തിരുവനന്തപുരം ∙ തനിക്കെതിരായി ട്രോളുകൾ വരുന്നതിൽ വളരെ സന്തോഷമെന്നു മന്ത്രി വി.ശിവൻകുട്ടി. പണ്ട് പ്രതിഷേധങ്ങളിൽ പങ്കെടുത്തു എന്നതിന്റെ പേരിൽ ജനാധിപത്യ വിരുദ്ധമായ പ്രതിഷേധങ്ങളുണ്ടായാൽ ലോകാവസാനം വരെ അതിനെതിരെ പ്രതികരിക്കാൻ പാടില്ലെന്നുണ്ടോ? ട്രോളർമാരല്ല ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അതിന്റെ ഉദാഹരണമാണ് രണ്ടാം പിണറായി സർക്കാരെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ മന്ത്രി നടത്തിയ പ്രതികരണത്തെ നിയമസഭയിലെ പഴയ അക്രമസംഭവവുമായി ചേർത്ത് ട്രോളുകൾ പ്രചരിക്കുന്നതിനോടായിരുന്നു പ്രതികരണം.
‘മുൻപ് നിയമസഭയിൽ നടത്തിയ പ്രതിഷേധത്തിന്റെ പേരിൽ ഞാൻ അടക്കമുളളവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. നിയമ നടപടിയും സ്വീകരിച്ചു. അതവിടെ അവസാനിച്ചു. ഇവിടെയിപ്പോൾ രണ്ടാഴ്ചയായി പ്രതിപക്ഷം സ്പീക്കറുടെ മുഖം മറച്ചും അദ്ദേഹത്തിനെതിരെ ആക്ഷേപങ്ങൾ ചൊരിഞ്ഞും മുറിയിലേക്കു പോകുന്ന വഴി തടഞ്ഞും സമാന്തര സഭ ചേർന്നുമെല്ലാം മോശം രീതിയിൽ പ്രതിഷേധിക്കുകയാണ്. വനിത വാച്ച് ആൻഡ് വാർഡുകളുടെ കൈ ഒടിക്കുന്നതടക്കമുള്ള സംഭവങ്ങളും അരങ്ങേറി. ഇതിനെതിരെ മിണ്ടാതിരിക്കണമെന്നാണോ? ഇനിയും എനിക്കെതിരെ ട്രോളുകൾ ഉണ്ടാക്കിക്കോട്ടെ.’– മന്ത്രി പറഞ്ഞു.
English Summary: Happy about trolls says minister V Sivankutty