ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം സ്തംഭനത്തിൽ. കഴിഞ്ഞ 15നു സ്പീക്കറുടെ ഓഫിസ് ഉപരോധവുമായി ബന്ധപ്പെട്ടാണു സംഘർഷം ഉണ്ടായത്. വനിതാ വാച്ച് ആൻഡ് വാർഡിന്റെ പരാതിയിൽ 2 വനിതകൾ അടക്കം പ്രതിപക്ഷത്തെ 7 എംഎൽഎമാർക്കും കണ്ടാലറിയാവുന്ന 5 എംഎൽഎമാർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണു കേസ് എടുത്തത്. എന്നാൽ പ്രതിപക്ഷ എംഎൽഎയുടെ പരാതിയിൽ 2 ഭരണപക്ഷ എംഎൽഎമാർക്കും കണ്ടാലറിയാവുന്ന വാച്ച് ആൻഡ് വാർഡിനുമെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചേർത്തും കേസ് എടുത്തു. 

അതിനിടെ കെ.കെ.രമയുടെ കയ്യിൽ പ്ലാസ്റ്റർ ഇട്ടതു ഡോക്ടർ പറഞ്ഞിട്ടാണെന്ന വിവരവും പ്രതിപക്ഷത്തിനെതിരെ പരാതി നൽകിയ വാച്ച് ആൻഡ് വാർഡ് ഷീനയുടെ കയ്യിൽ പരുക്കില്ലെന്ന റിപ്പോർട്ടും പുറത്തുവന്നതോടെ സർക്കാരും പൊലീസും പ്രതിരോധത്തിലായി. എല്ലാ വശവും കൃത്യമായി പരിശോധിച്ചേ കേസ് റജിസ്റ്റർ ചെയ്യാൻ പാടുള്ളൂവെന്നു പൊലീസ് ആസ്ഥാനത്തെ ഉന്നതർ പറഞ്ഞെങ്കിലും ഒരു എഡിജിപിയുടെ നിർദേശ പ്രകാരം സിറ്റി പൊലീസ് 2 കേസും റജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശ പ്രകാരമായിരുന്നു ഇതെല്ലാം.

എന്നാൽ പിന്നീടു ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴി മ്യൂസിയം പൊലീസ് രേഖപ്പെടുത്തിയപ്പോഴാണു ഷീനയുടെ കയ്യിൽ പരുക്കില്ലെന്ന വിവരം ലഭിച്ചത്. തുടർന്നു കൈ ഒടിച്ചെന്ന കുറ്റത്തിനു പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ചുമത്തിയ വകുപ്പു നീക്കം ചെയ്യാൻ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, സർക്കാർ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു എന്നീ കുറ്റങ്ങൾക്കു ജാമ്യമില്ലാ വകുപ്പു നിലനിൽക്കും. 

അതിനിടെ സിറ്റി ക്രൈം റിക്കോർഡ്സ് ബ്യൂറോ അസി.കമ്മിഷണർ ജെ.കെ.ദിനിലിന്റെ നേതൃത്വത്തിൽ മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘവും രൂപീകരിച്ചു. അന്വേഷണച്ചുമതല ഏറ്റെടുത്ത കാര്യം കോടതിയെ അറിയിച്ചെന്നും ഫയൽ ഇതുവരെ പരിശോധിച്ചില്ലെന്നും എസി പറഞ്ഞു. അന്വേഷണം എസിയുടെ നേതൃത്വത്തിലായതിനാൽ തങ്ങൾക്ക് ഒന്നും അറിയില്ലെന്ന നിലപാടിലാണു മ്യൂസിയം പൊലീസ്.

മാത്രമല്ല, നിയമസഭയ്ക്കുള്ളിൽ നടന്ന സംഘർഷമായതിനാൽ തെളിവു ശേഖരണത്തിനായി നിയമസഭാ സെക്രട്ടറിയുടെ അനുമതി സിറ്റി പൊലീസ് കമ്മിഷണർ ചോദിച്ചിരുന്നു. ഒരാഴ്ചയായിട്ടും മറുപടി നൽകിയിട്ടില്ല. അതിനാൽ സീൻ മഹസർ തയാറാക്കാനോ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനോ വാച്ച് ആൻഡ് വാർഡ് അടക്കം സംഭവ സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴിയെടുക്കാനോ പൊലീസിനു കഴിയുന്നില്ല. സർക്കാരിന്റെ പുതിയ തീരുമാനം അറിഞ്ഞാൽ മാത്രമേ കേസിനു ജീവൻ വയ്ക്കൂ എന്നതാണു സ്ഥിതി. 

വാച്ച് ആൻഡ് വാർഡിനെതിരെ കെ.കെ.രമ എംഎൽഎ പ്രത്യേക പരാതി നൽകിയെങ്കിലും അതിനു പുതിയ കേസ് വേണ്ടെന്നാണു തീരുമാനം. പ്രതിപക്ഷ പരാതിയിൽ എടുത്ത കേസിനൊപ്പം ഈ പരാതിയും അന്വേഷിക്കുമെന്നാണു പൊലീസ് പറയുന്നത്. സമൂഹ മാധ്യമത്തിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന രമയുടെ മറ്റൊരു പരാതിയിലും ആഴ്ച കഴിഞ്ഞിട്ടും സൈബർ പൊലീസ് കേസ് എടുത്തിട്ടില്ല. അതിന്റെ അന്വേഷണം നടക്കുകയാണെന്ന മറുപടിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയത്. 

English Summary: Kerala assembly cases investigation got stuck

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com