സർക്കാർ സ്ഥാപനങ്ങൾക്കു വായ്പ; 9 – 9.50% പലിശ വേണമെന്ന് സഹകരണ സ്ഥാപനങ്ങൾ

loan (2)
SHARE

തിരുവനന്തപുരം ∙ സർക്കാർ സ്ഥാപനങ്ങൾക്കു നൽകുന്ന വായ്പകളുടെ പലിശ ഉയർത്തണമെന്ന ആവശ്യവുമായി സഹകരണ സ്ഥാപനങ്ങൾ. സഹകരണ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഫെബ്രുവരി 20നു വർധിപ്പിച്ചിരുന്നു. ഇതനുസരിച്ചു പലിശ നിരക്ക് 8.75% വരെയായി. നിക്ഷേപത്തിനു നൽകുന്നതിനെക്കാൾ ഉയർന്ന നിരക്കു വായ്പയ്ക്കു ലഭിക്കണം. അതിനാൽ സർക്കാർ സ്ഥാപനങ്ങൾക്കു നൽകുന്ന വായ്പകൾക്ക് 9% മുതൽ 9.50% വരെ പലിശ നൽകണമെന്നാണു വിവിധ സഹകരണ കൺസോർഷ്യങ്ങൾ ധനവകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ഇത് പരമാവധി 8.50% ആണ്. 

മണ്ണാർക്കാട് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള കൺസോ‍ർഷ്യം ഇതുവരെ സാമൂഹിക പെൻഷൻ വിതരണ കമ്പനിക്ക് 20,000 കോടി രൂപ നൽകി. 2000 കോടി കൂടി സമാഹരിക്കുന്നതിന്റെ നടപടികൾ അവസാന ഘട്ടത്തിലാണ്. മൊത്തം തുകയിൽ 3450 കോടി രൂപ മാത്രമേ കൺസോർഷ്യത്തിനു തിരികെ ലഭിക്കാനുള്ളൂ. 

പെൻഷൻ നൽകാൻ കെഎസ്ആർടിസിക്കു മാസം 70 കോടി രൂപ സഹകരണ സ്ഥാപനങ്ങൾ നൽകുന്നുണ്ട്. പലിശ നിരക്ക് ഉയർത്താത്തിനാൽ ഈ മാസം പണം നൽകിയിട്ടില്ല. കൊച്ചി വിമാനത്താവളം, കൊച്ചി മെട്രോ എന്നിവയ്ക്കും സഹകരണ കൺസോർഷ്യം വഴി പണം ലഭ്യമാക്കുന്നുണ്ട്. ഓരോ ആവശ്യത്തിനും ഒരു സംഘത്തിന്റെ നേതൃത്വത്തിൽ വിവിധ സംഘങ്ങളെ ഉൾപ്പെടുത്തിയാണ് കൺസോർഷ്യം രൂപീകരിക്കുന്നത്. 

സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ 2.50 ലക്ഷം കോടി നിക്ഷേപം ഉണ്ട്. സർക്കാർ ഗാരന്റിയുള്ള സ്ഥാപനങ്ങൾക്കു വായ്പ അനുവദിക്കുന്നതിനോട് ഭരണസമിതികൾക്ക് ഏറെ താൽപര്യമാണ്. മാസാടിസ്ഥാനത്തിൽ പലിശ നിശ്ചയിക്കുന്നതിനാൽ വാർഷിക പലിശയുമായി തട്ടിച്ചു നോക്കുമ്പോൾ ഒരു ശതമാനത്തോളം അധികം ലഭിക്കും. 

വിഴിഞ്ഞം തുറമുഖം: അദാനിക്കായി 100 കോടി സമാഹരിക്കും 

വിഴിഞ്ഞം തുറമുഖ പദ്ധതിക്കു വേണ്ടി സഹകരണ കൺസോർഷ്യം വഴി 100 കോടി രൂപ സമാഹരിക്കാൻ തീരുമാനിച്ചു. തുറമുഖത്തിന്റെ പുലിമുട്ടു നിർമാണത്തിന് അദാനി ഗ്രൂപ്പിനു സർക്കാർ ഉടൻ 400 കോടി രൂപ നൽകണം. ഇതിനുവേണ്ടിയാണ് കൺസോർഷ്യം വഴി പണം സമാഹരിക്കുന്നത്. ശേഷിക്കുന്ന തുക സമാഹരിക്കുന്നത് എങ്ങനെയെന്നു തീരുമാനിച്ചിട്ടില്ല. തുറമുഖ നിർമാണത്തിനു വയബിലിറ്റി ഗ്യാപ് ഫണ്ടായി സർക്കാർ 400 കോടി നൽകണം. ഇതിനായി ഹഡ്‌കോയിൽ നിന്നു 3 മാസത്തിനകം വായ്പ ലഭിക്കും.

English Summary : Loan for government offices

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS