കല്ലറയിലെ ഈ ക്യുആർ കോഡിൽ ഉറങ്ങിക്കിടക്കുന്നു, ഐവിൻ; ഒന്നു സ്കാൻ ചെയ്താൽ ‘പുനർജനിക്കും’!

Mail This Article
തൃശൂർ ∙ കല്ലറയിൽ, ഒരു ‘ക്യുആർ കോഡിൽ’ ഉറങ്ങിക്കിടക്കുന്നു ഐവിൻ. ഒന്നു സ്കാൻ ചെയ്താൽ പാട്ടും വിഡിയോയുമായി പുനർജനിക്കും! 26–ാം വയസ്സിൽ ഓർമയായ ഡോ. ഐവിൻ ഫ്രാൻസിസിന്റെ ജീവിതകഥ അനശ്വരമാക്കാൻ കുടുംബാംഗങ്ങൾ ചെയ്തതാണിത്.
ഒമാനിൽ സൗദ് ഭവൻ ഗ്രൂപ്പിൽ ഉദ്യോഗസ്ഥനായിരുന്ന കുരിയച്ചിറ വട്ടക്കുഴി ഫ്രാൻസിസിന്റെയും സീബിലെ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ആയ ലീനയുടെയും മകനാണ് ഐവിൻ. മെഡിക്കൽ ബിരുദമെടുത്തശേഷം പ്രാക്ടിസ് ചെയ്യുന്ന സമയത്താണു കോളജിലെ ഷട്ടിൽകോർട്ടിൽ കുഴഞ്ഞുവീണ് 2021 ഡിസംബർ 22ന് ഐവിൻ വിടപറഞ്ഞത്. പഠനത്തിനൊപ്പം ഡ്രംസ്, ഗിറ്റാർ, കീബോർഡ്, ഫൊട്ടോഗ്രഫി, കംപ്യൂട്ടർ സോഫ്റ്റ്‌വെയർ ഡീകോഡിങ് എന്നിവയിലെല്ലാം പ്രാവീണ്യം നേടിയിരുന്നു.
ഐവിന്റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങൾ കൂട്ടിച്ചേർത്ത് ഒമാനിൽ ആർക്കിടെക്ടായ ഏകസഹോദരി എവ്‌ലിൻ നിർമിച്ച വെബ്സൈറ്റാണു ക്യുആർ കോഡിലൂടെ ലഭ്യമാകുന്നത്. ക്യുആർ കോഡ് സ്കാൻ ചെയ്താൽ ‘ എ ജാക്ക് ഓഫ് ഓൾ ട്രേഡ്സ് ’ എന്ന മുഖവുരയോടെ, ഡിജിറ്റൽ കാലത്തു പുനർജനിക്കുന്നു ഡോ. ഐവിൻ!
ഐവിന്റെ കല്ലറയിൽ പതിപ്പിച്ചിരിക്കുന്ന ക്യുആർ കോഡ്

English Summary: QR code fixed in Tomb