ADVERTISEMENT

കണ്ണൂർ ∙ കെട്ടിക്കിടക്കുന്ന മാലിന്യം (ലെഗസി വേസ്റ്റ്) ബയോമൈനിങ്ങിലൂടെ സംസ്കരിക്കാനുള്ള പദ്ധതിയുടെ നിരക്കുകളും വ്യവസ്ഥകളും തോന്നിയപടി. സംസ്ഥാനത്തെ 5 മുനിസിപ്പൽ കോർപറേഷനുകളിൽ നിന്നു ശേഖരിച്ച വിവരമനുസരിച്ച്, ക്രമക്കേടിനു വഴിവയ്ക്കുന്ന തരത്തിലാണു നിരക്കുകളും വ്യവസ്ഥകളും. 

ലെഗസി വേസ്റ്റ് സംസ്കരിക്കാൻ ശുചിത്വമിഷൻ നിശ്ചയിച്ച നിരക്ക് ക്യുബിക് മീറ്ററിന് 1045 രൂപയാണെങ്കിൽ, കണ്ണൂർ കോർപറേഷനിൽ സോണ്ട ഇൻഫ്രാടെക്കിനു കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) അംഗീകരിച്ചു നൽകിയ നിരക്ക് 1715 രൂപയാണ്. 

റീ ടെൻഡർ ചെയ്തപ്പോൾ നിരക്ക് മൂന്നിലൊന്നായി. കോഴിക്കോട്ട് മാലിന്യത്തിന്റെ അളവു കണക്കാക്കുന്നത്, സംസ്കരിക്കാൻ കരാറെടുത്ത സോണ്ട തന്നെ. സംസ്ഥാനത്തെ കോർപറേഷനുകളിലെ ഏറ്റവുമുയർന്ന നിരക്ക് സോണ്ട കരാറെടുത്ത കൊച്ചിയിൽ – 1168 രൂപ. കണ്ണൂരിലും കൊല്ലത്തും തൃശൂരിലും ക്യുബിക് മീറ്റർ അടിസ്ഥാനമാക്കിയാണു നിരക്കു തീരുമാനിച്ചതെങ്കിൽ, കോഴിക്കോടും കൊച്ചിയിലും അടിസ്ഥാനമാക്കിയതു മൊത്തം വേസ്റ്റിന്റെ അളവ്. സോണ്ടയ്ക്കു വേണ്ടി കെഎസ്ഐഡിസി പ്രത്യേക താൽപര്യമെടുത്തതിനു നിരക്കു മാറ്റവും തെളിവാകുന്നു. 

 

കണ്ണൂർ : 1715

40,000 ക്യുബിക് മീറ്റർ മാലിന്യം സംസ്കരിക്കാൻ കെഎസ്ഐഡിസി 2019 ൽ അംഗീകരിച്ച നിരക്ക് ക്യുബിക് മീറ്ററിന് 1715 രൂപ. ആകെ കരാർ തുക 6.86 കോടി രൂപ. ടെൻഡറിൽ പങ്കെടുത്തതു സോണ്ട മാത്രം. കോർപറേഷനു വേണ്ടി കോഴിക്കോട് എൻഐടി നടത്തിയ ഡ്രോൺ സർവേയിൽ 1.23 ലക്ഷം ക്യുബിക് മീറ്റർ മാലിന്യമുണ്ടെന്നു കണ്ടെത്തിയതോടെ, കരാർ തുക 21.50 കോടി രൂപയാക്കണമെന്നു സോണ്ട ആവശ്യപ്പെട്ടു. സോണ്ടയ്ക്കു തന്നെ കരാർ നൽകണമെന്ന തിരുവനന്തപുരത്തു നിന്നുള്ള സമ്മർദത്തിനു വഴങ്ങാതെ, ഉയർന്ന നിരക്കിന്റെ പേരിൽ കരാർ കോർപറേഷൻ റദ്ദാക്കി. 

സ്വന്തം നിലയിൽ കോർപറേഷൻ തന്നെ 2 തവണ റീ ടെൻഡർ ചെയ്തു. റോയൽ വെസ്റ്റേൺ എന്ന ഏജൻസിയുമായി 2022 മേയ് 7ന് കരാർ ഒപ്പുവച്ചത് ക്യുബിക് മീറ്ററിന് 640 രൂപ നിരക്കിൽ.  

