ADVERTISEMENT

കോഴിക്കോട് ∙ ശമ്പളപരിധി നിശ്ചയിച്ച് നിലവിൽ നൽകിവരുന്ന പിഎഫ് പെൻഷൻ കനത്ത നഷ്ടമാകുന്നത് 2014 സെപ്റ്റംബറിൽ ഇപിഎഫ്ഒ കൊണ്ടുവന്ന ഭേദഗതിയിലെ അന്യായ വ്യവസ്ഥ മൂലം. ഈ ഭേദഗതിയിലാണ് പെൻഷൻ കണക്കാക്കുന്നത് അവസാന 12 മാസത്തെ ശമ്പളത്തിന്റെ ശരാശരിക്കു പകരം 60 മാസത്തെ ശരാശരി എന്നാക്കി മാറ്റിയത്. എന്നാൽ, പെൻഷൻ പ്രോറാറ്റ (ആനുപാതിക) അടിസ്ഥാനത്തിൽ കണക്കാക്കണമെന്ന വ്യവസ്ഥ കൂടി വച്ചതിനാൽ അവസാന 60 മാസ ശരാശരി എന്നതു പോലും അട്ടിമറിക്കപ്പെടുകയാണ്. ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാൻ കഴിയാതെ പോകുന്ന കോടിക്കണക്കിന് തൊഴിലാളികൾ പെൻഷനിൽ വരുന്ന ഈ നഷ്ടം തുടർന്നും നേരിടേണ്ടിവരും. ഉയർന്ന പെൻഷന് ഈ വ്യവസ്ഥ ബാധകമല്ല.

എന്താണ് പ്രോറാറ്റ വ്യവസ്ഥ?

ഇപിഎസ് പദ്ധതി തുടങ്ങിയ 1995 നവംബർ മുതൽ 2014 ഓഗസ്റ്റ് വരെ പരമാവധി 6,500 രൂപ ശമ്പളത്തിലും 2014 സെപ്റ്റംബറിനു ശേഷം മാത്രം 15,000 രൂപ ശമ്പളത്തിലും പെൻഷൻ പ്രത്യേകമായി കണക്കാക്കണമെന്നതാണ് പ്രോറാറ്റ വ്യവസ്ഥ. ഭേദഗതി നടപ്പായ 2014 സെപ്റ്റംബർ മുതൽ 15,000 രൂപയ്ക്കു മുകളിൽ ശമ്പളമുണ്ടായിരുന്നയാൾ 2019 സെപ്റ്റംബറിൽ വിരമിക്കുകയാണെങ്കിൽ 60 മാസ ശരാശരി ശമ്പളവും 15,000 രൂപയ്ക്കു മുകളിലാണല്ലോ. അപ്പോഴും മൊത്തം പെൻ‌ഷൻ 15,000 രൂപ ശമ്പള നിരക്കിൽ കിട്ടില്ല എന്നതാണ് പ്രോറാറ്റ വ്യവസ്ഥയുടെ പ്രശ്നം. മാത്രമല്ല, 20 വർഷ സർവീസിന് അധിക വെയ്റ്റേജായി കിട്ടുന്ന 2 വർഷത്തെ പെൻഷനും പരമാവധി 6,500 രൂപ ശമ്പള പരിധിയിലാണ് കണക്കാക്കുക. 

നഷ്ടം വരുന്ന വഴി

1995 നവംബർ മുതൽ സർവീസിലുള്ളയാൾ 2022 ഡിസംബറിൽ വിരമിക്കുകയാണെങ്കിൽ‌ എത്ര ഉയർന്ന ശമ്പളമുള്ളയാളാണെങ്കിലും ഇപിഎഫ്ഒ നൽകുന്ന പെൻഷൻ 3718 രൂപയാണ്, 1995 ഓഗസ്റ്റ് 31 വരെ പരമാവധി 6,500 രൂപ ശമ്പള നിരക്കിൽ 1,744 രൂപയും 2014 സെപ്റ്റംബർ മുതൽ 15,000 രൂപ ശമ്പളനിരക്കിൽ 1,788 രൂപയും 2 വർഷത്തെ സർവീസ് വെയ്റ്റേജിന് 6,500 രൂപ നിരക്കിൽ 186 രൂപയും ചേർന്നാണിത്. അതേസമയം, പ്രോറാറ്റ വ്യവസ്ഥ ഇല്ലായിരുന്നെങ്കിൽ അവസാന 60 മാസത്തെ ശരാശരി ശമ്പളമായ 15,000 രൂപ നിരക്കിൽ പെൻഷൻ‌ കണക്കാക്കിയിരുന്നെങ്കിൽ 3,718 രൂപയ്ക്കു പകരം 6,242 രൂപ ലഭിക്കുമായിരുന്നു. പ്രോറാറ്റ വ്യവസ്ഥ മൂലം വന്ന നഷ്ടം പ്രതിമാസം 2,524 രൂപ.

സർവീസ് കൂടുംതോറും പെൻഷനിലെ നഷ്ടം കൂടിവരികയാണു ചെയ്യുക. 33 വർഷം സർവീസ് ഉള്ളവർക്ക് 15,000 രൂപ ശമ്പള പരിധി അനുസരിച്ച് 7,500 രൂപ വരെ പെൻഷൻ കിട്ടുമെന്ന് ഇപിഎഫ്ഒ പറയുന്നത് സമീപകാലത്തൊന്നും നടക്കുന്ന കാര്യമല്ല. പൂർണ പെൻഷനായ 7,500 രൂപ കിട്ടണമെങ്കിൽ പ്രോറാറ്റ വ്യവസ്ഥ പ്രകാരം 2014 സെപ്റ്റംബറിനു ശേഷം 15,000 രൂപയ്ക്കു മുകളിലെ ശമ്പളത്തിൽ തന്നെ 33 വർഷം പൂർത്തിയാകണം. 2047 വരെ ആർക്കും 7500 രൂപ പെൻഷൻ കിട്ടില്ലെന്നർഥം

ഇപിഎഫ്ഒ അവതരിപ്പിക്കുന്ന കോടികളുടെ നഷ്ടക്കണക്കല്ലാതെ, യഥാർഥത്തിലുള്ള പെൻഷൻ കണക്കിലെ ഇത്തരം തട്ടിപ്പുകളൊന്നും കോടതികളുടെ ശ്രദ്ധയിൽ ആരും കൊണ്ടുവന്നില്ലെന്നു വേണം മനസ്സിലാക്കാൻ.

ഓപ്ഷൻ: അപാകത പരിഹരിക്കാമെന്ന് മന്ത്രി

ന്യൂഡൽഹി ∙ സുപ്രീംകോടതി വിധി പ്രകാരം ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാൻ ഇപിഎഫ്ഒ ഏർപ്പെടുത്തിയ സംവിധാനത്തിലെ അപാകതകൾ പരിഹരിക്കുമെന്ന് തൊഴിൽമന്ത്രി ഭൂപേന്ദർ യാദവ് എൻ.കെ.പ്രേമചന്ദ്രന് ഉറപ്പു നൽകി. അടിയന്തര നടപടികൾ സ്വീകരിക്കാൻ ചീഫ് പ്രോവിഡന്റ് ഫണ്ട് കമ്മിഷണർക്കു നിർദേശം നൽകുകയും ചെയ്തു. ഇക്കാര്യമുന്നയിച്ച് പ്രേമചന്ദ്രൻ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. 

26(6) അനുസരിച്ച് ഓപ്ഷൻ നൽകിയതിന്റെ തെളിവ് ഹാജരാക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ അർഹതയുളള ഭൂരിപക്ഷം പേർക്കും ഓപ്ഷൻ നൽകാൻ കഴിയാത്ത സാഹചര്യമാണെന്ന് പ്രേമചന്ദ്രൻ വ്യക്തമാക്കി. 2014 ലെ  ഭേദഗതിയുടെ അടിസ്ഥാനത്തിൽ തുടർ ഓപ്ഷൻ നൽകാൻ കഴിയാത്തവർക്ക് വീണ്ടും ഓപ്ഷൻ നൽകാനുളള അവസരം നിഷേധിക്കരുതെന്നും ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി ശരിയായ അർഥത്തിലും വ്യാപ്തിയിലും നടപ്പാക്കാനുളള ബാധ്യത ഇപിഎഫ്ഒയ്ക്കുണ്ടെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. വിധിക്കു ശേഷം ഇതുവരെ ഇപിഎഫ്ഒ സ്വീകരിച്ച നടപടികൾ വിധിയുടെ അന്തഃസത്തയ്ക്കും തൊഴിലാളി താൽപര്യത്തിനും വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

English Summary : Details of EPF Pension calculated on pro-rata basis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com