ADVERTISEMENT

കൊച്ചി/ന്യൂഡൽഹി ∙ ദേവികുളത്തെ സിപിഎം എംഎൽഎ എ.രാജയുടെ തിരഞ്ഞെടുപ്പു വിജയം അസാധുവാക്കിയ ഹൈക്കോടതി ഉത്തരവു സ്റ്റേ ചെയ്തു. സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ ഒരു മാസം സ്റ്റേ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എ.രാജ നൽകിയ ഹർജിയിലാണു ജസ്റ്റിസ് സോമരാജന്റെ ഉത്തരവ്. 10 ദിവസത്തേക്കോ അതിനു മുൻപ് അപ്പീൽ നൽകുന്നതുവരെയോ ആണ് സ്റ്റേയുടെ കാലാവധി. ഇതേ ബെഞ്ചാണ് തിരഞ്ഞെടുപ്പ് അസാധുവാക്കി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.

നിയമസഭയിൽ പങ്കെടുക്കാൻ മാത്രമാണ് അനുമതിയെന്നും നിയമസഭാംഗമെന്ന നിലയിൽ വോട്ടിങ്ങിൽ പങ്കെടുക്കാനോ ആനുകൂല്യങ്ങൾ കൈപ്പറ്റാനോ പാടില്ലെന്നും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. വിധിപ്പകർപ്പ്‌ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും നിയമസഭാ സ്പീക്കർക്കും കൈമാറാനും നിർദേശിച്ചു.

ഇതേസമയം, രാജയുടെ അപ്പീൽ ഹർജിയി‍ൽ തീർപ്പുകൽപ്പിക്കും മുൻപ് തന്റെ വാദം കേൾക്കണമെന്ന് ദേവികുളത്തെ യുഡിഎഫ് സ്ഥാനാർഥിയും ഹൈക്കോടതിയിലെ ഹർജിക്കാരനുമായ ഡി.കുമാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. 

ക്രൈസ്തവനായതിനാൽ പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്തു മത്സരിക്കാൻ രാജയ്ക്കു യോഗ്യതയില്ലെന്നു വ്യക്തമാക്കിയാണു ഹൈക്കോടതി 20 ന് ഉത്തരവിട്ടത്. വ്യാജ ജാതി സർട്ടിഫിക്കറ്റ് നൽകിയാണു രാജ മത്സരിച്ചതെന്നു ചൂണ്ടിക്കാട്ടി കുമാർ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്.

English Summary: Kerala High Court Grants Interim Stay In Devikulam Election Verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com