ADVERTISEMENT

കാസർകോട് ∙ എസ്എസ്എൽസി വിദ്യാർഥികൾ ഹോട്ടലിൽ മറന്നുവച്ച ഹാൾ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രത്തിലേക്ക് പൊലീസ് ഉദ്യോഗസ്ഥർ ബൈക്കിൽ പറന്നത് 12 കിലോമീറ്റർ. പൊലീസിന്റെ കാരുണ്യത്തിൽ പരീക്ഷ എഴുതിയത് 5 വിദ്യാർഥികൾ. പഴയങ്ങാടി മാട്ടൂൽ ഇർഫാനിയ ജൂനിയർ അറബിക് കോളജിലെ വിദ്യാർഥികളും പയ്യന്നൂർ, തളിപ്പറമ്പ്, പിലാത്തറ സ്വദേശികളുമായ മുഹമ്മദ് സഹൽ, കെ.കെ.അൻഷാദ്, എം.അനസ്, ഒ.പി.ഷഹബാസ്, എം.പി.നിഹാൽ എന്നിവർക്ക് ചട്ടഞ്ചാൽ മലബാർ ഇസ്‍ലാമിക് സ്കൂളായിരുന്നു പരീക്ഷാ കേന്ദ്രം. 

 മാവേലി എക്സ്പ്രസിന് കാസർകോട് ഇറങ്ങിയ വിദ്യാർഥികൾ പുതിയ ബസ് സ്റ്റാൻഡിലെത്തി ഹോട്ടലിൽ ചായ കുടിക്കാൻ കയറി. അതിനിടെയാണ് ചട്ടഞ്ചാൽ ഭാഗത്തേക്കുള്ള ബസ് എത്തിയത്. തിടുക്കത്തിൽ ബസിൽ കയറിയ വിദ്യാർഥികൾ 12 കിലോമീറ്റർ പിന്നിട്ട് ചട്ടഞ്ചാൽ ഇറങ്ങിയപ്പോഴാണ് ഒരു ബാഗ് ഇല്ലെന്നു കണ്ടത്. എസ്എസ്എൽസി പരീക്ഷ എഴുതാനുള്ള 5 വിദ്യാർഥികളുടെയും ഹാൾ ടിക്കറ്റ് ആ ബാഗിൽ. 9.30നു മുൻപ് ഹാൾ ടിക്കറ്റ് കിട്ടിയില്ലെങ്കിൽ പരീക്ഷയെഴുതാൻ കഴിയില്ല. ഒടുവിൽ സമീപത്തെ മേൽപറമ്പ് പൊലീസ് സ്റ്റേഷനിൽ ചെന്ന് സഹായം തേടി. 

 സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പ്രദീപൻ, ശ്രീജിത് എന്നിവർ കൺട്രോൾ റൂം വഴി ജില്ലാ പൊലീസ് മേധാവിയുടെ സ്ട്രൈക്ക് ഫോഴ്സിനു വിവരം നൽകി. വിദ്യാർഥികൾ ചായ കുടിച്ച ഹോട്ടലിൽ ചെന്ന് ബാഗ് പൊലീസ് കണ്ടെത്തി. സ്ട്രൈക്ക് ഫോഴ്സിലെ സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ, മുകേഷ് എന്നിവർ ബൈക്കിൽ ബാഗുമായി മേ‍ൽപറമ്പ് പൊലീസ് സ്റ്റേഷനിലെത്തി ബാഗ് കൈമാറി. ഏതാനും നിമിഷം കൂടി കഴിഞ്ഞിരുന്നുവെങ്കിൽ പരീക്ഷ എഴുതാൻ കഴിയുമായിരുന്നില്ല.

English Summary: Police find forgotten SSLC hall ticket for students in Kasaragod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com