ADVERTISEMENT

ദേവികുളം നിയമസഭാമണ്ഡലം കോടതി വിധിയിലൂടെ വീണ്ടും ശ്രദ്ധ നേടിയിരിക്കുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം സംവരണസീറ്റിൽ നിന്നു വിജയിച്ച സിപിഎമ്മിലെ എ.രാജയുടെ തിരഞ്ഞെടുപ്പാണ് ഹൈക്കോടതി റദ്ദാക്കിയത്. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി കോടതി വിധിയിലൂടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയത് 1957 ദേവികുളം ജനറൽ സീറ്റിൽ ജയിച്ച റോസമ്മ പുന്നൂസിന്റേതായിരുന്നു.  ജനവിധി മാറ്റി മറിച്ച കോടതവിധികൾളുടെ പരമ്പര നീളുന്നു. ദേവികുളം മുതൽ ദേവികുളം വരെയും റോസമ്മ പുന്നൂസ് മുതൽ ഇപ്പോൾ എ.രാജവരെയും പട്ടിക നീളുന്നു. 

 

കോടതി വിധിയിലൂടെ ആദ്യമായി നിയമസഭാംഗത്വം നഷ്‌ടപ്പെട്ടത് ഒന്നാം നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം ദ്വയാംഗമണ്ഡലത്തിലെ ജനറൽ സീറ്റിൽ നിന്നു  വിജയിച്ച സിപിഐയിലെ റോസമ്മ പുന്നൂസിനായിരുന്നു. എതിർ സ്‌ഥാനാർഥി കോൺഗ്രസിലെ ബി.കെ.നായരുടെ പത്രിക മതിയായകാരണമില്ലാതെ തള്ളിയെന്നായിരുന്നു പരാതി. കോൺഗ്രസ് സ്ഥാനാർഥിയുടെ വാദം ശരിവച്ച ഇലക്ഷൻ ട്രൈബ്യൂണൽ കൂടിയായ കോട്ടയം ജില്ലാ സെഷ്യൻസ് കോടതി 1957 നവംബർ 15്്ന് റോസമ്മയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കി. ഹൈക്കോടതിയിൽ അപ്പീൽ പോയങ്കിലും വിധി റോസമ്മക്ക് എതിരായി. എന്നാൽ 1958 ലെ  ഉപതിരഞ്ഞെടുപ്പിൽ റോസമ്മ 7,089 വോട്ടിന് ജയിച്ചു. കേരളനിയമസഭയുടെ ചരിത്രത്തിൽ രണ്ടു റെക്കോർഡുകൾ അന്നത്തെ കോടതി വിധിയിലൂടെയും ഉപതിരഞ്ഞെടുപ്പിലൂടെയും റോസമ്മ സ്വന്തമാക്കി. കേരളത്തിൽ കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെടുന്ന ആദ്യ വ്യക്തിയും പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ സ്വന്തം സീറ്റ് നിലനിർത്തുന്ന ആദ്യ എംഎൽഎയും എന്ന റെക്കോർഡുകൾ റോസമ്മ സ്വന്തമാക്കി. 

 

രണ്ടാം കേരള നിയമസഭാ തിരഞ്ഞെടുപ്പിനെ (1960)തുടർന്നു തലശേരി മണ്ഡലത്തിലെ ഫലം കോടതി കയറി. 23 വോട്ടിനു പരാജയപ്പെട്ട കമ്യൂണിസ്‌റ്റ് സ്വതന്ത്രൻ വി.ആർ. കൃഷ്‌ണയ്യർ കോടതിയെ സമീപിച്ചു. വോട്ടെണ്ണലിൽ കൃത്രിമം നടന്നുവെന്നായിരുന്നു വാദം. കോടതിയുടെ നിർദേശമനുസരിച്ച് വീണ്ടും വോട്ടെണ്ണിയപ്പോൾ കൃഷ്‌ണയ്യർ ഏഴു വോട്ടുകൾക്കു വിജയിച്ചു. കോടതിവിധിയിലൂടെ കേരളത്തിൽ നിയമസഭാംഗത്വം ലഭിച്ച ആദ്യത്തെയാളാണു വി.ആർ.കൃഷ്‌ണയ്യർ.കോൺഗ്രസിലെ പി.കുഞ്ഞിരാമന്റെ നിയമസഭാംഗത്വമാണ് അന്ന് നഷ്ടമായത്. 

 

ഒന്നാം ആന്റണി മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെയും കെ.എം. മാണിയുടെയും തിരഞ്ഞെടുപ്പുകൾ 1977 ൽ ഹൈക്കോടതി അസാധുവാക്കിയിരുന്നു.  വർഗീയ പ്രചാരണം നടത്തിയെന്നതായിരുന്നു ഇരുവരുക്കുമെതിരായ ആരോപണം. എന്നാൽ സുപ്രീംകോടതിയിൽ നിന്നു സിഎച്ചിനും മാണിക്കും അനുകൂലവിധി ലഭിച്ചു.

 

രാജ്യത്ത് ആദ്യമായി 1982 ൽ പറവൂർ നിയമസഭാ മണ്ഡലത്തിൽ വോട്ടിങ് യന്ത്രം ഉപയോഗിച്ചു നടത്തിയ തിരഞ്ഞെടുപ്പിൽ സിപിഐയിലെ എൻ.ശിവൻപിള്ള 123 വോട്ടിന് വിജയിച്ചു. പരാജയപ്പെട്ട കോൺഗ്രസ് സ്‌ഥാനാർഥി എ.സി.ജോസ് കോടതിയെ സമീപിച്ചപ്പോൾ യന്ത്രം ഉപയോഗിച്ച എല്ലാ ബൂത്തുകളിലെയും തിരഞ്ഞെടുപ്പ് 1984 മാർച്ച് 5ന് സുപ്രീം കോടതി അസാധുവാക്കി. വോട്ടിങ് യന്ത്രം ഉപയോഗിക്കാൻ ജനപ്രാതിനിധ്യ നിയമത്തിൽ മതിയായ ഭേദഗതി വരുത്തിയിട്ടില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. യന്ത്രം ഉപയോഗിച്ച 50 ബൂത്തുകളിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ ജോസ് 1,446 വോട്ടിന് ജയിച്ചു. ബാലറ്റ് പേപ്പർ ഉപയോഗിച്ച 34 ബൂത്തുകളെ ഉപതിരഞ്ഞെടുപ്പിൽ നിന്ന് കോടതി ഒഴിവാക്കി. കേസ് ആദ്യം ഹൈക്കോടതിയിൽ എത്തിയപ്പോൾ വിധി വോട്ടിങ് യന്ത്രത്തിന് അനുകൂലമായിരുന്നു. 

 

വർഗീയ പ്രചാരണം നടത്തിയെന്നാരോപിച്ച് മട്ടാഞ്ചേരിയിൽ നിന്ന് 1987 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച മുസ്‌ലിം ലീഗിലെ എം.ജെ. സക്കറിയാ സേട്ടിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. സുപ്രീംകോടതിയിൽ വിധി അനൂകൂലമായി.1991 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ  വിജയിച്ച രണ്ടു പേരുടെ നിയമസഭാംഗത്വം കോടതി വിധിയിലൂടെ നഷ്‌ടപ്പെട്ടിരുന്നു. കോവളത്തു നിന്ന് 21 വോട്ടിനു വിജയിച്ച ജനതാദൾ സ്ഥാനാർഥി നീലലോഹിതദാസൻ നാടാരുടെയും എടയ്ക്കാട് മണ്ഡലത്തിൽ നിന്ന് 219 വോട്ടിനു വിജയിച്ച സിപിഎമ്മിലെ ഒ.ഭരതന്റെയും അംഗത്വമാണു നഷ്‌ടപ്പെട്ടത്. നീലന് അനുകൂലമായി ചെയ്‌ത ഇരട്ടവോട്ടുകൾ അസാധുവാക്കി എതിരാളി കോൺഗ്രസിലെ ജോർജ് മസ്‌ക്രീനെ കോടതി വിജയിയായി പ്രഖ്യാപിച്ചു. ഇരട്ട വോട്ടുകളും ആൾമാറാട്ടത്തിലൂടെ ലഭിച്ച വോട്ടുകളും കുറച്ചപ്പോൾ സുധാകരൻ 87 വോട്ടുകൾക്ക് എടയ്ക്കാട്ടു നിന്നു വിജയിച്ചതായി ഹൈക്കോടതി വിധിച്ചു. എന്നാൽ സുപ്രീംകോടതി ഭരതനെ തന്നെ വിജയിയായി പ്രഖ്യാപിച്ചു.

 

നെയ്യാറ്റിൻകരയിൽ നിന്ന് 1996 ലെ തിരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസ് സ്‌ഥാനാർഥി തമ്പാനൂർ രവിയുടെ നിയമസഭാംഗത്വം ഹൈക്കോടതി  അസാധുവാക്കിയിരുന്നു. രവിയുടെ കടബാധ്യത സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഒഴിവാക്കിയെന്നായിരുന്നു എതിർ സ്ഥാനാർഥി ജനതാദളിലെ ചാരുപാറ രവിയുടെ ആരോപണം. കേസ്  സുപ്രീം കോടതിയിൽ എത്തിയപ്പോൾ  വിധി തമ്പാനൂർ രവിക്ക് അനുകൂലമായി.

 

കല്ലൂപ്പാറയിൽ നിന്ന് 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫിലെ ജോസഫ് എം. പുതുശേരിക്കെതിരായി എതിർസ്‌ഥാനാർഥി ടി.എസ്.ജോൺ സമർപ്പിച്ച പരാതിയെ തുടർന്നു ഹൈക്കോടതി പുതുശേരിയുടെ നിയമസഭാംഗത്വം റദ്ദാക്കിയിരുന്നു. ഒരു വാരികയിൽ ജോണിനെതിരായി വന്ന വാസ്‌തവവിരുദ്ധമായ റിപ്പോർട്ടിന്റെ പകർപ്പുകൾ മണ്ഡലത്തിൽ വിതരണം ചെയ്‌തു എന്നാരോപിച്ചായിരുന്നു കേസ്. സുപ്രീംകോടതി വിധി പുതുശേരിക്ക് അനുകൂലമായിരുന്നു.  

 

കൂത്തുപറമ്പിൽ നിന്നു വിജയിച്ച സിപിഎം നേതാവ് പി. ജയരാജൻ 2001 ൽ പത്രിക സമർപ്പിക്കുമ്പോൾ ക്രിമിനൽ കേസിൽ തടവിനു ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന കാരണത്താൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് എംഎൽഎ സ്‌ഥാനം അസാധുവാക്കി.  തുടർന്ന് 2005 ജൂണിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ജയരാജൻ വീണ്ടും നിയമസഭയിലെത്തി. 2006 നിയമസഭാ തിരഞ്ഞെടുപ്പിൽ പിറവത്തു നിന്നു വിജയിച്ച എൽഡിഎഫ് സ്‌ഥാനാർഥി എം.ജെ.ജേക്കബ് എതിർ സ്‌ഥാനാർഥി ടി.എം.ജേക്കബിനെ സ്വഭാവഹത്യ നടത്തുന്ന ലഘുലേഖകൾ വിതരണം നടത്തിയെന്നായിരുന്നു കേസ്. കേസിൽ ഹൈക്കോടതി എം.ജെ.ജേക്കബിനെ അയോഗ്യനാക്കിയെങ്കിലും സുപ്രീംകോടതി വിധി അദ്ദേഹത്തിന് അനുകൂലമായിരുന്നു. 

 

തിരഞ്ഞെടുപ്പു കേസുകളിൽ വച്ചു വളരെ വ്യത്യസ്‌ഥമായിരുന്നു 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴയിൽ നിന്ന് 529 വോട്ടിനു വിജയിച്ച പി.സി. തോമസിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധികൾ. തിരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാർശയെതുടർന്നു രാഷ്‌ട്രപതി തോമസിനെ മൂന്നു വർഷത്തേക്ക് അയോഗ്യനാക്കി. വോട്ടർമാരുടെ മതവികാരം ചൂഷണം ചെയ്‌തതിന്റെ പേരിലാണ് തോമസിനെതിരെ നടപടിയുണ്ടായത്.  2009 സെപ്റ്റംബർ നാലിന് സുപ്രീംകോടതി സിപിഎമ്മിലെ പി.എം.ഇസ്മായിലിനെ വിജയിയായി പ്രഖ്യാപിച്ചെങ്കിലും 14–ാം ലോക്സഭയുടെ കാലാവധി അവസാനിച്ചതിനാൽ ലോക്സഭാംഗമാകാനുള്ള അവസരം ഇസ്മായിലിന് നഷ്ടമായി.

 

അഴീക്കോട് മണ്ഡലത്തിൽ നിന്ന് 2016ൽ മുസ്‌ലിംലീഗിലെ  കെ.എം.ഷാജിയുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. ഇസ്‌ലാം മതവിശ്വാസിയല്ലാത്തവർക്കു വോട്ട് ചെയ്യരുതെന്നു സൂചിപ്പിക്കുന്ന ലഘുലേഖ ഷാജിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിച്ചെന്നും സ്വഭാവഹത്യ നടത്തുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചെന്നും ആരോപിച്ചായിരുന്നു എതിർസ്ഥാനാർഥി സിപിഎമ്മിലെ എം.വി.നികേഷ്കുമാറിന്റെ ഹർജി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും ശ്രദ്ധേയ മൽസരങ്ങളിലൊന്നായിരുന്നു ഷാജി–നികേഷ് പോരാട്ടം. സുപ്രീംകോടതി ഷാജിക്ക് അനുകൂലമായി വിധിച്ചു. 

 

2009 ൽ മാവേലിക്കര പട്ടികജാതി സവരണ ലോക്സഭാ മണ്ഡലത്തിൽ നിന്നു ജയിച്ച കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിന്റെ ജയം 2010 ൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു. . സുരേഷിനെ ചേരമർ/പുലയ അംഗമായി കാണാനാവില്ലെന്നും, ക്രിസ്‌ത്യാനിയായി മാത്രമേ കാണാനാകൂ എന്നും കോടതി വിലയിരുത്തി. സംവരണ സീറ്റിൽ മൽസരിക്കാൻ അയോഗ്യത ബോധ്യപ്പെട്ട സാഹചര്യത്തിലാണു തിരഞ്ഞെടുപ്പ് അസാധുവാക്കിയത്. എന്നാൽ സുപ്രീംകോടതി വിധി കൊടിക്കുന്നിൽ സുരേഷിന് അനുകൂലമായി. 

 

1977 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഞ്ചേരിയിൽ നിന്നു ജയിച്ച മുസ്‍ലിംലീഗിലെ  ഇബ്രാഹിം സുലൈമാൻ സേട്ട്  മതസ്പർധയുണ്ടാക്കുന്ന രീതിയിൽ പ്രസംഗം നടത്തിയെന്ന കാരണത്താൽ ഹൈക്കോടതി തിരഞ്ഞെടുപ്പ് അസാധുവാക്കി. എന്നാൽ സുപ്രീംകോടതിയിൽ സേട്ടിന് അനുകൂല വിധി ലഭിച്ചു.

English Summary: Court judgments from Devikulam to Devikulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com