ഡോ. കെ.എൻ.രാഘവൻ പുതിയ ഇന്നിങ്സിന്

HIGHLIGHTS
  • റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തുനിന്ന് വിരമിക്കുന്ന ഡോ.കെ.എൻ. രാഘവൻ സംസാരിക്കുന്നു
KN-Raghavan
SHARE

കോട്ടയം ∙ ഒരു ടീമിനു വേണ്ടിയും കളത്തിൽ ഇറങ്ങിക്കളിക്കാൻ പറ്റാത്ത അംപയറുടെ റോളായിരുന്നു ക്രിക്കറ്റിൽ ഡോ. കെ.എൻ രാഘവന് ഏറെ ഇഷ്ടം. എന്നാൽ റബർ ബോർഡിൽ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതലയിൽ പലതവണ കർഷകർക്കായി ഇറങ്ങിക്കളിച്ചതിന്റെ സംതൃപ്തിയിലാണ് അദ്ദേഹം. റബർ ബോർഡിൽ കുറെ കാര്യങ്ങൾ നടപ്പാക്കിയതിന്റെ സന്തോഷത്തിലാണ് ഈ മാസം അവസാനത്തോടെ അദ്ദേഹം പടിയിറങ്ങുന്നത്.

എംബിബിഎസിൽ നിന്ന് സിവിൽ സർവീസ് വഴിയെത്തി ആദ്യ പരീക്ഷയിൽ ഐആർഎസ് നേടിയ വ്യക്തിയാണ് രാഘവൻ. ക്രിക്കറ്റ് കളിക്കാനാണ് ഇഷ്ടപ്പെട്ടതെങ്കിലും അംപയർ പരീക്ഷ പാസായി രാജ്യാന്തര അംപയറായും തിളങ്ങി. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആദ്യത്തെ അംപയറിങ് പരീക്ഷയും പാസായി. ജോലിയും അംപയറിങ്ങും പൊരുത്തപ്പെടാതെ വന്നപ്പോൾ 22 വർഷത്തെ ഇഷ്ടം ഉപേക്ഷിച്ച് 2013ൽ ജോലിയിൽ തുടരാൻ തീരുമാനിച്ചു. മുംബൈ ജിഎസ്ടി പ്രിൻസിപ്പൽ കമ്മിഷണറുടെ ഓഫിസിൽ നിന്നാണ് ഡപ്യൂട്ടേഷനിൽ റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ പദവിയിലെത്തിയത്. 

ഒട്ടേറെ രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ടെങ്കിലും 1992 ഡിസംബർ ആറിന് റാഞ്ചിയിൽ ബിഹാറും ത്രിപുരയും തമ്മിലുള്ള മത്സരം നിയന്ത്രിച്ചതാണ് ഏറ്റവും കടുകട്ടി അനുഭവമെന്ന് അദ്ദേഹം പറയുന്നു. 

റബർ ബോർഡിലെ കാലയളവിനെക്കുറിച്ച് ഒരു ചിരിയിൽ അദ്ദേഹം മറുപടി ഒതുക്കും. റബർകൃഷിക്കും റബർ ബോർഡിനും ഭാവിയുണ്ടെന്നും അദ്ദേഹം ഉറപ്പിച്ചുപറയുന്നു.  കസ്റ്റംസ് ആൻഡ് ജിഎസ്ടി വകുപ്പിലേക്ക് ചീഫ് കമ്മിഷണറായി  മടങ്ങുന്ന അദ്ദേഹം സംസാരിക്കുന്നു.

? റബർ ബോർഡ് ഇല്ലാതാകാൻ പോകുന്നതായി ആശങ്കയുണ്ടായിരുന്നല്ലോ...

റബർ കർഷകർക്കും കൃഷിക്കും ഏറെ കാര്യങ്ങൾ ചെയ്യുന്ന റബർ ബോർഡ് ഇല്ലാതാകില്ല. ആശങ്കപ്പെടേണ്ടതില്ലെന്ന് പാർലമെന്റിൽ എൻ.കെ പ്രേമചന്ദ്രൻ എംപിക്കു ലഭിച്ച മറുപടിയിലും വ്യക്തമാക്കിയിട്ടുണ്ട്. നിതി ആയോഗിന്റെ ചില നിർദേശങ്ങളാണ് പെട്ടെന്ന് പരിഭ്രാന്തി പരത്തിയത്.

? റബർ വില ഇങ്ങനെ കുറഞ്ഞുപോയാൽ കർഷകർ ദുരിതത്തിലാകില്ലേ...

പല ഘടകങ്ങളെയും ആശ്രയിച്ചാണല്ലോ വിലയുടെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത്. വില സ്ഥിരതാ ഫണ്ട് ഉൾപ്പെടെ കാര്യങ്ങൾ കർഷകരെ സഹായിക്കാനായുണ്ട്.

? സംതൃപ്തി തന്ന നടപടികൾ

2016 മുതൽ റബർ കർഷർക്കുള്ള സബ്സിഡി കൊടുക്കാൻ സാധിക്കാതെ കിടക്കുകയായിരുന്നു. ഇപ്പോൾ സബ്സിഡി മുഴുവൻ കൊടുക്കാനായി. 2011ൽ കിലോഗ്രാമിന് 250 രൂപ വരെ ഉയർന്ന റബറിന്റെ വില കുറഞ്ഞ് കുറഞ്ഞ് 92 രൂപവരെയായിരുന്നു. 

ആറര ലക്ഷം ടണ്ണായിരുന്ന റബർ ഉൽപാദനം ഇപ്പോൾ എട്ടരലക്ഷം ടണ്ണാക്കി. ടാപ്പിങ് ഇല്ലാതെ കിടന്ന 55,000 ഹെക്ടർ തോട്ടത്തിൽ ടാപ്പിങ് നടപ്പാക്കി. റെയിൻ ഗാർഡിങ്, മരുന്നു തളിക്കൽ എന്നിവയെല്ലാം ഊർജിതമാക്കി. റബർ ഫാർമേഴ്സ് സൊസൈറ്റി വഴി സബ്സിഡി മുഴുവൻ കൊടുത്തു.

? റബർ ബോർഡിന്റെ പ്രവർത്തനങ്ങൾ

റബർ ഉൽപാദനം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമാക്കി. 5 വർഷം കൊണ്ട് 2 ലക്ഷം ഹെക്ടറിൽ വ്യാപിപ്പിക്കണമെന്ന ലക്ഷ്യത്തിലേക്ക് കൃത്യമായി മുന്നേറുന്നു. റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജനിതകമാറ്റം വരുത്തിയ റബർതൈകൾ വികസിപ്പിക്കാനായി. അതിന് പേറ്റന്റ് ലഭിച്ചു. രണ്ടു പുതിയ ലാബുകൾ സ്ഥാപിച്ചു. റബർ വിനിമയത്തിന് എംറുബെ എന്ന ഇലക്ട്രോണിക് പ്ലാറ്റ് ഫോം രൂപീകരിച്ചു. കോവിഡ് കാലത്ത് ആരംഭിച്ച വെർച്വൽ ട്രേഡ് ഫെയർ വൻവിജയമായി. ഇത്തവണ കൂടുതൽ കമ്പനികൾ വന്നിട്ടുണ്ട്. കാർബൺ ക്രെഡിറ്റിനെ അടിസ്ഥാനമാക്കി വോളന്ററി കാർബൺ മെക്കാനിസം നടപ്പാക്കാനുള്ള നീക്കങ്ങൾ തുടങ്ങി. ഇതിന്റെ പ്രയോജനം റബർ കർഷകർക്കു ലഭിക്കും. സുസ്ഥിര കൃഷിക്കായുള്ള സർട്ടിഫിക്കേഷൻ ഏജൻസിയായി റബർ ബോർഡിനെ മാറ്റാനുള്ള ശ്രമവും ആരംഭിച്ചു.

English Summary : Dr KN Raghavan retiring from rubber board executive director position

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA