ADVERTISEMENT

തിരുവനന്തപുരം ∙ പ്രതിപക്ഷ പ്രതിഷേധം മൂലം നിയമസഭ ഇന്നലെയും സ്തംഭിച്ചു. സ്പീക്കറുടെ ഓഫിസ് ഉപരോധിച്ച എംഎൽഎമാർക്കെതിരായ കേസ് പിൻവലിക്കുകയും അടിയന്തരപ്രമേയ നോട്ടിസ് അംഗീകരിക്കുകയും ചെയ്യുന്നതുവരെ പ്രതിഷേധം തുടരാനാണു പ്രതിപക്ഷ തീരുമാനം.

ഇന്നലെ ചോദ്യോത്തര വേളയുടെ തുടക്കത്തിൽ പ്രതിപക്ഷാംഗങ്ങൾ സ്പീക്കർക്കെതിരെ സീറ്റിൽ പ്ലക്കാർഡുകളുയർത്തി പ്രതിഷേധിച്ചതോടെ 9.30നു സഭ നിർത്തിവച്ചു. 11.30നു സഭ വീണ്ടും ചേർന്നു. അടിയന്തരപ്രമേയ നോട്ടിസുകൾ തള്ളിയതിൽ സർക്കാർ ഇടപെടൽ ഇല്ലെന്നു സ്പീക്കർ വ്യക്തമാക്കിയെങ്കിലും സതീശൻ ഇതിനെ ചോദ്യംചെയ്തു. എല്ലാ അടിയന്തരപ്രമേയ നോട്ടിസുകളും അനുവദിക്കില്ലെന്നു മുഖ്യമന്ത്രി തന്നെയാണ് സർവകക്ഷി യോഗത്തിൽ പറഞ്ഞതെന്നും ചൂണ്ടിക്കാട്ടി. 7 യുഡിഎഫ് എംഎൽഎമാർക്കെതിരെ 10 വർഷം തടവുശിക്ഷ കിട്ടാവുന്ന കള്ളക്കേസ് എടുത്തിരിക്കെ സഭാ നടപടികളുമായി യോജിച്ചുപോകാൻ കഴിയില്ലെന്നും പറഞ്ഞു. പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ സഭ പിരിഞ്ഞു.

സമാന്തരസഭ പോലെയുള്ള രീതികൾ ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്നു സ്പീക്കർ എ.എൻ.ഷംസീർ റൂളിങ് നൽകി. സ്പീക്കറുടെ ഓഫിസ് ഉപരോധിച്ചതു സഭയുടെ ചരിത്രത്തിൽത്തന്നെ ആദ്യമായിട്ടായിരിക്കാം. സംഭവത്തിൽ 2 ഭരണകക്ഷി അംഗങ്ങൾക്കെതിരെ ഉൾപ്പെടെ പത്തോളം പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞു.

സഭാ ടിവിയിൽ പ്രതിപക്ഷ പ്രതിഷേധവും: സ്പീക്കർ

സഭാ ടിവിയിൽ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾകൂടി ഉൾപ്പെടുത്താൻ മാർഗനിർദേശം നൽകുമെന്നു സ്പീക്കർ എ.എൻ.ഷംസീർ അറിയിച്ചു. പാർലമെന്റിലെ മാതൃക ഇവിടെയും സ്വീകരിക്കും. ചോദ്യോത്തരവേളയിൽ മറ്റു ചാനലുകൾക്കു ദൃശ്യങ്ങൾ ഷൂട്ട് ചെയ്യാനുള്ള അനുമതി പുനഃസ്ഥാപിച്ചിട്ടില്ല. കോവിഡ് കാല മുൻകരുതലിന്റെ പേരിലാണു മറ്റു ചാനലുകളെ ഒഴിവാക്കിയത്.

ഷാഫിക്കെതിരായ പരാമർശം പിൻവലിച്ച് സ്പീക്കർ

കോൺഗ്രസ് അംഗം ഷാഫി പറമ്പിൽ അടുത്തതവണ തോൽക്കുമെന്ന തന്റെ പരാമർശം സഭാ രേഖകളിൽനിന്നു നീക്കുമെന്നു സ്പീക്കർ എ.എൻ.ഷംസീർ അറിയിച്ചു. അംഗങ്ങളുടെ അപകീർത്തികരമായ പരാമർശങ്ങൾ രേഖകളിൽനിന്നു നീക്കം ചെയ്യുന്ന സ്പീക്കർക്ക് ഫലത്തിൽ ഇന്നലെ സ്വന്തം പരാമർശം തന്നെ നീക്കേണ്ടിവന്നു.

English Summary: Kerala Assembly adjourned after opposition protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com