ചങ്ങനാശേരി അരമനയിലെ യാതൊരുവിധ ആഡംബരവുമില്ലാത്ത ഓഫിസ് മുറിയിലിരുന്നാണു മാർ ജോസഫ് പൗവത്തിൽ 21 വർഷം അതിരൂപതയെ നയിച്ചത്. പുസ്തകങ്ങൾ നിരന്നുകിടക്കുന്ന ഒരു മേശയ്ക്കു പിന്നിൽ വെള്ളക്കുപ്പായമണിഞ്ഞായിരുന്നു അദ്ദേഹത്തിന്റെ ഇരിപ്പ്. അതിഥികളെത്തുമ്പോൾ എഴുന്നേറ്റുനിന്നു സ്വീകരിക്കലായിരുന്നു പതിവ്. തന്റെ ഔദ്യോഗിക കസേര ഒഴിവാക്കി അതിഥികൾക്കൊപ്പം ഇരുന്നു സംസാരിക്കാനായിരുന്നു താൽപര്യവും. പക്ഷേ, നിലപാടുകളുടെ കാര്യത്തിൽ ഈ ലാളിത്യം അദ്ദേഹം മാറ്റിവച്ചു. യുഎസിൽ ഭാഗിക ഭ്രൂണഹത്യ നിരോധന ബില്ലിനെ 1996ൽ അന്നത്തെ പ്രസിഡന്റ് ബിൽ ക്ലിന്റൻ വീറ്റോ ചെയ്തപ്പോൾ സിബിസിഐ പ്രസിഡന്റ് എന്ന നിലയിൽ പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തി ക്ലിന്റനു മാർ പൗവത്തിൽ കത്തെഴുതിയതും അരമനമുറിയിലെ ആ കസേരയിൽ ഇരുന്നാണ്. അധികാര ചിഹ്നങ്ങളുപയോഗിച്ച് ആധിപത്യം സ്ഥാപിക്കാനല്ല, മറിച്ച് ആദർശപരമായ നിലപാടുകളിലൂടെ അജഗണത്തെ നയിക്കാനാണു പൗവത്തിൽ എന്ന നല്ലയിടയൻ ശ്രമിച്ചത്.
അങ്ങനെ അച്ചനായി
രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴേ കുറുമ്പനാടം പൗവത്തിൽ പി.ജെ.ജോസഫ് ആ തീരുമാനമെടുത്തു: ‘വൈദികനാവുകയാണു ജീവിതലക്ഷ്യം.’ പക്ഷേ, സ്കൂളിലും കോളജിലുമെത്തിയതോടെ പഠനം തലയ്ക്കു പിടിച്ചു. 22–ാം വയസ്സിൽ മദ്രാസ് ലയോള കോളജിൽനിന്ന് ഇക്കണോമിക്സിൽ എംഎ നേടി. വീട്ടിൽ തിരിച്ചെത്തിയ കാലത്തു ‘വൈദികമോഹം’ വീണ്ടും കലശലായി. ഈശോസഭക്കാരുടെ മധുര പ്രോവിൻസിൽ പ്രവേശനം കിട്ടി. ഈ വിവരമറിഞ്ഞ് പൗവത്തിലിന്റെ പിതാവ് തലകറങ്ങി വീണു. തന്റെ പ്രിയപ്പെട്ട ‘പാപ്പച്ചനെ’ മിഷൻ പ്രവർത്തനത്തിനു ദൂരദിക്കിലേക്ക് അയയ്ക്കാൻ ആ പിതാവിനു താൽപര്യമുണ്ടായിരുന്നില്ല. ഒടുവിൽ, വീട്ടുകാരുടെ ഇഷ്ടത്തിനു വഴങ്ങിയാണു ദൂരേക്കു പോകാതെ ചങ്ങനാശേരിയിലെ പാറേൽ പെറ്റി സെമിനാരിയിൽ ചേർന്നത്. 10–ാം ക്ലാസ് കഴിഞ്ഞെത്തുന്ന 16 വയസ്സുകാരായ വൈദിക വിദ്യാർഥികളുടെ ഇടയിൽ സൂപ്പർ സീനിയറായിരുന്നു ഇരുപത്തിരണ്ടുകാരൻ പൗവത്തിൽ.
എസ്ബിയിലേക്കു മടക്കം
മാർ പൗവത്തിൽ എസ്ബിയിൽപഠിക്കുന്ന കാലത്തു താമസം ഹോസ്റ്റലിലായിരുന്നു. അന്നത്തെ ഹോസ്റ്റൽ വാർഡൻ പിൽക്കാലത്തു മെത്രാനായ ഫാ. മാത്യു കാവുകാട്ടായിരുന്നു. പൗവത്തിൽ വൈദികനായപ്പോൾ കാവുകാട്ട് തിരുമേനി അദ്ദേഹത്തെ എസ്ബിയിലേക്കു വീണ്ടും ക്ഷണിച്ചു; ഇക്കണോമിക്സ് വിഭാഗത്തിൽ അധ്യാപകനാകാൻ. സാമ്പത്തികശാസ്ത്രത്തിൽ എസ്ബിയിൽനിന്നു ബിരുദവും മദ്രാസ് ലൊയോള കോളജിൽനിന്നു ബിരുദാനന്തരബിരുദവും നേടിയ പൗവത്തിൽ അധ്യാപകനായി തിളങ്ങി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രി കെ.സി.ജോസഫ്, ജസ്റ്റിസ് സിറിയക് ജോസഫ്, സിബി മാത്യൂസ്, കർദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവരെ എസ്ബിയിൽ പഠിപ്പിച്ചു. അതിനിടെ ഉപരിപഠനത്തിനായി ഓക്സ്ഫഡ് സർവകലാശാലയിലേക്ക്. സാമ്പത്തിക വികസനത്തിൽ ഡിപ്ലോമ നേടിയശേഷം യുഎസിൽ കുറച്ചുകാലം. തിരിച്ചെത്തി എസ്ബിയിൽ അധ്യാപനം തുടരവെ 42–ാം വയസ്സിൽ ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായി.
സൗമ്യദീപ്തം
പ്രസംഗങ്ങളിലും ലേഖനങ്ങളിലും തിളച്ചുമറിയുന്ന വാക്കുകളുടെ തീക്ഷ്ണതയും രൂക്ഷതയുമൊന്നും മാർ പൗവത്തിലിന്റെ നടപ്പിലും എടുപ്പിലും ഇല്ലായിരുന്നു. അക്ഷരങ്ങളുടെ കരുത്തിനോടു താരതമ്യം ചെയ്യാനാവാത്ത ദുർബലമായ ആകാരം. എതിരാളികളെ വിടാതെ പിന്തുടരുന്ന വാക്ശരങ്ങൾ തൊടുക്കുന്ന പോരാളിയുടെ പദചലനങ്ങൾക്കു പക്ഷേ, പതിഞ്ഞ താളമാണ്. പല രാഷ്ട്രീയ നേതാക്കളെയും ഭരണകൂടത്തെയും മറുപടി പറയാനാവാത്തവിധം നിശ്ശബ്ദരാക്കിക്കളയുന്ന പൗവത്തിൽ പിതാവിന്റെ ശബ്ദം പലപ്പോഴും ശ്രദ്ധിച്ചു ചെവി കൂർപ്പിച്ചാൽ മാത്രം കേൾക്കാനാകുംവിധം മൃദുവായിരുന്നു.
സഭാനായകൻ
കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) യുവജനക്ഷേമം, വിദ്യാഭ്യാസം, വികസനം, പ്രബോധനം തുടങ്ങിയ സമിതികൾക്കു നേതൃത്വം കൊടുത്ത മാർ പൗവത്തിൽ 1993ൽ ചെയർമാനായി. 1994ൽ അദ്ദേഹം ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിബിസിഐ) പ്രസിഡന്റായി. 96ൽ എതിരില്ലാതെയാണു രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിലെ ക്രൈസ്തവർ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താൻ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇന്റർ ചർച്ച് കൗൺസിൽ ഫോർ എജ്യുക്കേഷൻ രൂപമെടുത്തത്. നിലയ്‌ക്കൽ വിഷയം ഉൾപ്പെടെ മതസൗഹാർദത്തിനു കോട്ടംതട്ടുന്ന സാഹചര്യങ്ങൾ ഉണ്ടായപ്പോൾ സമുദായ സഹവർത്തിത്വത്തിനു പോറലേൽക്കാതിരിക്കാൻ അദ്ദേഹത്തിന്റെ നിലപാടുകൾ തുണയായി. റോമിലെ പോസ്റ്റ് ഏഷ്യൻ സിനഡൽ കൗൺസിലിലും ഓസ്ട്രിയയിലെ പ്രോ ഓറിയന്റെ ഫൗണ്ടേഷനിലും അംഗമായിരുന്നു. തിരക്കുകൾക്കിടയിലും ആരാധനാക്രമം, സഭാവിജ്ഞാനീയം എന്നിവയിലും വിവിധ സാമൂഹിക വിഷയങ്ങളിലും പുസ്തക രചന നടത്തി. 22 പുസ്തകങ്ങൾ മാർ പൗവത്തിലിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.
ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ ജോസഫ് പൗവത്തിൽ ജീവിതരേഖ
1930 ഓഗസ്റ്റ് 14: കുറുമ്പനാടം പൗവത്തിൽ കുടുംബത്തിൽ ജനനം.
1962 ഒക്ടോബർ 3: പൗരോഹിത്യ സ്വീകരണം.
1964 ജൂൺ: ചങ്ങനാശേരി എസ്ബി കോളജിൽ അധ്യാപകൻ.
1969: ഓക്സ്ഫഡ് സർവകലാശാലയിൽ ഉപരിപഠനം.
1972 ജനുവരി 29: ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി പ്രഖ്യാപനം.
1972 ഫെബ്രുവരി 13: സഹായമെത്രാനായി സ്ഥാനാഭിഷേകം.
1977 ഫെബ്രുവരി 26: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാൻ.
1977 മേയ് 12: മെത്രാനായി സ്ഥാനാഭിഷേകം.
1985 നവംബർ 16: ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പായി നിയമനം.
1986 ജനുവരി 17: മെത്രാപ്പൊലീത്തയായി സ്ഥാനാഭിഷേകം.
1993: കെസിബിസി ചെയർമാൻ.
1994 ഫെബ്രുവരി 28: സിബിസിഐ അധ്യക്ഷൻ.
1996 ഫെബ്രുവരി 21: രണ്ടാം തവണയും സിബിസിഐ അധ്യക്ഷൻ.
2007 മാർച്ച് 20: ആർച്ച് ബിഷപ് സ്ഥാനത്തുനിന്നു വിരമിക്കൽ.
സമൂഹത്തിനൊപ്പം
കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനായിരിക്കെ പീരുമേട് ഡവലപ്മെന്റ് സൊസൈറ്റി, മലനാട് ഡവലപ്മെന്റ് സൊസൈറ്റി എന്നിവയ്ക്കു തുടക്കമിട്ടു. കുട്ടനാട് വികസന സമിതി, ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റി എന്നിവയും അദ്ദേഹത്തിന്റെ ശ്രമഫലമായി രൂപംകൊണ്ടവയാണ്. 1972ൽ മാർ പൗവത്തിലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച യുവദീപ്തിയാണു കെസിവൈഎം എന്ന കത്തോലിക്കാ യുവജനസംഘടനയായി വളർന്നത്.
English Summary : Life of Mar Joseph Powathil