പേട്ട സ്റ്റേഷനു തൊട്ടടുത്ത് വനിതയ്ക്ക് നേരെ ആക്രമണം, കണ്ണടച്ച് പൊലീസ്

HIGHLIGHTS
  • കേസെടുത്തത് 3 ദിവസത്തിനു ശേഷം; വിവാദമായപ്പോൾ 2 പൊലീസുകാർക്ക് സസ്പെൻഷൻ
sexual-attack-tvm
Image. Manorama News
SHARE

തിരുവനന്തപുരം ∙ നഗരമധ്യത്തിൽ പേട്ട പൊലീസ് സ്റ്റേഷനു വിളിപ്പാടകലെ, ഒറ്റയ്ക്കു സ്കൂട്ടറിൽ സഞ്ചരിച്ച വനിതയ്ക്കു നേരെ ലൈംഗികാതിക്രമവും വധശ്രമവും. ഉടനടി ഫോണിൽ സഹായം അഭ്യർഥിച്ചെങ്കിലും നേരിട്ടെത്തി പരാതി നൽകാതെ കേസെടുക്കാനാകില്ലെന്നു പൊലീസ്. 

കമ്മിഷണർക്കു പരാതി നൽകിയതോടെ മൂന്നു ദിവസത്തിനു ശേഷം കേസെടുത്ത പൊലീസ് അന്വേഷണം ഉഴപ്പി; സംഭവം വിവാദമായതോടെ രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. പ്രതി ഇപ്പോഴും അകത്തായിട്ടില്ല. 

ഈ മാസം 13 നു രാത്രി 11 മണിയോടെ പേട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ പാറ്റൂർ മൂലവിളാകത്താണു സംഭവം. 13 വർഷമായി തനിച്ചു താമസിക്കുന്ന നാൽപത്തിയൊൻപതുകാരി കടുത്ത തലവേദന കാരണം മരുന്നു വാങ്ങാൻ സ്കൂട്ടറിൽ പുറപ്പെട്ടെങ്കിലും പണമെടുക്കാൻ മറന്നതിനാൽ വീട്ടിലേക്കു മടങ്ങാൻ തുടങ്ങുമ്പോഴാണ് ഒരാൾ സ്കൂട്ടറിൽ പിന്തുടർന്നെത്തി വീടിനു സമീപത്തുവച്ച് ആക്രമിച്ചത്. 

35 വയസ്സു തോന്നിക്കുന്ന ആൾ തടഞ്ഞു നിർത്തി കയറിപ്പിടിക്കാൻ ശ്രമിച്ചു. ബഹളം വച്ചപ്പോൾ രണ്ടു തവണ തല പിടിച്ച് ചുമരിലിടിച്ചു. മുഖത്തും കണ്ണിലും കഴുത്തിലും മാന്തി മുറിവേൽപ്പിച്ച് അസഭ്യം  പറഞ്ഞു. കയ്യിൽ കിട്ടിയ കരിങ്കല്ലു കൊണ്ട് ഇടി കൊടുത്തപ്പോൾ അയാൾ കടന്നു കളഞ്ഞു. 

വീട്ടിലെത്തി, ഡൽഹിയിൽ നിന്ന് അവധിക്കു നാട്ടിലെത്തിയ മകളുടെ സഹായത്തോടെ പേട്ട പൊലീസിൽ വിവരം അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അർധരാത്രി തിരികെ വിളിച്ചു സ്റ്റേഷനിൽ നേരിട്ടു പരാതി എത്തിക്കാൻ പറയുകയായിരുന്നു. സഹായത്തിന് ആരുമില്ലെന്ന് അറിയിച്ചെങ്കിലും പൊലീസ് പിന്നീട് ഒരു അന്വേഷണവും നടത്തിയില്ല. പരുക്കു ഭേദമായ ശേഷം 16 നു കമ്മിഷണർക്കു നേരിട്ടു പരാതി നൽകിയതോടെയാണു പൊലീസ് കേസെടുത്തത്. ഇതുവരെ പ്രതിയെക്കുറിച്ച് ഒരു വിവരവും പൊലീസിനു ലഭിച്ചിട്ടില്ല. 

സംഭവം വിവാദമായതോടെ, അന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ ജയരാജ്, സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്ത് എന്നിവരെ കമ്മിഷണറുടെ നിർദേശപ്രകാരം സസ്പെൻഡ് ചെയ്തു. പരുക്കേറ്റ സ്ത്രീയെ വീട്ടിലെത്തി സന്ദർശിച്ച വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി പേട്ട പൊലീസിനോടു റിപ്പോർട്ട് ആവശ്യപ്പെട്ടു.

English Summary: Sexual Assault against lady in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA