ADVERTISEMENT

പാലക്കാട് ∙ ഹയർ സെക്കൻഡറി പരീക്ഷയെന്നു കേൾക്കുമ്പോൾ കുട്ടികളെക്കാൾ ഭയമായിരിക്കുകയാണ് അധ്യാപകർക്ക്. ഒരേ ദിവസം വ്യത്യസ്ത വിഷയങ്ങളിൽ നടക്കുന്ന ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പിലെ അശാസ്ത്രീയത ഏറെ പ്രയാസമാകുന്നതായി പ്രിൻസിപ്പൽമാരും അധ്യാപകരും പറയുന്നു. ഹയർ സെക്കൻഡറിയിൽ വേണ്ടത്ര അധ്യാപകർ ഇല്ലാത്തതിനാൽ പരീക്ഷാ ഹാളുകളിൽ ഇൻവിജിലേറ്റർമാരായി എൽപി, യുപി, ഹൈസ്കൂൾ, ബിആർസി അധ്യാപകരെയും നിയമിക്കും. ഈ വർഷം ഇൻവിജിലേറ്റർമാരെ നിയമിച്ചതാകട്ടെ പരീക്ഷ തുടങ്ങുന്നതിനു തലേദിവസം രാത്രി. അതിനാൽ പരീക്ഷയ്ക്കു മുൻപുള്ള പരിശീലനം ഇവർക്കു നൽകാൻ കഴിഞ്ഞില്ല. 

പരീക്ഷാ നടത്തിപ്പിൽ അധ്യാപകർ ചൂണ്ടിക്കാണിക്കുന്ന പ്രധാന പരാതികൾ:

 

പരീക്ഷ തീരുന്നതു പല സമയത്ത്

30 വിദ്യാർഥികളാണ് ഒരു ഹാളിൽ പരീക്ഷ എഴുതുന്നത്. ഒരേസമയം 5 വ്യത്യസ്ത വിഷയങ്ങളിൽ വരെ പരീക്ഷ എഴുതുന്നവർ ഉണ്ടാകും. ബോട്ടണി, സുവോളജി വിഷയങ്ങൾക്ക് ഒരു മണിക്കൂർ വീതവും പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾക്കു 2 മണിക്കൂറും പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾക്കു രണ്ടര മണിക്കൂറുമാണു പരീക്ഷ. ബോട്ടണി പരീക്ഷയുടെ പേപ്പർ ഒരു മണിക്കൂർ കൊണ്ട് വാങ്ങി അവർക്ക് സുവോളജിയുടെ ഉത്തരക്കടലാസും ഇൻവിജിലേറ്റർ ഇതിനകം നൽകണം. ഇതിനിടയിൽ പരീക്ഷ എഴുതുന്ന കുട്ടികളെ ഹാൾ ടിക്കറ്റ് നോക്കി തിരിച്ചറിയുകയും റജിസ്റ്റർ നമ്പർ ഉൾപ്പെടെ എഴുതിയതു ശരിയാണെന്ന് ഉറപ്പു വരുത്തുകയും വേണം. കൂടുതൽ സമയം പരീക്ഷ എഴുതേണ്ട വിദ്യാർഥികൾക്കു പരീക്ഷാ ഹാളിലെ ഇത്തരം തിരക്കുകൾ പ്രയാസമുണ്ടാക്കുകയും ചെയ്യും.

 

ബാർ കോഡും  മോണോഗ്രാമും

വിദ്യാർഥികൾക്കു നൽകുന്ന ഉത്തരക്കടലാസിലുമുണ്ട് വ്യത്യാസം. രണ്ടാം വർഷ സയൻസ് വിദ്യാർഥികളുടെ ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങൾക്കു ബാർ കോഡ് ഉള്ള ഉത്തരക്കടലാസാണു നൽകുന്നത്. ഈ പേപ്പറിൽ വിദ്യാർഥികൾ ഉത്തരം എഴുതിക്കഴിഞ്ഞാൽ ഇൻവിജിലേറ്റർ അവസാന ഭാഗത്ത് ഒപ്പ് ഇടണം. മറ്റു വിഷയങ്ങൾക്ക് ഒപ്പിനു പകരം മോണോഗ്രാമും (സീൽ) പതിക്കണം. ഇരട്ട മൂല്യനിർണയമുള്ള വിഷയങ്ങൾക്കു മാത്രമാണ് ഉത്തരക്കടലാസിൽ ബാർ കോഡ് ഉപയോഗിക്കുന്നത്. 

കുട്ടികളുടെ റജിസ്റ്റർ നമ്പർ എഴുതിയതിൽ ഓവർ റൈറ്റിങ്, മോണോഗ്രാമും ഒപ്പും തമ്മിൽ മാറുക തുടങ്ങിയ തെറ്റുകൾ പരീക്ഷാ പേപ്പറിൽ സംഭവിച്ചാൽ ഇൻവിജിലേറ്റർ, പ്രിൻസിപ്പൽ, ഡപ്യൂട്ടി ചീഫ്, വിദ്യാർഥി എന്നിവരെ തിരുവനന്തപുരത്തേക്കു വിളിപ്പിക്കുകയും ഹിയറിങ് നടത്തുകയും ചെയ്യും. അപാകതകൾ കണ്ടെത്തിയാൽ പ്രിൻസിപ്പൽമാർ പിഴ അടക്കമുള്ള ശിക്ഷാനടപടികൾ നേരിടേണ്ടി വരും.

 

തപാൽ വൈകരുത്

12.30ന് അധ്യാപകർ പരീക്ഷാ ഹാളിൽ നിന്നു പുറത്തെത്തിയാൽ വിവിധ ഉത്തരക്കടലാസുകൾ വ്യത്യസ്ത കെട്ടുകളിലാക്കി 3 മണിക്കു മുൻപു തപാൽ ഓഫിസിൽ എത്തിക്കണം. ഉത്തരക്കടലാസുകൾ കെട്ടുകളാക്കുന്നതിനു വിദ്യാഭ്യാസ വകുപ്പിന്റെയും തപാൽ വകുപ്പിന്റെയും മാനദണ്ഡങ്ങളും പാലിക്കണം. അനധ്യാപക ജീവനക്കാർ ഇല്ലാത്തതിനാൽ ഈ ജോലികളെല്ലാം പ്രിൻസിപ്പലും ഡപ്യൂട്ടി ചീഫ് ചുമതലയുള്ള അധ്യാപകരും ചെയ്യണം.

 

‘‘ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പ് അനധ്യാപക ജീവനക്കാർ ഇല്ലാതെ നടത്തുന്നതുതന്നെ വലിയ വെല്ലുവിളിയാണ്. സങ്കീർണമായി പരീക്ഷ നടത്തുന്നതിനാലാണു തെറ്റുകൾ സംഭവിക്കുന്നത്. ഇതിനു കടുത്ത ശിക്ഷയാണ് ഏൽക്കേണ്ടി വരുന്നത്.

 

 ഡോ. എൻ.സക്കീർ സൈനുദ്ദീൻ സംസ്ഥാന പ്രസിഡന്റ്, കേരള ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽസ് അസോസിയേഷൻ

 

 

English Summary: Challenges in plus two exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com