ADVERTISEMENT

തൊടുപുഴ ∙ തണുപ്പിലുറഞ്ഞ മൂന്നാറിന്റെ തോട്ടം മേഖലയെ ചൂടുപിടിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ ഇരുവരുടെയും പ്രചാരണം. തമിഴ് വംശജരുടെ വോട്ടുകൾ കൂടുതലുള്ള മണ്ഡലമായതിനാൽ സിനിമാറ്റിക് ശൈലിയിൽ ഇരുമുന്നണികളും പ്രചാരണവുമായി മുന്നേറി. ചെറുപ്പക്കാരനെന്ന നിലയിൽ എ.രാജ പങ്കെടുത്ത പരിപാടികളായിരുന്നു പൊടിപൊടിച്ചത്. 

കൊട്ടും പാട്ടുമായി രാജ മുന്നേറിയപ്പോൾ കോൺഗ്രസിന്റെ പരമ്പരാഗത പ്രചാരണ ശൈലി തന്നെയായിരുന്നു ഡി.കുമാറിന്റെ ആയുധം. അണ്ണാഡിഎംകെ ഔദ്യോഗിക സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയതോടെ, സ്വതന്ത്രനായിരുന്ന എസ്.ഗണേശനെ പാളയത്തിലെത്തിച്ചാണ് എൻഡിഎ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 

അയ്യായിരത്തിലേറെ വോട്ടുകൾക്കു കുമാർ വിജയിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. വോട്ടെണ്ണിത്തുടങ്ങിയപ്പോൾ യുഡിഎഫ് ലീഡ് നേടിയെങ്കിലും തുടർന്ന് എൽഡിഎഫ് ഘട്ടം ഘട്ടമായി ലീഡ് ഉയർത്തി. മറയൂരിൽ 700ൽ അധികം വോട്ടുകൾക്കു ഡി. കുമാർ മുന്നിലെത്തിയെങ്കിലും തൊട്ടടുത്ത് എണ്ണിയ കാന്തല്ലൂർ, വട്ടവട, ദേവികുളം, മൂന്നാർ പഞ്ചായത്തുകളിൽ എ. രാജ 3,000 വോട്ടുകൾക്കു മുന്നിലെത്തി. യുഡിഎഫ് വൻ ലീഡ് പ്രതീക്ഷിച്ച അടിമാലി പഞ്ചായത്തിൽ 260 വോട്ട് മാത്രമാണ് ഡി. കുമാറിന് കൂടുതൽ ലഭിച്ചത്. മാങ്കുളം, ബൈസൺവാലി പഞ്ചായത്തുകളും രാജയെ പിന്തുണച്ചു.

ഡി.കുമാർ

സത്യം ജയിച്ചു: ഡി.കുമാർ

നിയമപ്പോരാട്ടങ്ങൾക്കൊടുവിൽ അനുകൂലവിധി നേടിയെടുത്ത ദേവികുളത്തെ യുഡിഎഫ് സ്ഥാനാർഥി ഡി.കുമാർ സംസാരിക്കുന്നു

ഹൈക്കോടതി വിധി വന്നശേഷം എന്തു തോന്നുന്നു?

സത്യം ജയിച്ചു. വ്യാജരേഖകൾ ഹാജരാക്കിയാണ് രാജ മത്സരിച്ചു വിജയിച്ചതെന്ന് നിതീപീഠം കണ്ടെത്തി. ജനങ്ങളെയാണ് രാജയും സിപിഎമ്മും വ്യാജരേഖകൾ ഹാജരാക്കി മത്സരിച്ചതുവഴി കബളിപ്പിച്ചത്.

∙ സംവരണ മണ്ഡലമായ ദേവികുളത്ത് രാജ മത്സരിച്ച് ജയിച്ചത് വ്യാജരേഖ ഉപയോഗിച്ചാണെന്ന പരാതിയുമായി മുന്നോട്ടുപോകാൻ കാരണം?

ഞാനും രാജയും കുണ്ടള എസ്റ്റേറ്റിലാണ് ജനിച്ചുവളർന്നത്. രാജ ജനിക്കുമ്പോൾ ഞാൻ സജീവ രാഷ്ട്രീയ പ്രവർത്തകനാണ്. കുടുംബപരമായി എല്ലാ കാര്യങ്ങളും എനിക്കറിയാം. 

ഏതു ജാതിയാണ്, മാതാപിതാക്കൾ ആരാധനയ്ക്കായി പോയിരുന്ന സ്ഥലങ്ങൾ, പഠിച്ചത്, 

വളർന്നത് എല്ലാം എനിക്ക് കൃത്യമായി അറിയാമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തെളിവുകൾ ഹാജരാക്കിയാണ് രാജ സംവരണവിഭാഗമായ പറയ സമുദായത്തിലെ അംഗമല്ല, പരിവർത്തിത ക്രിസ്ത്യൻ ആണെന്ന ഉറച്ച നിലപാടിൽ രേഖകളുമായി കോടതിയെ സമീപിച്ചത്.

കോടതിയിൽ വിജയം പ്രതീക്ഷിച്ചിരുന്നോ?

തീർച്ചയായും. രാജ ക്രൈസ്തവ വിശ്വാസിയാണെന്നു തെളിയിക്കുന്ന കൃത്യമായ രേഖകളാണ് കോടതിയിൽ ഹാജരാക്കിയത്. എന്തെങ്കിലും രേഖകൾ ഹാജരാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കാനാകുമോ?

English Summary : Kerala High Court disqualifies Devikulam MLA A Raja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com