരിട്ടത്. എന്നാൽ, ഇപ്പോൾ പ്രതിപക്ഷ പ്രതിഷേധം ജനങ്ങൾ കാണേണ്ട എന്നാണു സർക്കാർ നിലപാട്. പ്രതിഷേധം ജനം കണ്ടാൽ‌ പ്രതിഷേധിക്കുന്ന എംഎൽഎ അടുത്ത തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നു സ്പീക്കർ പറയുന്നെങ്കിലും പ്രതിഷേധത്തിന്റെ ചെറുഭാഗം പോലും സംപ്രേഷണത്തിലൂടെ പുറത്തുപോകാതിരിക്കാൻ പാടുപെടുകയാണ് സഭാ ടിവി അധികൃതർ.

English summary: Opposition on media ban in assembly

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS