ജീവിതവിശുദ്ധി, നീതിബോധം; നിലപാടുകളിലെ വ്യക്തത

HIGHLIGHTS
  • സെമിനാരിയിലേക്ക് പോകുമ്പോൾ സ്വർണമാല ഊരി അമ്മയെ ഏൽപിച്ചു. ലൗകികതയുമായുള്ള ബന്ധം അന്ന് അവസാനിച്ചു. തികഞ്ഞ ജീവിത വിശുദ്ധിയും നീതിബോധവും നിലപാടുകളിലെ വ്യക്തതയുമായിരുന്നു പിന്നീട് ഇന്നു വരെ അണിഞ്ഞ ഏറ്റവും മാറ്റുള്ള ആഭരണങ്ങൾ.
മാർ പൗവത്തിൽ (ഫയൽ ചിത്രം)
SHARE

ചങ്ങനാശേരി അതിരൂപതയിൽ തന്റെ പിൻഗാമിയെന്നു കാവുകാട്ട് പിതാവ് കരുതിയതുകൊണ്ടുകൂടിയാവാം സാമ്പത്തിക ശാസ്ത്രത്തിൽ ഉപരിപഠനത്തിനു ഫാ. ജോസഫ് പൗവത്തിലിനെ ഓക്സ്ഫഡ് സർവകലാശാലയിലേക്ക് അയച്ചത്. മെത്രാൻ പദവിയിലേക്കു പരിഗണിക്കാൻ വത്തിക്കാനിലേക്ക് അവസാനം നൽകിയ വൈദിക പട്ടികയിൽ കാവുകാട്ടു പിതാവ് തന്റെ പേരും ഉൾപ്പെടുത്തിയിരിക്കാം എന്ന ഊഹം പൗവത്തിൽ പിതാവ് പിന്നീടു പങ്കുവച്ചിട്ടുണ്ട്. 

എന്തായാലും 1970ൽ മാർ ആന്റണി പടിയറ റോമിൽ ചെന്നപ്പോൾ ഫാ. പൗവത്തിലിന്റെ പേരു ചർച്ചയായി. അവിടെ പടിയറപ്പിതാവിനോട് ഉണ്ടായ ചോദ്യം ഇതായിരുന്നു: ‘എങ്ങനെയാണ് ഒരു വിദ്യാർഥിയെ ബിഷപ്പാക്കുന്നത്?’ അന്ന് ഫാ.പൗവത്തിൽ ഓക്സ്ഫഡിൽ സാമ്പത്തിക വികസന ഡിപ്ലോമ കോഴ്സ് ചെയ്യുകയാണ്. മടങ്ങിവന്ന് എസ്ബി കോളജിൽ അധ്യാപകനായിരിക്കെയാണു സഹായമെത്രാനായി നിയമിതനാവുന്നത്, 1972ൽ.

വൈദികനായിട്ടു പത്തു വർഷമേ ആയിട്ടുള്ളൂ. അപ്പോൾ മെത്രാൻപട്ടത്തിനു യോഗ്യനെന്നു ഗണിക്കപ്പെടണമെങ്കിൽ അതിനു തക്ക കാരണങ്ങളുണ്ട്. പഠനത്തിൽ മിടുക്കനായിരുന്നുവെന്നതിൽ തുടങ്ങണം. പത്താം ക്ലാസിലും ഇന്റർമീഡിയറ്റിനും ഫസ്റ്റ് ക്ലാസ്, ഇക്കണോമിക്സ് ബിരുദത്തിന് എസ്ബിയിൽ രണ്ടാം റാങ്ക്. ബിരുദത്തിന് ആദ്യം ഫിസിക്സ് മെയിൻ എടുത്തിട്ട് പിന്നീട് ഇക്കണോമിക്സിലേക്കു മാറുന്നതു തന്നെ വൈദികനാകുമ്പോൾ സാമൂഹിക വിഷയങ്ങൾ പഠിച്ചിരിക്കുന്നതു ഗുണകരമാകുമെന്ന ചിന്തയിലാണ്. എം.പി.പോൾ, സി.എ.ഷെപ്പേഡ്, പി.വി.ഉലഹന്നാൻ മാപ്പിള, പി.ആർ.കൃഷ്ണയ്യർ, ഒ.സി.വർഗീസ് തുടങ്ങിയ പ്രഗല്‌ഭരുൾപ്പെട്ട അധ്യാപകനിരയാൽ എസ്ബി പ്രശോഭിതമായിരുന്ന കാലമാണത്. 

ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്കൊപ്പം.

രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുന്ന രാത്രിയിൽ ജവാഹർലാൽ നെഹ്റു നടത്തിയ പ്രസംഗം ‘വിവരണാതീതമായ വികാരവായ്പോ‍ടെ’ താനും സുഹൃത്തുക്കളും കോളജ് ഹോസ്റ്റിലിലിരുന്ന് റേഡിയോയിലൂടെ കേട്ടതിനെക്കുറിച്ച് മാർ പൗവത്തിൽ പിന്നീട് എഴുതിയിട്ടുണ്ട്; മഹാത്മാഗാന്ധി വധിക്കപ്പെട്ടതിനെക്കുറിച്ചുള്ള വാർ‍ത്ത കേട്ടപ്പോൾ തന്നെയുൾപ്പെടെ ബാധിച്ച ശോകത്തെക്കുറിച്ചും. 

മാർ പൗവത്തിലിന്റെ വാക്കുകളിൽ, ‘എഴുത്തും വായനയും പഠിച്ചാൽ ധാരാളമെന്നു പലരും ചിന്തിക്കുന്ന കാലത്താണ്’  ഇക്കണോമിക്സിൽ എംഎയ്ക്കു ചേരാൻ മാതാപിതാക്കൾ ചെന്നൈയിൽ ലയോള കോളജിലേക്ക് അയയ്ക്കുന്നത്. ലയോളയും പുണെയിലെ പേപ്പൽ സെമിനാരിയുമാണു പൗവത്തിലിലെ ധിഷണാശാലിയെ വാർത്തെടുത്തത്. 

അയർലൻഡ്, ഇറ്റലി, ജർമനി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ജസ്വിറ്റ് വൈദികരാണ് അന്നു ലയോളയിലെ പ്രധാന അധ്യാപകർ. ഇന്ത്യയുടെ ഭരണഘടനാ സഭയിൽ അംഗമായിരുന്ന ഫാ. ജെറോം ഡിസൂസയാണ് പ്രിൻസിപ്പൽ. സംവരണത്തിലൂടെയല്ല ഭരണഘടനാ വ്യവസ്ഥകളിലൂടെത്തന്നെ ക്രൈസ്തവ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നു ഫാ. ഡിസൂസ ഉന്നയിച്ച വാദം പിന്നീടു പൗവത്തിൽ പിതാവ് സ്വീകരിച്ച നിലപാടുകളിലും കണ്ടു. 

വൈവിധ്യത്തിന്റെ സൗന്ദര്യം ലയോളയിൽനിന്ന് മനസിലാക്കി; വൈവിധ്യത്തിന്റെ ഐക്യത്തിനൊപ്പം അതിലെ ഓരോ ഘടകത്തിന്റെയും തനിമ സംരക്ഷിപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബ്രദർ പൗവത്തിൽ വ്യക്തത നേടുന്നത് പുണെയിലെ പഠനകാലത്താണ്. അതിനു മുൻപ്, ചങ്ങനാശേരി പാറേൽ മൈനർ സെമിനാരിയിൽ വിദ്യാർഥിരിക്കുമ്പോഴാണ് ഉദയംപേരൂർ സൂനഹദോസിനെക്കുറിച്ച് ലേഖനം തയ്യാറാക്കുന്നത്. കർദിനാൾ യൂജിൻ തിസറാങ് കേരളം സന്ദർശിക്കുമ്പോൾ നൽകാൻ ഈ ലേഖനം എഴുതുന്നതിന് നിയോഗിക്കപ്പെടുമ്പോഴാണ് സഭയുടെ വ്യക്തിത്വത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കാനും പഠിക്കാനും ശ്രമിക്കുന്നത്. ഉൾവലിഞ്ഞ പ്രകൃതമെന്നൊക്കെ പലരും പറയുമെങ്കിലും, പാറേലും പുണെയിലും വച്ച് രണ്ടു നാടകങ്ങളിലും ബ്രദർ പൗവത്തിൽ അഭിനയിച്ചു. പുണെയിൽ, ‘ഇംഗ്ലിഷ് അക്കാദമി’യെന്ന ഡിബേറ്റിങ് കൂട്ടായ്മയുടെ പ്രസിഡന്റുമായിരുന്നു.

ബെനഡിക്ട് മാർപാപ്പയ്ക്കൊപ്പം.

അപ്പോൾ, പൗവത്തിലിലെ മികവ് ഓക്സഫഡിനും ഏറെ മുൻപേ തിരിച്ചറിയപ്പെട്ടിരുന്നു. 1972ൽ സഹായമെത്രാനായി അഞ്ചു മാസം പോലും തികയുംമുൻപാണു കേരളത്തിലെ അന്നത്തെ സർക്കാരിനെതിരെ സ്വകാര്യ മാനേജ്മെന്റുകളുടെ വിദ്യാഭ്യാസ സമരം. സമരത്തിൽ കത്തോലിക്കാ സഭയുടെ ഭാഗത്തുനിന്ന് നേതൃത്വം നൽകാൻ ബിഷപ് പൗവത്തിൽ നിയോഗിക്കപ്പെട്ടു. കളത്തിൽ വേലായുധൻ നായരുടെയും കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയുടെയും കെ.എം.ജോർജിന്റെയുമൊക്കെ ഒപ്പം നിന്ന് ബിഷപ് സമരം നയിച്ചു. 

മെത്രാൻമാർ സമരത്തിനിറങ്ങാമോ എന്നായിരുന്നു അന്നത്തെ ഒരു ചോദ്യം. അന്ന്, 1972 ജൂലൈ മൂന്നിന് ചങ്ങനാശേരിയിലെ സമ്മേളനത്തിൽ ബിഷപ് പൗവത്തിൽ പറഞ്ഞു: ‘സഭയ്ക്കു മാർഗനിർദേശം നൽകാൻ സഭാധ്യക്ഷൻ എന്ന നിലയിലും സമുദായത്തിന്റെയും രാജ്യത്തിന്റെയും ഉത്തമ താൽപര്യങ്ങൾ  സംരക്ഷിക്കേണ്ട പൗരൻ എന്ന നിലയിലും മെത്രാൻമാർക്ക് വിദ്യാഭ്യാസ പ്രശ്നത്തിൽ ഇടപെടാൻ അവകാശമുണ്ട്. ഫീസ് ഏകീകരണമെന്ന പരിഷ്കരണത്തിനു പിന്നിൽ പല അമ്പുകളും ഒളിഞ്ഞിരിപ്പുണ്ട്. ഭരണകക്ഷിയുടെ രാഷ്ട്രീയ നയത്തിൽ പ്രതിഫലിച്ചുകാണുന്നത് ഏകാധിപത്യ പ്രവണതയാണ്.’

അന്നു പറഞ്ഞ ഈ വാദത്തെ ന്യൂനപക്ഷ അവകാശങ്ങൾകൂടി ഉൾപ്പെടുത്തി വിശാലമാക്കുകയാണ് വിഎസ് സർക്കാരിന്റെ കാലത്ത് സ്വാശ്രയ കോളജ് വിഷയത്തിൽ ആർച്ബിഷപ് പൗവത്തിൽ ചെയ്തത്. ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് വിശ്വാസത്തോടു ബന്ധപ്പെട്ട ധാർമികത പ്രധാനമാണെന്നും ഈ വിഭാഗങ്ങളുടെ ഭദ്രതാബോധം ജനാധിപത്യത്തിൽ സുപ്രധാനമാണെന്നും ഭരണഘടന തയ്യാറാക്കിയവർക്ക് ഈ ബോധ്യം ഉണ്ടായിരുന്നുവെന്നും അന്ന് മാർ പൗവത്തിൽ വാദിച്ചു.  സാമൂഹിക നീതിയെക്കുറിച്ച് സമുദായങ്ങൾ‍ക്കും നല്ല ബോധ്യമുണ്ടെന്നും കൂട്ടിച്ചേർത്തു. അങ്ങനെ പറയുമ്പോൾ, തന്റെ നേതൃത്വത്തിൽ ചങ്ങനാശേരിയിൽ നിർധന, ദലിത് വിഭാഗങ്ങൾക്കായും  കാഞ്ഞിരപ്പള്ളിയിൽ ആദിവാസിമേഖലകളിലുൾപ്പെട്ടവർക്കും വേണ്ടി നടപ്പാക്കിയ സാമൂഹികനീതിപരമായ ഒട്ടേറെ ഇടപെടലുകളുടെ 

കർദിനാൾ മാർ ആന്റണി പടിയറ, പോൾ ആറാമൻ മാർപാപ്പ എന്നിവർക്കൊപ്പം.

പട്ടികയും അദ്ദേഹത്തിന്റെ ഓർമയിലുണ്ടായിരുന്നു. പുണെയിൽവച്ച് വൈദികപട്ടമേറ്റശേഷം ആദ്യ ബലിയർപ്പണത്തിനായി ജൻമനാട്ടിൽ ചെല്ലുമ്പോൾ മാതാപിതാക്കളോട് അദ്ദേഹം പറഞ്ഞു: ‘ആഘോഷങ്ങൾ വേണ്ട, അതിന്റെ പണം ഒരു വീടു വയ്ക്കാനോ മറ്റു ജീവകാരുണ്യപ്രവർത്തനങ്ങൾക്കോ നൽകുക.’ മെത്രാനായി അഭിഷിക്തനാകാൻ‍ റോമിലേക്ക് പോകുംമുൻപ് അദ്ദേഹം പടിയറ പിതാവിനോടും മറ്റും പറഞ്ഞു: ‘തിരികെ വരുമ്പോൾ എനിക്കു സ്വീകരണച്ചടങ്ങൊന്നും വേണ്ട. ആ പണംകൊണ്ട് ജീവകാരുണ്യ നിധി തുടങ്ങാം.’ ആ നിർദേശങ്ങൾ പാലിക്കപ്പെടുകയും ചെയ്തു. 

ലയോളയിൽനിന്നു മടങ്ങിവന്ന്, മൈനർ സെമിനാരിയിലേക്ക് പോകുമ്പോഴാണ് സ്വർണമാല ഊരി അമ്മയെ ഏൽപിക്കുന്നത്. ലൗകികതയുമായുള്ള ബന്ധം അന്ന് അവസാനിച്ചു. തികഞ്ഞ ജീവിതവിശുദ്ധിയും നീതിബോധവും നിലപാടുകളിലെ വ്യക്തതയുമായിരുന്നു പഠിച്ചും ചിന്തിച്ചും വാദിച്ചുമുള്ള ആ ജീവിതം പിന്നീടിന്നുവരെ അണിഞ്ഞ ഏറ്റവും മാറ്റുള്ള ആഭരണങ്ങൾ. 

English Summary : Writeup about Mar Joseph Powathil 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS