കോടതിയെ വിവരങ്ങൾ ധരിപ്പിക്കും; ദൗത്യം തുടരും: മന്ത്രി ശശീന്ദ്രൻ

HIGHLIGHTS
  • അരിക്കൊമ്പനെ പിടിക്കാൻ വൈകുന്നതിൽ ജനകീയ പ്രതിഷേധം
  • കേസിൽ കക്ഷിചേരാൻ 2 പഞ്ചായത്തുകൾ
AK Saseendran | File Photo
എ.കെ.ശശീന്ദ്രൻ (ഫയൽ ചിത്രം)
SHARE

കോട്ടയം/തൊടുപുഴ ∙ കോടതിയെ വിവരങ്ങൾ ധരിപ്പിച്ച് അരിക്കൊമ്പനെ കൂട്ടിലാക്കുന്ന ദൗത്യവുമായി മുന്നോട്ടുപോകുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. കാട്ടാനയെ മയക്കുവെടിവച്ചു പിടിക്കുന്ന ദൗത്യം 29 വരെ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ അഡ്വക്കറ്റ് ജനറലിനോടു നിയമോപദേശം തേടിയെന്നും വിവരം കോടതിയെ ധരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വനം വകുപ്പിന്റെ ഉന്നതതല യോഗത്തിനുശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. 

അരിക്കൊമ്പന്റെ ആക്രമണമുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്കു സംരക്ഷണം നൽകുമെന്നും മന്ത്രി അറിയിച്ചു. അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യത്തിൽ പങ്കെടുക്കാനായി കുഞ്ചു, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനകൾ ഇന്നു ചിന്നക്കനാലിലെത്തും. ആനയെ മയക്കുവെടിവച്ച് പിടികൂടുന്ന നടപടി മാത്രമാണ് നിർത്തിവച്ചിട്ടുള്ളത്. മറ്റു ക്രമീകരണങ്ങൾ തുടരുകയാണെന്നും മന്ത്രി പറഞ്ഞു. 

ചർച്ചയിൽ മന്ത്രി റോഷി അഗസ്റ്റിൻ, മുഖ്യ വനം മേധാവി ബെന്നിച്ചൻ തോമസ്, ഹൈക്കോടതിയിലെ സ്‌പെഷൽ ഗവ. പ്ലീഡർ അഡ്വ.നാഗരാജ്, ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ഗംഗാ സിങ്, പിസിസിഎഫ് ജയപ്രസാദ്, എപിസിസിഎഫ് ഡോ. പി.പുകഴേന്തി, വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 

അതേസമയം, അരിക്കൊമ്പനെ പിടിക്കാനുള്ള നടപടികൾ വൈകുന്നതിൽ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ പ്രതിഷേധം ഉയർന്നു. പൂപ്പാറയിൽ ജനങ്ങൾ റാലി നടത്തി. ഹൈക്കോടതിയിലെ കേസിൽ കക്ഷി ചേരാൻ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകൾ തീരുമാനിച്ചു. 

അരിക്കൊമ്പൻ കാട്ടിൽക്കയറി; ചക്കക്കൊമ്പൻ കറങ്ങുന്നു 

അരിക്കൊമ്പൻ പിടിയാനക്കൂട്ടത്തോടൊപ്പം ഇന്നലെ പിപികെ എസ്റ്റേറ്റിനു സമീപത്തെ വനത്തിലേക്കു കയറി. കഴിഞ്ഞ ദിവസം വരെ പെരിയകനാലിനു മുകൾ ഭാഗത്തെ തേയിലത്തോട്ടത്തിലുണ്ടായിരുന്ന കാട്ടാന ഇന്നലെ ജനവാസ മേഖലകളിലേക്കും താഴ്‌വരകളിലേക്കും വന്നില്ല. അതേസമയം ചക്കകൊമ്പനെന്ന മറ്റൊരു കാട്ടാന ആനയിറങ്കൽ ജലാശയത്തിനു സമീപം തമ്പടിച്ചിട്ടുണ്ട്.

English Summary : Operation Arikkomban, Minister Saseendran reacts

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA