വടിവൊത്ത എഴുത്ത്; വാക്കിലും വരയിലും നർമം

kp-dandapani-2103
കെ.പി.ദണ്ഡപാണി
SHARE

കൊച്ചി ∙ കക്ഷികളുമായി സംസാരിക്കുമ്പോൾ കെ.പി.ദണ്ഡപാണി കുറിപ്പുകൾ എടുക്കുന്ന ഡയറി കണ്ടാൽ ആർക്കും സംശയം തോന്നാം. മുന്നിലിരിക്കുന്നത് ഒരു അഭിഭാഷകനോ ചിത്രകാരനോ? അത്രയേറെ വടിവൊത്ത അക്ഷരങ്ങളും നിരയൊത്ത വരികളും. കയ്യക്ഷരങ്ങളിൽ എന്ന പോലെ കലാബോധം അദ്ദേഹത്തിന്റെ വരകളിലുമുണ്ടായിരുന്നു. ആ വരകൾക്കു മീതെ ആശംസകൾ കുറിച്ച കാർഡുകൾ വിശേഷ വേളകളിൽ സ്നേഹിതരുടെ വിലാസങ്ങൾ തേടിയെത്തി. വരകളിൽ ചിലതു നിയമഗ്രന്ഥങ്ങളുടെ പുറംചട്ടകളിൽ ഇടംപിടിച്ചു. 

പുതിയ വീടുവച്ചു മാറിയപ്പോൾ ദണ്ഡപാണിയുടെ ക്ഷണക്കത്ത് കിട്ടിയവർ തെല്ലൊന്ന് അമ്പരക്കാതിരുന്നില്ല: വീട്ടുസാമാനങ്ങളുമായി കുടുംബസമേതം നീങ്ങുന്ന ദണ്ഡപാണിയുടെ കാർട്ടൂൺ. നിയമപുസ്തകളും കോട്ടും മാത്രമല്ല, കാറും വീട്ടിലെ പൂച്ചയും വരെ ചിത്രത്തിലുണ്ടായിരുന്നു! അഭിഭാഷക ലോഗോയുടെ രൂപകൽപനയിലും ആ വിരൽസ്‌പർശമുണ്ട്. തന്റെ പഴയ മോറിസ് കാറിൽ ദണ്ഡപാണി ഒരു വെള്ളക്കോളറും ബാൻഡും വരച്ചുവച്ചു. പിന്നീട് ഇതേ മാതൃകയിൽ ഒരു ബുക്ക് സെല്ലർ സ്‌റ്റിക്കർ ഇറക്കി. ഇപ്പോഴതു രാജ്യവ്യാപകമായി അഭിഭാഷകർ ഉപയോഗിക്കുന്നു. 

cartoon

സ്‌പോർട്‌സ് താൽപര്യവും ഇടക്കാലത്ത് അൽപം പത്രപ്രവർത്തനവും അദ്ദേഹം ഒപ്പം കൊണ്ടു നടന്നു. ക്രിക്കറ്റും ഫുട്ബോളും ഒരുപോലെ ഇഷ്ടപ്പെട്ട അദ്ദേഹം അഭിഭാഷകരും ജഡ്ജിമാരും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിൽ തികച്ചും ‘ന്യൂട്രലാ’യ അംപയർ ആയി. കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി വിജയത്തിൽ ഹൈക്കോടതിക്കു വേണ്ടി ദണ്ഡപാണിയും പങ്കു വഹിച്ചു എന്നു തന്നെ പറയാം. 1973 ൽ കൊച്ചിയിൽ സന്തോഷ് ട്രോഫി മത്സരം നടക്കാനിരിക്കെ, കേരള ഫുട്‌ബോൾ അസോസിയേഷന്റെ പിളർപ്പ് കോടതി കയറി. ടൂർണമെന്റിന്റെ നടത്തിപ്പു ചുമതല ഇരുകക്ഷികളെയും ഏൽപിക്കാതെ കോടതി ദണ്ഡപാണിക്കു നൽകി. ദണ്ഡപാണി നിയോഗിച്ച സിലക്‌ഷൻ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്. അഭിഭാഷക കമ്മിഷനെന്ന നിലയിൽ ഹൈക്കോടതിക്കുവേണ്ടി ടൂർണമെന്റ് നടത്തിയതും ദണ്ഡപാണി തന്നെ. 

കേരളം ടൂർണമെന്റിന്റെ ഫൈനലിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ ആശങ്ക ഇരട്ടിച്ചു– ജനം ഇടിച്ചു കയറിയാൽ ഗാലറികൾ താങ്ങുമോ? ഗാലറിയുടെ കാറ്റാടിക്കഴകൾ ഒടിഞ്ഞില്ല എന്നു മാത്രമല്ല, കേരളം ജയിക്കുക കൂടി ചെയ്തപ്പോൾ ദണ്ഡപാണിക്ക് അത് അഭിമാന മുഹൂർത്തമായി. 

കാൽനൂറ്റാണ്ടോളം മനോരമയുടെ നിയമകാര്യ ലേഖകനായിരുന്നു ദണ്ഡപാണി. കേരളത്തിൽ നിയമ റിപ്പോർട്ടിങ്ങിനു മാനുഷിക മുഖം നൽകുന്നതിനും നിയമക്കുരുക്കുകളില്ലാത്ത ഭാഷ ഉപയോഗിക്കുന്നതിനും തുടക്കമിട്ടത് അദ്ദേഹമാണ്. പൂർണസമയ അഭിഭാഷകനായിരിക്കെ തന്നെ പത്രപ്രവർത്തകനേക്കാൾ നന്നായി കോടതിവാർത്തകളെഴുതി. പത്രപ്രവർത്തനത്തെ കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചു പ്രായോഗികമാക്കി. വാദിക്കുന്ന കേസ് ജയിക്കണമെന്നതുപോലെ, എഴുതുന്ന വാർത്ത വായിക്കപ്പെടണമെന്ന വാശിയും അദ്ദേഹത്തിനുണ്ടായിരുന്നു. കോടതി വിധിയിൽ മാത്രം ഒതുക്കാതെ, ‘വാട്ട് നെക്സ്റ്റ്’ എന്ന തലത്തിലേക്കു റിപ്പോർട്ടിങ് കടന്നതും അങ്ങനെയാണ്. 

തിരക്കിട്ട വാർത്ത എഴുത്തിൽ അദ്ദേഹം നർമ ബോധം കൈവിടാതെയും കാത്തു. കേരള ഹൈക്കോടതിയിൽ നിന്നു ബിഹാറിലേക്കു ചീഫ് ജസ്റ്റിസ് ആയി സ്ഥാനക്കയറ്റം കിട്ടിയ ജസ്റ്റിസ് കെ.എസ്.പരിപൂർണന്റെ യാത്രയയപ്പ് ചടങ്ങ് റിപ്പോർട്ട് ചെയ്തതു ദണ്ഡപാണിയാണ്. പ്രശംസകൾ ഏറിയപ്പോൾ ജസ്റ്റിസ് പരിപൂർണന്റെ മറുപടി വാക്കുകൾ ഇതായിരുന്നു: ‘‘നിങ്ങളൊക്കെ എന്നെപ്പറ്റി പലതും പറഞ്ഞു. അത് മുഴുവനായും ശരിയല്ല. No judge is perfect, a perfect judge is yet to be born’’. ദണ്ഡപാണി അത് ഇങ്ങനെ തർജമ ചെയ്തു: ‘‘ഒരു ജഡ്ജിയും പരിപൂർണനല്ല, പരിപൂർണനായ ജഡ്ജി ഇനി ജനിക്കാനിരിക്കുന്നതേയുള്ളൂ’’. 

English Summary :  Remembering KP Dandapani

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA