ADVERTISEMENT

ന്യൂഡൽഹി ∙ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ടു ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) കൊച്ചി കോർപറേഷനു 100 കോടി രൂപ പിഴ ചുമത്തി. മലിനീകരണം മൂലം ജനങ്ങൾക്കുണ്ടായ ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ പരിഹരിക്കുന്നതിനായി ഈ തുക വിനിയോഗിക്കണം.

എൻജിടി നിയമത്തിലെ 15–ാം വകുപ്പ് അനുസരിച്ചുള്ള പിഴ ഒരു മാസത്തിനകം കേരള ചീഫ് സെക്രട്ടറിക്കു കോർപറേഷൻ കൈമാറണം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ 2 മാസത്തിനുള്ളിൽ ക്രിമിനൽ നിയമപ്രകാരമുള്ള നടപടിയും വകുപ്പുതല നടപടിയും സ്വീകരിക്കണമെന്നു ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ അധ്യക്ഷനായ ബെഞ്ച് ചീഫ് സെക്രട്ടറിയോടു നിർദേശിച്ചു. തീപിടിത്ത വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.

തീപിടിത്ത വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ സമീപനം നിയമവാഴ്ചയ്ക്കു തന്നെ ഭീഷണിയാണെന്നു ട്രൈബ്യൂണൽ കുറ്റപ്പെടുത്തി. ശുദ്ധവായു ഉറപ്പാക്കുകയെന്ന അടിസ്ഥാന കടമ പാലിക്കുന്നതിലും ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പാക്കുന്നതിലും സർക്കാർ സമ്പൂർണമായി പരാജയപ്പെട്ടു. 

ഗുരുതരമായ വീഴ്ചയുണ്ടായിട്ടും ഒരു മുതിർന്ന ഉദ്യോഗസ്ഥനെതിരെയും നടപടി എടുത്തില്ല. ആരും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തില്ല. ഭാവികാര്യങ്ങളെക്കുറിച്ചു പറയുന്നതല്ലാതെ കുറ്റക്കാർ ആരെന്നു കണ്ടെത്താത്തതു ഖേദകരമാണെന്നും ബെഞ്ച് പറഞ്ഞു.

 

കോടതിയിൽ പോകും: മേയർ

കൊച്ചി ∙ ദേശീയ ഹരിത ട്രൈബ്യൂണൽ 100 കോടി രൂപ പിഴ ചുമത്തിയതു കൊച്ചി കോർപറേഷന്റെ വാദം കേൾക്കാതെയാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മേയർ എം.അനിൽകുമാർ പറഞ്ഞു.

English Summary: NGT penalty on Brahmapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com