ADVERTISEMENT

2019ൽ നവതിയുടെ നിറവിൽ സംസാരിക്കുമ്പോഴും കേരളത്തിലെ കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യവും വ്യക്തവുമായിരുന്നു മാർ ജോസഫ് പൗവത്തിലിന്റെ നിലപാട്. ‘മനോരമ’യ്ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു: ‘മേജർ ആർച്ച് ബിഷപ്പിനായി പ്രത്യേക രൂപത രൂപീകരിച്ചാൽ മാത്രമേ എറണാകുളം – അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ അവസാനിക്കുകയുള്ളൂ. റോമിൽനിന്നെത്തിയ വൈറ്റ് കമ്മിഷനോടു ഞാൻ ഇക്കാര്യം നിർദേശിച്ചിട്ടുള്ളതാണ്. കേരളത്തിലെ ചില സഭകളിൽ അത്തരം സഭാതലവൻമാരുണ്ട്. 

ഇപ്പോഴത്തെ നിലയ്ക്കാണു കാര്യങ്ങൾ പോകുന്നതെങ്കിൽ ഭാവിയിൽ മലയാളിയല്ലാത്ത ഒരാൾപോലും സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് സ്ഥാനത്തേക്ക് എത്താനും അതിനെ തദ്ദേശീയർ എതിർക്കാനുംവരെ സാധ്യതയുണ്ട്.’ സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ വിഷയങ്ങളിൽ സുചിന്തിതവും നിർണായകവുമായ ഇടപെടലുകൾ നടത്തിയപ്പോഴും സഭയുമായും ആരാധനാക്രമവുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ എന്നും ജാഗരൂകനായിരുന്നു മാർ പൗവത്തിൽ. 

ബനഡിക്ട് പതിനാറാമൻ മാർപാപ്പ ‘സിറോ മലബാർ സഭയുടെ കിരീടം’ എന്നു മാർ പൗവത്തിലിനെ വിശേഷിപ്പിക്കാൻ കാരണവും മറ്റൊന്നല്ല. 

വിവാദങ്ങളിൽ വീഴാതെ, നിലപാടുകളിൽ ഉറച്ച് 

കേരളസഭയെ അതിന്റെ മൗലികശോഭയിൽ അവതരിപ്പിക്കുകയെന്ന ദൗത്യം വെല്ലുവിളിയോടെ ഏറ്റെടുത്ത മാർ പൗവത്തിലിനു പക്ഷേ, പലപ്പോഴും അതിന്റെ പേരിൽ വിവാദനായകനാകേണ്ടി വന്നു. സിറോ മലബാർ സഭയിൽനിന്നു തന്നെ എതിർപ്പുകളുമുയർന്നു. മേജർ ആർച്ച് ബിഷപ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടുന്ന ഘട്ടംവരെ എത്തിയെങ്കിലും സഭയിലെ ഒരു വിഭാഗം അദ്ദേഹത്തിന്റെ വഴിതടയുന്നതിൽ വിജയിക്കുകയും ചെയ്തു. എന്നിട്ടുപോലും, ആരാധനാക്രമവുമായി ബന്ധപ്പെട്ട തന്റെ നിലപാടുകളിൽനിന്നു കടുകിട അദ്ദേഹം വ്യതിചലിച്ചില്ല. കാരണം, സഭാധികാരിയെന്ന നിലയിലുള്ള തന്റെ ഉയർച്ചയെക്കാൾ സഭയുടെ തനിമയ്ക്കും സഭാമാതാവിന്റെ വ്യക്തിത്വത്തിനും വിലകൊടുത്ത ഇടയനായിരുന്നു മാർ പൗവത്തിൽ. 

പൗരസ്ത്യസഭയുടെ പ്രവാചകൻ 

സഭയുടെ പ്രവർത്തനങ്ങളുടെ ഉച്ചകോടിയും സഭയുടെ അസ്തിത്വത്തിന്റെ ഊർജസ്രോതസ്സുമാണ് ആരാധനാക്രമമെന്ന വത്തിക്കാൻ സൂനഹദോസിന്റെ പ്രമാണരേഖയെ അതിന്റെ പൂർണതയിൽ ഉൾക്കൊണ്ട വൈദിക മേലധ്യക്ഷനാണു മാർ പൗവത്തിൽ. ആരാധനാക്രമത്തിനു പ്രാധാന്യം കൊടുക്കാത്ത ഭക്താഭ്യാസങ്ങൾ ആത്മീയ ജീവിതത്തിനു ഭീഷണിയാണെന്നു തുറന്നടിച്ച അദ്ദേഹം വൈകാരിക സംതൃപ്തിമാത്രം ലക്ഷ്യമിടുന്ന അത്തരം ഭക്തിപ്രകാശനങ്ങൾ ക്രിസ്ത്യാനിയെ ആത്മീയപക്വതയിലേക്കു നയിക്കുകയില്ലെന്ന തന്റെ വീക്ഷണം ഒരിക്കലും മറച്ചുപിടിച്ചില്ല. പാശ്ചാത്യ മിഷനറിമാരുടെ സാന്നിധ്യംമൂലം കേരളസഭയ്ക്കു കൈമോശം വന്ന തനിമയും വ്യക്തിത്വവും പുനഃസ്ഥാപിക്കൽ തന്റെ ദൗത്യമായി അദ്ദേഹം ഏറ്റെടുത്തു. പൗരസ്ത്യ സവിശേഷതകളെ അവഗണിച്ചും ലത്തീൻ ആഭിമുഖ്യത്തിനു മുൻതൂക്കം കൊടുത്തും നിർമിച്ച 1968ലെ കുർബാന തക്സായുടെ (ക്രമം) രൂപീകരണവേളയിൽത്തന്നെ പ്രതിഷേധമറിയിച്ചവരിൽ പ്രമുഖനായിരുന്നു അന്നു വൈദികനായിരുന്ന പൗവത്തിൽ. 1986ൽ കോട്ടയത്തുവച്ച് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഉദ്ഘാടനം ചെയ്ത സിറോ മലബാർ സഭയുടെ കുർബാനക്രമം തയാറാക്കിയതു മാർ പൗവത്തിൽ അധ്യക്ഷനായ എപ്പിസ്കോപ്പൽ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ്. കുർബാനക്രമത്തെക്കുറിച്ചു ചിലർ തർക്കമുയർത്തിയപ്പോൾ സ്വന്തം രൂപതയിൽ അതു മാതൃകാപരമായി നടപ്പിലാക്കി അദ്ദേഹം മുന്നിൽ നിന്നു. പുതുതായി നിർമിക്കപ്പെടുന്ന ദേവാലയങ്ങൾ പൗരസ്ത്യ ആരാധനാക്രമ സങ്കൽപത്തിന് അനുയോജ്യമായിരിക്കണമെന്ന നിർബന്ധവും അദ്ദേഹവും പുലർത്തി.

English Summary : Mar Joseph Powathil on spirituality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com