കൊച്ചി ∙ കേരള ഹൈക്കോടതിയിൽ അഡ്വക്കറ്റ് ജനറൽ, ജഡ്ജി, അഡ്വക്കറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ ഫുൾകോർട്ട് റഫറൻസ് ചടങ്ങിനെ അഭിസംബോധന ചെയ്ത അപൂർവ ഭാഗ്യത്തിന് ഉടമയായിരുന്നു കെ.പി.ദണ്ഡപാണി. അഡ്വക്കറ്റ് ജനറൽ എന്ന നിലയിൽ മന്ത്രിസഭാ യോഗത്തിലും അദ്ദേഹം പങ്കെടുത്തു.
1996 ഏപ്രിൽ 11നു ഹൈക്കോടതി ജഡ്ജിയായെങ്കിലും വൈകാതെ തന്നെ ആ പടവുകൾ തിരികെയിറങ്ങിയതിനെ കുറിച്ച് അദ്ദേഹം ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്. ‘‘ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു മൂന്നാഴ്ച കഴിഞ്ഞപ്പോൾ ഗുജറാത്തിലേക്കു സ്ഥലംമാറ്റ ഉത്തരവു വന്നു. സ്ഥലംമാറ്റം റദ്ദാക്കുകയോ എഴുതി വാങ്ങിയ ഓപ്ഷൻ സ്ഥലങ്ങളിൽ നിയമിക്കുകയോ രണ്ടുമല്ലെങ്കിൽ സ്ഥാനമൊഴിയാൻ അനുവദിക്കുകയോ ചെയ്യണമെന്ന് അപേക്ഷ നൽകി’’.
തിരിഞ്ഞുനോക്കുമ്പോൾ ഒട്ടും ഖേദമില്ല എന്നാണ് ഈ തീരുമാനത്തെ കുറിച്ചു പിന്നീട് അദ്ദേഹം പറഞ്ഞത്. കഠിനാധ്വാനവും കണിശതയും അഭിഭാഷകജോലിയിൽ അദ്ദേഹത്തിനുള്ള പദവികൾ പിന്നെയും കാത്തുവച്ചിരുന്നു.
അഭിഭാഷകൻ എന്ന നിലയിൽ സിവിലോ ക്രിമിനലോ ഭരണഘടനയോ ഏതു വിഭാഗം കേസും അദ്ദേഹം അനായാസം ഏറ്റെടുത്തു. കൂട്ടത്തിൽ മാധ്യമങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടിയും വീറോടെ വാദിച്ചു.
സുദർശൻ ചിറ്റ്‌സ് കേസിൽ കോടതിയുടെ ലിക്വിഡേഷൻ ഉത്തരവിനെതിരെയുള്ള അപ്പീലിൽ കമ്പനിയെ ദണ്ഡപാണി ഉയർത്തെഴുന്നേൽപ്പിച്ചതു ചരിത്രം കുറിച്ചാണ്- ഒരേ കോടതിയിൽ ഒരു കക്ഷിക്കുവേണ്ടി 33,000 ഹർജി സമർപ്പിച്ചതിന്റെ റെക്കോർഡ്. ഈ ഹർജികളിൽ 28,221 എണ്ണത്തിലും വിധിയെഴുതി ജസ്‌റ്റിസ് ജോൺ മാത്യു ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടുകയും ചെയ്തു.
കോവളം കൊട്ടാരം കേസ്, സഹകരണ മെഡിക്കൽ കോളജ് കേസ് ഇങ്ങനെ അദ്ദേഹം നടത്തിയ പല കേസുകളും അതതു സർക്കാരുകൾക്കു തലവേദനയായിരുന്നു. സഹകരണ മേഖലയിലായിരുന്ന എറണാകുളം മെഡിക്കൽ കോളജിന് കേസ് നടത്തി അംഗീകാരം നേടിയെടുത്ത അദ്ദേഹം, തന്റെ മൃതദേഹം ആ ആശുപത്രിക്കു വിട്ടു നൽകണമെന്ന ആഗ്രഹം കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു.
സീനിയർ അഭിഭാഷക പദവിയിൽ എത്തിയപ്പോൾ അദ്ദേഹത്തെ കാത്തിരുന്നതു മറ്റൊരു റെക്കോർഡാണ്. ദമ്പതികൾ ഒന്നിച്ച് ആദ്യമായി കേരള ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകരായതു ദണ്ഡപാണിയും ഭാര്യ സുമതിയുമാണ്.
2011 ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അഡ്വക്കറ്റ് ജനറൽ ആയപ്പോൾ കാത്തിരുന്നതു കനൽവഴികളാണ്. സോളർ കേസ്, കോഴ ആരോപണങ്ങൾ, ബാർ കോഴ ഇവയെല്ലാം സർക്കാരിനെ പ്രതിസന്ധിയിലാക്കി. സർക്കാരിനു പോറലേൽക്കാതെ രക്ഷിക്കുകയെന്ന ദൗത്യം അദ്ദേഹം വിജയിപ്പിച്ചു. പ്രധാന കേസുകളിൽ നേരിട്ടു കോടതിയിലെത്തി. സോളർ ഇടപാടിൽ മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ചു സിബിഐ അന്വേഷിക്കണമെന്ന ഹർജി, ബാർ കോഴക്കേസ് അന്വേഷണത്തിനു കോടതി മേൽനോട്ടം വഹിക്കണമെന്ന ഹർജി തുടങ്ങി കേസുകളുടെ കുത്തൊഴുക്ക്. എന്നിട്ടും സുപ്രീംകോടതി അഭിഭാഷകരുടെ സേവനം പരമാവധി ഒഴിവാക്കാൻ അദ്ദേഹം ശ്രമിച്ചു.
മുല്ലപ്പെരിയാർ കേസിലെ കോടതി നടപടികളും ഏജീസ് ഓഫിസിനെതിരായ ഹൈക്കോടതിയുടെ വിമർശനവും രാഷ്ട്രീയ വിവാദങ്ങൾക്കിടയാക്കി. എന്നാൽ, ദണ്ഡപാണി എജി ആയ ശേഷം പ്രധാനപ്പെട്ട ഒരു കേസും സർക്കാർ തോറ്റിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പ്രസ്താവിച്ചതോടെ ആ വിവാദം കെട്ടടങ്ങി.
1995 ലാണ് അദ്ദേഹം ഹൈക്കോർട്ട് അഡ്വക്കറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് ആയത്. കോടതി മുറികളിലും അസോസിയേഷൻ ഹാളിലും കേസുകളുടെ ഡിസ്പ്ലേ സംവിധാനം സ്ഥാപിച്ചത് ഇക്കാലത്താണ്. കേസ് എത്തിയോ എന്നറിയാൻ കോടതികൾ തോറും ഓടി നടന്നിരുന്ന അഭിഭാഷകർക്ക് അതുണ്ടാക്കിയ ആശ്വാസം ചെറുതായിരുന്നില്ല.
English Summary: Professional life of KP Dandapani