ആത്മീയ ചൈതന്യംകൊണ്ടു സഭയെയും സമൂഹത്തെയും പ്രകാശിപ്പിക്കുകയും വഴിനടത്തുകയും ചെയ്ത ഇടയശ്രേഷ്ഠനാണു വിടവാങ്ങിയത്. തിരുസഭയുടെ പ്രബോധനങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടുള്ള ശക്തമായ നിലപാടുകൾകൊണ്ടു ശ്രദ്ധേയനായിരുന്നു മാർ ജോസഫ് പൗവത്തിൽ. പൗവത്തിൽ പിതാവിന്റെ കാലത്താണ് സിറോ മലബാർ സഭയുടെ തനിമ വീണ്ടെടുക്കാനും ആരാധനാക്രമം പുനഃക്രമീകരിക്കാനുമുള്ള ശ്രമങ്ങൾ നടന്നത്.

വിദ്യാഭ്യാസ വിഷയങ്ങളിൽ കാലിക പ്രസക്തമായ ഇടപെടലുകളാണ് ഉണ്ടായത്. സഭയെ ജീവനുതുല്യം സ്നേഹിക്കുകയും ആത്മീയതയുടെ ഔന്നത്യത്തിൽ ജീവിക്കുകയും ചെയ്ത മാർ ജോസഫ് പൗവത്തിൽ കത്തോലിക്കാ സഭയിലെ ആധികാരിക സ്വരമായിരുന്നു. ആധുനിക കാലഘട്ടത്തിന്റെ സ്പന്ദനങ്ങളോടുള്ള പിതാവിന്റെ പ്രവാചകധീരതയോടുള്ള പ്രതികരണങ്ങൾ സമൂഹം ഉറ്റുനോക്കിയിരുന്നതാണ്. ജനപ്രീതി നോക്കാതെ, പറയേണ്ട കാര്യങ്ങൾ കൃത്യമായി പറഞ്ഞ ഇടയശ്രേഷ്ഠനായിരുന്നു അദ്ദേഹം. സത്യത്തിനുവേണ്ടി നിലകൊള്ളുന്ന പ്രവാചകന്റെ മനസ്സായിരുന്നു അദ്ദേഹത്തിന്.
അൽമായ വിശ്വാസികളെ സഭാശുശ്രൂഷരംഗങ്ങളിൽ ചേർത്തുനിർത്തി പ്രോത്സാഹിപ്പിച്ച ഇടയനായിരുന്നു അദ്ദേഹം. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കുവേണ്ടിയും ഇതരസമുദായങ്ങളുടെ ക്ഷേമത്തിനുവേണ്ടിയും കർത്തവ്യനിരതനായിരുന്നു പിതാവ്. നിലപാടുകളിൽ വെള്ളം ചേർക്കാത്ത അഭിവന്ദ്യ പിതാവിന്റെ പ്രഭ തലമുറകളെ ജ്വലിപ്പിക്കട്ടെ. പ്രാർഥനാനിർഭരമായ ആദരാഞ്ജലികൾ.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി (സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്)
പൗരസ്ത്യസഭകൾക്ക് തീരാനഷ്ടം
ഭാരതസഭയ്‌ക്കും സിറോ മലബാർ സഭയ്‌ക്കു പ്രത്യേകിച്ചും ദിശാബോധം നൽകിയ ആചാര്യനായിരുന്നു മാർ ജോസഫ് പൗവത്തിൽ. ഈ ആത്മീയാചാര്യന്റെ വിയോഗം ലോകമെമ്പാടുമുള്ള പൗരസ്ത്യസഭകൾക്കു തീരാനഷ്‌ടമാണ്. സിറോ മലബാർ സഭയുടെ ആരാധനക്രമം സംബന്ധിച്ച കാര്യങ്ങളിൽ അദ്ദേഹം നടത്തിയ ഗവേഷണ തൽപരതയോടെയുള്ള പഠനവും ആഴമായ ധ്യാനവും സഭയ്ക്കു വ്യക്തമായ ദർശനം നൽകുന്നതായിരുന്നു.
വിദ്യാഭ്യാസമേഖലയിൽ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ ഇടപെടലുകളെക്കുറിച്ച് വലിയ അഭിമാനബോധം പകർന്നു നൽകാൻ മാർ പൗവത്തിൽ എന്നും പരിശ്രമിച്ചു. ഭരണഘടന നൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾക്കുവേണ്ടി അവസാനശ്വാസം വരെയും പോരാട്ടം നടത്തിയ മാർ പൗവത്തിലിനെ കേരളസഭയ്‌ക്ക് ഒരിക്കലും മറക്കാനാവില്ല.
മലങ്കര സുറിയാനി കത്തോലിക്കാ സഭയോടും സഭാധ്യക്ഷരോടും എന്നും സുദൃഢമായ ബന്ധവും കരുതലും അദ്ദേഹം പുലർത്തി. കേരള സഭാചരിത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം അതുല്യമാണ്. പകരംവയ്‌ക്കാൻ കഴിയാത്തതരം ഉന്നതസ്ഥാനം കേരളസഭയിൽ അദ്ദേഹത്തിനുണ്ട്. നിരന്തരമായ പഠനത്തിന്റെയും പ്രാർഥനയുടെയും ജീവിതലാളിത്യത്തിന്റെയും ഉദാത്ത മാതൃകയായ പൗവത്തിൽ പിതാവിനു പ്രണാമം.
കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ (കെസിബിസി പ്രസിഡന്റ്)
ധാർമികതയുടെ ശബ്ദം
കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിലെ ധാർമികതയുടെ ശബ്ദമായിരുന്നു അന്തരിച്ച മാർ ജോസഫ് പൗവത്തിൽ. മികച്ച അധ്യാപകനായിരുന്ന അദ്ദേഹത്തിനു കേരളത്തിന്റെ വിദ്യാഭ്യാസമേഖലയുടെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം കേരളത്തിലെ സഭയുടെ നവീകരണത്തിനു നേതൃത്വം നൽകിയത് അദ്ദേഹമാണ്.
ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ (കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ്)
English Summary : Condolence Mar Joseph Powathil