ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിനു നിയമസഭാ സെക്രട്ടേറിയറ്റിന്റെ അനുമതി തേടി പൊലീസ് നൽകിയ കത്തിനു മറുപടി ലഭിച്ചില്ല. ഇതോടെ അന്വേഷണം താൽക്കാലികമായി വഴിമുട്ടി. സഭയ്ക്കുള്ളിൽ തെളിവെടുക്കണമെങ്കിൽ നിയമസഭാ സെക്രട്ടറിയുടെ അനുമതി വേണം. ഇതു ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു മ്യൂസിയം എസ്എച്ച്ഒയുടെ കത്ത് സിറ്റി പൊലീസ് കമ്മിഷണർ നിയമസഭാ സെക്രട്ടറിക്കു കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. 

സ്പീക്കറുടെ ഓഫിസിനു മുന്നിലാണു സംഘർഷം ഉണ്ടായത്. അതിനാൽ അവിടുത്തെ സിസിടിവി ദൃശ്യങ്ങളും സഭാ ടിവി ദൃശ്യങ്ങളും പരിശോധിക്കണം. സ്പീക്കറുടെ ഓഫിസിനു മുൻപിലെ സീൻ മഹസറും തയാറാക്കണം. ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന വാച്ച് ആൻഡ് വാർഡ് അടക്കമുള്ളവരുടേയും പരാതികളിൽ പരാമർശിച്ച ഭരണ–പ്രതിപക്ഷ എംഎൽഎമാരുടേയും മറ്റു സാക്ഷികളുടെയും മൊഴിയെടുക്കേണ്ടതുണ്ട്. അതിനാണ് അനുമതി തേടിയത്. 

വാച്ച് ആൻഡ് വാർഡിനെതിരെ കെ.കെ.രമ എംഎൽഎ പ്രത്യേക പരാതി നൽകിയെങ്കിലും ഇപ്പോഴത്തെ കേസിനൊപ്പം അതും അന്വേഷിക്കാനാണു തീരുമാനം. സമൂഹ മാധ്യമത്തിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന രമയുടെ മറ്റൊരു പരാതി സൈബർ പൊലീസ് പരിശോധിച്ചു വരികയാണ്. അതിനു ശേഷമാകും അതിൽ പുതിയ കേസ് വേണോ എന്നു തീരുമാനിക്കുക.

English Summary: Permission to investigate kerala assembly struggle pending

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com