ആലുവ ∙ സംസ്ഥാന സർക്കാരിന്റെ സമ്മർ ബംപർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത് അസം സ്വദേശി ആൽബർട്ട് ടിഗ്ഗയ്ക്ക്. 1995 മുതൽ നടി രാജിനി ചാണ്ടിയുടെ എടത്തല കൊടികുത്തുമലയിലെ വീട്ടിലെ ജോലിക്കാരനാണ് അൻപതുകാരനായ ആൽബർട്ട്.
ചൂണ്ടി മാഞ്ഞൂരാൻ ലോട്ടറി ഏജൻസിയിൽ നിന്നാണ് ടിക്കറ്റ് എടുത്തത്. നറുക്കെടുപ്പു നടന്ന ഞായറാഴ്ച ഫലം അറിയാൻ അവിടെ പോയിരുന്നു. ഒന്നാം സമ്മാനം തനിക്കാണെന്നു ഉറപ്പു വരുത്തിയെങ്കിലും വിവരം പുറത്തു വിട്ടില്ല. ഭാഗ്യവാൻ ആരാണെന്ന് അറിഞ്ഞോ എന്ന് ആൽബർട്ട് ജീവനക്കാരോടു തിരക്കി. ഇതുവരെ ആൾ എത്തിയിട്ടില്ലെന്ന് അവർ പറഞ്ഞു.

ലോട്ടറി അടിച്ച വിവരം അസമിലുള്ള ഭാര്യ ആഞ്ജലയെ ആണ് ആദ്യം ഫോൺ ചെയ്ത് അറിയിച്ചത്. പിന്നീടു രാജിനിയോടും ഭർത്താവ് വി.വി. ചാണ്ടിയോടും പറഞ്ഞു. ഇന്നലെ ചാണ്ടിക്കൊപ്പം എസ്ബിഐ ശാഖയിൽ എത്തി ടിക്കറ്റ് ഏൽപിച്ചു.
അസമിൽ ആൽബർട്ടിന്റെ പേരിലുള്ള അക്കൗണ്ട് ആലുവ ശാഖയിലേക്കു മാറ്റിയാണ് ടിക്കറ്റ് കലക്‌ഷന് എടുത്തത്. അസം ഉദൽഗുരി ഡിമാകുച്ചിയിൽ ഒരേക്കർ സ്ഥലവും പഴയൊരു വീടുമുണ്ട് ആൽബർട്ടിന്.
മേൽക്കൂര ചോരുന്നതിനാൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയാണ് ഭാര്യയും മക്കളായ ഏലിയാസും ഡേവിഡും അവിടെ കഴിയുന്നത്. ഒരു വീടുണ്ടാക്കണം. മക്കളെ നന്നായി പഠിപ്പിക്കണം. ഇതു രണ്ടുമാണ് ആൽബർട്ടിന്റെ സ്വപ്നങ്ങൾ. സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്നയാളാണ്.
ഇതുവരെ 3 ലക്ഷത്തോളം രൂപ അതിനു മുടക്കി. 500, 5000 രൂപ വീതമുള്ള സമ്മാനങ്ങൾ മുൻപു ലഭിച്ചിട്ടുണ്ട്. ബംപർ സമ്മാനം അടിച്ചതിനാൽ ഭാവിയിൽ ലോട്ടറി ടിക്കറ്റ് എടുക്കാൻ താൽപര്യമില്ലെന്ന് ആൽബർട്ട് പറഞ്ഞു.
English Summary: Kerala lottery summer bumper winner