കൊച്ചിക്ക് പിഴ മുൻപും; തെറ്റു തിരുത്താതെ െഹെക്കോടതിയെ സമീപിക്കുക പതിവു രീതി

brahmapuram-plant-fire
കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തീപിടിച്ചത് അണയ്ക്കാൻ നടന്ന ശ്രമം. ഫയൽ ചിത്രം: മനോരമ
SHARE

കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന്റെ പേരിൽ ആദ്യമായല്ല ദേശീയ ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപറേഷനു പിഴ ചുമത്തുന്നത്. ഖരമാലിന്യ പരിപാലന നിയമം പാലിക്കാത്തതിനു മുൻ വർഷങ്ങളിലും ട്രൈബ്യൂണൽ കോർപറേഷനു പിഴയിടുകയും ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ബ്രഹ്മപുരത്തെ തെറ്റുകൾ തിരുത്താതെ ഈ ഉത്തരവുകൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ നേടുകയാണു കോർപറേഷന്റെ സ്ഥിരം പരിപാടി.

2016 മേയ് 31

ബ്രഹ്മപുരം പ്ലാന്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടു 2016 ലെ ഖരമാലിന്യ പരിപാലന നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോടു നിർദേശിച്ചു

സംഭവിച്ചത്: ഉത്തരവിനെതിരെ കോർപറേഷൻ ഹൈക്കോടതിയെ സമീപിക്കുകയും 2016 ഓഗസ്റ്റ് 11നു ഇടക്കാല സ്റ്റേ നേടുകയും ചെയ്തു. എന്നാൽ, ഇക്കഴിഞ്ഞ മാർച്ച് 13നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ സ്റ്റേ നീക്കി.

 2018 ഒക്ടോബർ 22

ബ്രഹ്മപുരത്ത് 6 മാസത്തിനുള്ളിൽ ഏകീകൃത ഖരമാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശിച്ചു. കെട്ടിക്കിടക്കുന്ന മാലിന്യം 2016 ലെ ഖരമാലിന്യ പരിപാലന നിയമപ്രകാരം എത്രയും വേഗം നീക്കം ചെയ്യണമെന്നു നിർദേശിച്ചു. പദ്ധതികൾ നടപ്പാക്കാത്തതിനു കോർപറേഷന് ഒരു കോടി രൂപ പിഴയിട്ടു. നിശ്ചിത സമയത്തിനുള്ളിൽ പദ്ധതികൾ പൂർത്തിയാക്കുമെന്നു കാണിച്ചു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനു മുൻപാകെ 3 കോടി രൂപയുടെ പെർഫോമൻസ് ഗാരന്റി 15 ദിവസത്തിനകം നൽകണം. ഇതിൽ വീഴ്ച വരുത്തിയാൽ ഈ പെർഫോമൻസ് ഗാരന്റി കണ്ടുകെട്ടും. ഇതിനു പുറമേ വീഴ്ച വരുത്തുന്ന ഓരോ 4 ദിവസത്തിനും 2 ലക്ഷം രൂപ വീതം പെനൽറ്റി ഈടാക്കാനും നിർദേശം.

സംഭവിച്ചത്: കോർപറേഷൻ ഹൈക്കോടതിയെ സമീപിച്ച് 2018 നവംബർ 9ന് ഇടക്കാല സ്റ്റേ നേടി. ബാങ്ക് ഗാരന്റിയായി കേന്ദ്ര, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾക്ക് 50 ലക്ഷം രൂപ വീതം ബാങ്ക് ഗാരന്റി നൽകണമെന്നായിരുന്നു വ്യവസ്ഥ. 3 കോടി രൂപയുടെ പെർഫോമൻസ് ഗാരന്റി നൽകുന്നതിൽ നിന്ന് ഒഴിവാക്കി. എന്നാൽ, ഇക്കഴിഞ്ഞ മാർച്ച് 13ന് ഈ ഇടക്കാല സ്റ്റേയും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നീക്കി.

 2021 ജനുവരി 13

ഖരമാലിന്യ പരിപാലന നിയമം പാലിക്കാത്തതിനു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പരിസ്ഥിതി ആഘാത നഷ്ടപരിഹാരമായി 14.92 കോടി രൂപ കോർപറേഷനു പിഴയിട്ടു.

സംഭവിച്ചത്: ഉത്തരവിനെതിരെ കോർപറേഷൻ ഹൈക്കോടതിയെ സമീപിക്കുകയും 2021 മാർച്ച് 9ന് സ്റ്റേ നേടുകയും ചെയ്തു.

2023 മാർച്ച് 4

ഖരമാലിന്യ പരിപാലന നിയമം പാലിക്കാത്തതിനു മലിനീകരണ നിയന്ത്രണ ബോർഡ് പരിസ്ഥിതി നഷ്ടപരിഹാരമായി 1.80 കോടി രൂപ കൂടി പിഴ ചുമത്തി.

സംഭവിച്ചത്: ഇക്കാര്യത്തിൽ ഇതുവരെ കോർപറേഷൻ നടപടി സ്വീകരിച്ചിട്ടില്ല.

ഉത്തരവിനെ ഗൗരവമായി കാണുന്നു

‘കൊച്ചി കോർപറേഷന് എൻ‍ജിടി 100 കോടി രൂപ പിഴ ചുമത്തിയതു ഗൗരവമായി കാണുന്നു. നേരത്തേ മറ്റു സംസ്ഥാനങ്ങൾക്ക് 12,000 കോടി രൂപ വരെ പിഴ ചുമത്തിയിരുന്നു. അന്നു സംസ്ഥാനത്തിനു പിഴ ചുമത്തിയിരുന്നില്ല. ഉത്തരവു വിശദമായി പഠിച്ച ശേഷം നിയമനടപടി സ്വീകരിക്കും. ട്രൈബ്യൂണലിന്റെ ഉത്തരവു നടപ്പാക്കുന്നതിൽ കോർപറേഷന്റെ ഭാഗത്തുനിന്നു വീഴ്ച ഉണ്ടായി. ഈ അവസ്ഥയിലാണു സർക്കാർ ഇടപെട്ടത്. രണ്ടു ഘട്ടങ്ങളിലായുള്ള പദ്ധതിയിലൂടെ കൊച്ചിയിലെ മാലിന്യപ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാകും എന്നാണു സർക്കാർ കരുതുന്നത്.’–മന്ത്രി എം.ബി.രാജേഷ്

English Summary: NGT imposed fine on Brahmapuram several times

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS