തൊടുപുഴ ∙ ദേവികുളം എംഎൽഎ എ.രാജയുടെ ജാതിസംവരണവുമായി ബന്ധപ്പെട്ട് പള്ളിരേഖകൾ തിരുത്തിയ സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി ഡി.കുമാർ കോടതിയെ സമീപിച്ചു. കുണ്ടള ഈസ്റ്റ് ഡിവിഷൻ സിഎസ്ഐ പള്ളിയിലെ രേഖകൾ തിരുത്തിയ സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ടാണു ഹൈക്കോടതിയിൽ ഹർജി നൽകിയത്.
പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്തു മത്സരിച്ച എ.രാജ ക്രിസ്ത്യാനിയെന്നു തെളിയിക്കുന്ന രേഖകൾ രാസപദാർഥം ഉപയോഗിച്ചു മായ്ച്ച ശേഷം തിരുത്തലുകൾ വരുത്തിയെന്നും തെളിവാകേണ്ട മാമോദീസ റജിസ്റ്ററിലെ ചില പേജുകൾ കീറിനശിപ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.
പാർട്ടി നിർദേശപ്രകാരം മികച്ച അഭിഭാഷകന്റെ സഹായത്തോടെ സുപ്രീം കോടതിയിൽ തിങ്കളാഴ്ച തന്നെ റിവ്യു ഹർജി നൽകുമെന്ന് എ.രാജ പറഞ്ഞു. തന്റെ ഭാഗം പൂർണമായി കേൾക്കാതെയാണു ഹൈക്കോടതി നിയമസഭാംഗത്വം റദ്ദു ചെയ്തത്. ഇതു സുപ്രീം കോടതിയിൽ തിരുത്തപ്പെടുമെന്ന വിശ്വാസമുണ്ടെന്നും രാജ പറഞ്ഞു.
ബെന്നിസൺ എന്ന രാജ?
എ.രാജ ക്രിസ്ത്യാനിയാണെന്നു തെളിയിക്കുന്ന രേഖകൾ കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സിഎസ്ഐ പള്ളിയിൽ ഉണ്ടെന്നായിരുന്നു ഡി.കുമാറിന്റെ വാദം. എന്നാൽ, പള്ളിയധികൃതർ ഹാജരാക്കിയ പള്ളി റജിസ്റ്ററുകളിൽ രാസപദാർഥം ഉപയോഗിച്ചു തിരുത്തൽ വരുത്തിയതായി കോടതി കണ്ടെത്തി.
രാജ ക്രിസ്ത്യാനിയാണെന്നു തെളിയിക്കുന്നതിനു പള്ളിയിലെ കുടുംബ റജിസ്റ്റർ, സംസ്കാര റജിസ്റ്റർ, മാമോദീസ രേഖകൾ എന്നിവയും ക്രൈസ്തവ ആചാരപ്രകാരമുള്ള രാജയുടെ വിവാഹ ഫോട്ടോകളും കുമാർ കോടതിയിൽ ഹാജരാക്കിയിരുന്നു. ബെന്നിസൺ എന്നാണു രാജയുടെ മാമോദീസ പേരെന്നും കുമാർ കോടതിയിൽ വാദിച്ചു.
English Summary: D. Kumar files petition in highcourt remanding investigation in A. Raja marriage documents malpractice