 

കോഴിക്കോട്: 747 

മാലിന്യത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നതേയുള്ളൂവെന്നാണു കോർപറേഷൻ വിവരാവകാശപ്രകാരം നൽകിയ മറുപടി. പക്ഷേ, 1.03 ലക്ഷം ക്യുബിക് മീറ്റർ ലെഗസി വേസ്റ്റ് സംസ്കരിക്കുന്നതിന് 7.70 കോടി രൂപയ്ക്കു സോണ്ടയ്ക്കു കരാർ നൽകിയിട്ടുണ്ട്. മാലിന്യത്തിന്റെ അളവ് അറിയുന്നതിനു മുൻപ് മൊത്തം കരാർ തുക നിശ്ചയിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യത്തിന്, ടെൻഡറിൽ 1.03 ലക്ഷം ക്യുബിക് മീറ്ററെന്നു കണക്കാക്കിയിട്ടുണ്ടെന്നു മാത്രമാണു കെഎസ്ഐഡിസിയുടെ മറുപടി. 

ആരാണ് 1.03 ലക്ഷം ക്യുബിക് മീറ്റർ എന്നു കണക്കാക്കിയതെന്ന ചോദ്യത്തിനു കോർപറേഷനോ കെഎസ്ഐഡിസിക്കോ മറുപടി നൽകിയില്ല. മാലിന്യത്തിന്റെ അളവ് തിട്ടപ്പെടുത്താതെ കരാർ നൽകിയതും കരാറെടുത്ത സോണ്ട തന്നെ മാലിന്യത്തിന്റെ അളവ് നിശ്ചയിക്കുന്നതും കരാറിനെ സംശയനിഴലിലാക്കുന്നു. കോർപറേഷൻ നൽകിയ ഏകദേശ കണക്കുവച്ചു നോക്കിയാൽ, കോഴിക്കോട്ടെ നിരക്ക് ക്യുബിക് മീറ്ററിന് 747 രൂപ.  

 

കൊച്ചി : 1168 

സോണ്ട തിട്ടപ്പെടുത്തിയ മാലിന്യം 4.75 ലക്ഷം ക്യുബിക് മീറ്റർ. റീ ടെൻഡറിൽ കെഎസ്ഐഡിസി അംഗീകരിച്ച കരാർ തുക 55.52 കോടി രൂപ. ക്യുബിക് മീറ്റർ നിരക്ക് 1168 രൂപ. പിന്നീട്, കൊച്ചി കോർപറേഷനു വേണ്ടി കോഴിക്കോട് എൻഐടി നടത്തിയ പഠനത്തിൽ, മാലിന്യത്തിന്റെ അളവ് 5.52 ലക്ഷം ക്യുബിക് മീറ്ററാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിന് ആനുപാതികമായി കരാർ തുക വർധിപ്പിക്കുമോയെന്നു വ്യക്തമല്ല. 

 

കൊല്ലം : 1130 

മാലിന്യം 1.04 ലക്ഷം ക്യുബിക് മീറ്റർ. നിരക്ക് ക്യുബിക് മീറ്ററിന് 1130 രൂപ. കോർപറേഷൻ നേരിട്ടു നടത്തിയ റീ ടെൻഡറിലാണു സിഗ്മ ഗ്ലോബൽ എൻവിറോണിനു കരാർ നൽകിയത്. കെഎസ്ഐഡിസി വിളിച്ച ആദ്യ ടെൻഡർ, സോണ്ടയ്ക്ക് ഉറപ്പിച്ചിരുന്നു. അന്നു കണക്കാക്കിയിരുന്നത് 40,000 ക്യുബിക് മീറ്റർ മാലിന്യം. കരാർ തുക 4.50 കോടി രൂപ. ക്യുബിക് മീറ്ററിന് 1125 രൂപ നിരക്ക്. 

 

തൃശൂർ  : 867 

മാലിന്യം 51,634 ക്യുബിക് മീറ്റർ. അംഗീകരിച്ച നിരക്ക് ക്യുബിക് മീറ്ററിന് 867.50 രൂപ. ഏജൻസി: സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ. ക

െട്ടിക്കിടക്കുന്ന മാലിന്യത്തിന്റെ അളവെടുത്തിട്ടില്ലെന്നാണു തിരുവനന്തപുരം കോർപറേഷന്റെ മറുപടി.

 

English Summary: Legacy waste in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com