ADVERTISEMENT

കണ്ണൂർ ∙ റബർ താങ്ങുവില കിലോഗ്രാമിനു 300 രൂപയാക്കിയാൽ ബിജെപിക്കു മലയോര കർഷകർ പിന്തുണ നൽകുമെന്നു തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. മലയോര കർഷകരെ ബിജെപി സഹായിച്ചാലും എൽഡിഎഫ് സഹായിച്ചാലും അവർക്കൊപ്പം നിൽക്കും. ഇതു കത്തോലിക്കാ സഭയുടെ നിലപാടല്ലെന്നും മലയോര കർഷകരുടെ നിലപാടാണെന്നും മാധ്യമങ്ങളോട് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.  

 ‘ബിജെപിയെ സഹായിക്കാമെന്നു കർഷകറാലിയിൽ പറഞ്ഞിട്ടില്ല. റബറിന്റെ വില 300 രൂപയാക്കിയാൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാമെന്നാണു പറഞ്ഞത്. റബറിനു 120 രൂപ കിട്ടുന്ന കർഷകൻ എങ്ങനെ ജീവിക്കും? ഇടതുമുന്നണിക്കും മലയോരത്ത് എംപി ഇല്ല. അവർ സഹായിച്ചാൽ തിരിച്ചും സഹായിക്കും. ബിജെപിയോട് അയിത്തമില്ല, അകൽച്ചയുമില്ല. അവർ കേന്ദ്രം ഭരിക്കുന്ന പാർട്ടിയാണ്.

ഇപ്പോൾ ഞങ്ങളെ സഹായിക്കുന്ന നയം രൂപീകരിക്കാൻ സാധിക്കുക കേന്ദ്രം ഭരിക്കുന്ന ബിജെപിക്കാണ്. ഇത്, എന്റെ ആശയമല്ല, മലയോര കർഷകരുടെ വികാരമാണു ഞാൻ പറഞ്ഞത്. ഇതിനെ മതപരമായോ സഭയുടെ തീരുമാനമായോ ചിത്രീകരിക്കരുത്. കത്തോലിക്കാ സഭയും ബിജെപിയും തമ്മിൽ സഖ്യനീക്കം എന്ന നിലയിൽ ഇതിനെ ദുർവ്യാഖ്യാനം ചെയ്യരുത്. റബർ വില സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു നിസ്സാരമായി തോന്നുന്നുണ്ടാകും. പക്ഷേ, മലയോര കർഷകന് അതത്ര നിസ്സാരമല്ല. ഇടതുമുന്നണിയുമായി ഏറ്റുമുട്ടലിനു സഭയ്ക്കു താൽപര്യമില്ല. റബർ താങ്ങുവിലയുടെ കാര്യത്തിൽ ഇടതുമുന്നണി സർക്കാർ വാഗ്ദാനം പാലിച്ചിട്ടില്ല. മറ്റു പല കാര്യങ്ങളും അനുഭാവത്തോടെ അവർ ചെയ്തുതന്നിട്ടുണ്ട്.

കർഷകരെ സഹായിക്കാൻ എൽഡിഎഫ്, കോൺഗ്രസ്, ബിജെപി തുടങ്ങി ആരു വന്നാലും പിന്തുണയ്ക്കും. ഏതു പാർട്ടിക്കും ഓഫറുമായി വരാം. ബിജെപി നേതാക്കളടക്കം ആരുമായും ഇക്കാര്യത്തിൽ ഇതുവരെ ചർച്ചയൊന്നും നടത്തിയിട്ടില്ല. പല കാര്യങ്ങളും രാഷ്ട്രീയ നേതാക്കളുമായി ചർച്ച ചെയ്തിട്ടുണ്ട്.

ദേശീയതലത്തിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നതു നിസാരമായി കാണുന്നില്ല. പള്ളി തകർക്കുന്നതിനെ അതിന്റെ ഗൗരവത്തിലാണു കാണുന്നത്. അതേസമയം, റബർ കർഷകന്റെ ജീവിതവും വലുതാണ്. മലയോര കർഷകസമിതികൾ, ഈ നിലപാടു പ്രഖ്യാപിക്കണമെന്ന് എന്നോടു പറഞ്ഞു. അതാണു ഞാൻ ചെയ്തത്’ – മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

ശനിയാഴ്ച ആലക്കോട്ട് പറഞ്ഞത്

ആലക്കോട്ട് ശനിയാഴ്ച കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപതയുടെ ‘കർഷക ജ്വാല’യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞത്:

റബറിന്റെ വില കിലോഗ്രാമിനു 300 രൂപയാക്കിയാൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാൻ കേരളത്തിൽനിന്ന് എംപി ഇല്ലാത്തതിന്റെ വിഷമം കുടിയേറ്റജനത മാറ്റിത്തരും. കുടിയേറ്റജനതയുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ രാഷ്ട്രീയമായി പ്രതികരിക്കണം. വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തിൽ വിലയില്ല. കർഷകർക്കെതിരെയുള്ള ജപ്തി നടപടികൾ അവസാനിപ്പിക്കണം. വായാട്ടുപറമ്പിലെ ഒരു കർഷകൻ കേരള ബാങ്കിൽനിന്ന് രണ്ടു ലക്ഷം രൂപ വായ്‌പയെടുത്ത് 2.8 ലക്ഷം രൂപ തിരിച്ചടച്ചിട്ടും ജപ്തി നടപടിയിലേക്ക് കടന്നത് അനീതിയാണ്. ആറളത്ത് ആനമതിൽ പ്രഖ്യാപിച്ച് വർഷങ്ങളായിട്ടും നടപ്പായില്ല. പത്തുപേരെ ആക്രമിച്ചാൽ മാത്രമേ പുലിയെ വെടിവയ്ക്കാൻ പറ്റൂ എന്നാണു വനംവകുപ്പ് പറയുന്നത്. അങ്ങനെയെങ്കിൽ എങ്ങനെ കർഷകരുടെ അതിജീവനം സാധ്യമാകും. 

കാടുകാണാത്ത കാട്ടുപന്നിയെ വന്യമൃഗമായി കണക്കാക്കേണ്ടതില്ല. നമ്മുടെ പറമ്പിൽ പെറ്റുപെരുകിയവ എങ്ങനെ കാട്ടുപന്നിയാകും? 400കെവി ഇലക്ട്രിക് ലൈൻ വരുന്നുണ്ട്. ലൈൻ വന്നാൽ പ്രശ്നമില്ലെന്നാണു സർക്കാർ പറയുന്നത്. ഇതിനായി ലൈനിന് ഇരുവശത്തായി 42 മീറ്റർ ഭൂമി കർഷകർ വിട്ടുകൊടുക്കണം. ഈ ഭൂമിക്ക് മാർക്കറ്റ് വിലയുടെ ഇരട്ടി കിട്ടിയാൽ മാത്രമേ കർഷകർ വിട്ടുകൊടുക്കുകയുള്ളൂ. ബഫർ സോൺ വിഷയത്തിൽ നിലവിലെ നയങ്ങൾ മാറ്റി കർഷകർക്കായി കോടതികളിൽ സംസാരിക്കാൻ സർക്കാർ തയാറാകണം.

 

‘‘ഇന്ത്യയെമ്പാടും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന ബിജെപിയോടും ആർഎസ്എസിനോടും സഹകരിക്കാനുള്ള തീരുമാനം ആരെടുത്താലും അതു നല്ലതല്ല. ബിജെപിയുടെ സോഷ്യൽ എൻജിനീയറിങ് കേരളത്തിൽ നടപ്പാകില്ല. റബർ വില മാത്രമല്ല പ്രശ്നം. അടുത്ത കാലത്തായി ന്യൂനപക്ഷങ്ങൾക്കെതിരെ ഏകദേശം 600 ആക്രമണങ്ങളാണ് രാജ്യത്തുണ്ടായത്. ഫെബ്രുവരിയിൽ എഴുപതിലേറെ ക്രിസ്ത്യൻ സംഘടനകൾ ഇതിനെതിരെ ജന്തർമന്തറിൽ സമരം ചെയ്തിരുന്നു. കേരളത്തിൽനിന്നുള്ള ക്രിസ്ത്യൻ പുരോഹിതരടക്കം ഈ അക്രമങ്ങൾക്കെതിരെ ഒപ്പിട്ട് മെമ്മോറാണ്ടവും സമർപ്പിച്ചിരുന്നു. ക്രിസ്ത്യൻ, മുസ്‌ലിം, ഹിന്ദു ന്യൂനപക്ഷങ്ങളെ ഒപ്പംനിർത്താനാണ് സിപിഎം ശ്രമിക്കുന്നത്.’’

 

എം.വി.ഗോവിന്ദൻ, സിപിഎം സംസ്ഥാന സെക്രട്ടറി

‘‘കുടിയേറ്റ മേഖലകളിലെ റബർ കർഷകരുടെ വികാരമായിരിക്കാം ആർച്ച് ബിഷപ് പറഞ്ഞത്. അതിന്റെ പേരിൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാനാവില്ല. ക്രിസ്ത്യാനികളെ ആക്രമിക്കുന്ന ഭരണകൂടമാണു കേന്ദ്രത്തിലേത്.’’ 

വി.ഡി.സതീശൻ, പ്രതിപക്ഷ നേതാവ്

 

‘‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കേരളത്തിൽ ജനപിന്തുണ വർധിക്കുന്നതിന്റെ തെളിവാണു മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന. സ്വാഭാവിക റബറിന്റെ ഇറക്കമതിച്ചുങ്കം 25 ശതമാനമാക്കി റബർ കർഷകർക്ക് ഏറ്റവും അനുയോജ്യമായ തീരുമാനമെടുത്തതു മോദി സർക്കാരാണ്. കർഷകർക്കായി കേന്ദ്ര സർക്കാരിനെക്കൊണ്ടു ചെയ്യിക്കാവുന്നതെല്ലാം ബിജെപി കേരള ഘടകം ചെയ്യും. കേരളം ഭരിച്ച ഇരു മുന്നണികളും പതിവായി കർഷകദ്രോഹപരമായ നടപടികളാണെടുത്തത്.’’

കെ.സുരേന്ദ്രൻ, ബിജെപി സംസ്ഥാന പ്രസിഡന്റ്

‘‘കേന്ദ്രത്തിന്റെ മോശം നയത്തിനെതിരായ പ്രതികരണമാണ് മാർ ജോസഫ് പാംപ്ലാനി നടത്തിയത്. റബർ വിലയിടിവിനും കർഷകരുടെ പ്രതിസന്ധിക്കും കാരണം കേന്ദ്രസർക്കാർ നയങ്ങളാണ്. ഈ നയങ്ങൾ തിരുത്തണമെന്നാണു ബിഷപ് പറഞ്ഞത്. സഭയും കേരള കോൺഗ്രസും കർഷകരെ സഹായിക്കാനാണു ശ്രമിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കർഷകവിരുദ്ധ കേന്ദ്രനയങ്ങൾ ചർച്ചയാകും. സഭയ്ക്കു രാഷ്ട്രീയമില്ല.’’

ജോസ് കെ.മാണി,  കേരള കോൺഗ്രസ് (എം) ചെയർമാൻ

‘‘ആർഎസ്‍എസും ബിജെപിയും ക്രൈസ്തവ ന്യൂനപക്ഷ സംരക്ഷകരായി രംഗത്തുവന്ന സാഹചര്യത്തിൽ, കുറുക്കൻ ഒരി‍ക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമി‍ല്ലെന്നു മനസ്സിലാക്കണം.’’

മന്ത്രി എം.ബി.രാജേഷ്

English Summary: Mar Joseph Pamplany promises votes for BJP if rubber price hiked

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com