തിരുവനന്തപുരം∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ തങ്ങൾക്കെതിരെ മത്സരിച്ചതിനു രാഹുൽ ഗാന്ധിയോടോ കോൺഗ്രസിനോടോ കേരളത്തിലെ സിപിഎമ്മും സിപിഐയും ഇനിയും പൊറുത്തിട്ടില്ല. വയനാട്ടിലെ ഇടതുസ്ഥാനാർഥിയെ മാത്രമല്ല, കേരളത്തിലെ ഇടതുസ്ഥാനാർഥികളുടെ ഒന്നടങ്കം സാധ്യതകൾ തകർത്ത് ലോക്സഭയിലെത്തിയ രാഹുലിനെ ഇന്നലെ പാർലമെന്റിൽ നിന്നു പുറത്താക്കിയപ്പോൾ കേന്ദ്രത്തിനെതിരെ ഏറ്റവും ആവേശത്തോടെ പ്രതിഷേധിച്ചത് പക്ഷേ, ഇടതുനേതാക്കളാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രതിഷേധത്തിനു തുടക്കമിട്ടു. അതോടെ മന്ത്രിമാരെല്ലാം കേന്ദ്രനടപടിക്കെതിരെ അണിചേർന്നു. മിക്ക മന്ത്രിമാരും ഫെയ്സ്ബുക്കിൽ ദീർഘമായ കുറിപ്പിട്ടു. സിപിഎമ്മിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലൂടെ പാർട്ടി കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് വിശദമായി പ്രതികരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ തുടങ്ങിയവരെല്ലാം കേന്ദ്ര നടപടിയെ അപലപിച്ചു. എൽഡിഎഫിന്റെ ജില്ലാതല നേതാക്കൾ പലരും രാഹുലിന്റെ ചിത്രം സമൂഹ മാധ്യമ പ്രൊഫൈൽ ചിത്രമാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതിഷേധത്തിന്റെ ഭാഗമായി.
വയനാടിന്റെ ലോക്സഭാംഗത്വത്തെ പാർലമെന്റിൽ നിന്നു പുറത്താക്കിയതിനെതിരെ വയനാട്ടിലെ യുഡിഎഫ് നേതൃത്വത്തിനൊപ്പം എൽഡിഎഫ് നേതൃത്വവും പ്രതിഷേധിച്ചു. രാഹുലിനെതിരെയുളള നടപടിയെ അപലപിക്കുക മാത്രമല്ല, മുഖ്യമന്ത്രിയും എം.വി.ഗോവിന്ദനും ചെയ്തത്. പ്രതിഷേധിക്കാനുള്ള ആഹ്വാനവും നൽകി. എൽഡിഎഫ് കൂട്ടായി ആലോചിച്ചു പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചേക്കാമെന്ന സൂചന നേതാക്കൾ നൽകുന്നു. ദേശീയതലത്തിൽ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്താൽ അതിനോടു സഹകരിക്കാനും ആലോചനയുണ്ട്.
വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവും കേരളത്തിൽ നിന്നു പ്രധാനമന്ത്രി സ്ഥാനാർഥി എന്ന ചിത്രീകരണവും ലോക്സഭാ തിരഞ്ഞെടുപ്പിലെ 1–19 തോൽവിക്കു കാരണമായി സിപിഎമ്മും സിപിഐയും വിലയിരുത്തിയിരുന്നു. പ്രതിപക്ഷ ഐക്യം മറന്നുള്ള കോൺഗ്രസിന്റെ വഞ്ചനയായി സിപിഎം, സിപിഐ പാർട്ടി കോൺഗ്രസുകൾ അതിനെ വിലയിരുത്തി. 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ മത്സരിക്കുന്നതിൽ നിന്നു പിൻവാങ്ങണമെന്ന ആവശ്യം കോൺഗ്രസിനു മുന്നിൽ വയ്ക്കാനും ഇടതു പാർട്ടികൾ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ എതിർ ചേരിയിൽ രാഹുൽ നിൽക്കുന്നതു മൂലമാണു ഭാരത് ജോഡോ യാത്രയോടു നിസ്സഹകരിക്കാൻ സിപിഎം തീരുമാനിച്ചതെന്നു കരുതുന്നവരുമുണ്ട്. ഈ പഴയ ഭിന്നതകളെല്ലാം മാറ്റിവച്ചു കൊണ്ടാണു രാഹുലിനു വേണ്ടി കേന്ദ്രത്തോടു ശബ്ദിക്കാൻ എൽഡിഎഫ് മുതിർന്നത്. സംഘപരിവാറിന്റെ ഏതു നീക്കത്തെയും ശക്തമായി ചെറുക്കുന്ന മുന്നണി കേരളത്തിൽ യുഡിഎഫ് അല്ല, എൽഡിഎഫാണ് എന്നു തെളിയിക്കാനുള്ള രാഷ്ട്രീയ ലക്ഷ്യവും ഇതിന്റെ ഭാഗമാണ്.
English Summary : Rahul Gandhi effect in LDF