ADVERTISEMENT

കൊച്ചി ∙ നാവിൻതുമ്പിൽ നർമം പുരട്ടി സിനിമയെയും ജീവിതത്തെയും ഒരുപോലെ പ്രസാദാത്മകമാക്കിയ ഇന്നസന്റ് (75) വിടവാങ്ങി. ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന്റെ വിയോഗം ഇന്നലെ രാത്രി 10.30ന് എറണാകുളം ലേക്‌ഷോർ ആശുപത്രിയിലായിരുന്നു. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്നു രാവിലെ 8 മുതൽ 11 വരെ കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനത്തിനു ശേഷം വൈകിട്ടു 3നു വീട്ടിലേക്കു കൊണ്ടുപോകും. സംസ്കാരം നാളെ രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ. 

ഈ മാസം മൂന്നിന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം അതീവ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. കോവിഡ് മൂലം ശ്വാസകോശ അസുഖങ്ങളും പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമാണു മരണത്തിലേക്കു നയിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മരണസമയത്തു ഭാര്യ ആലീസും മകൻ സോണറ്റും ഒപ്പമുണ്ടായിരുന്നു.

ആദ്യസിനിമ നൃത്തശാല (1972). 700ൽ അധികം സിനിമകളിൽ അഭിനയിച്ചു. ഇന്നസന്റ് ഹാസ്യാഭിനയത്തെ സ്വഭാവ അഭിനയത്തിന്റെ തലത്തിലേക്ക് ഉയർത്തി. ഇരിങ്ങാലക്കുടയുടെ ഇത്തിരിച്ചിരി കലർത്തി ഏതു വിഷയത്തെപ്പറ്റിയും സംസാരിച്ച അദ്ദേഹം ലോകമെങ്ങുമുള്ള മലയാളികൾക്കു പ്രിയപ്പെട്ടവനായി. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലിഷ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1989ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (ചിത്രം: മഴവിൽക്കാവടി) നേടി. ശ്രദ്ധേയമായ ഏതാനും മലയാള സിനിമകളുടെ നിർമാതാവുമാണ്. 

innocent-family
ഇന്നസന്റും കുടുംബവും. – ഫയൽചിത്രം.

തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി 1948 മാർച്ച് നാലിന് ഇരിങ്ങാലക്കുടയിൽ ജനിച്ച ഇന്നസന്റ് എട്ടാം ക്ലാസിൽ പഠിപ്പു നിർത്തിയെങ്കിലും ചെയ്യാത്ത ജോലികളില്ല. നാട്ടുകാരനും സുഹൃത്തുമായ സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാരംഗത്തുവരുന്നത്. മാന്നാർ മത്തായിയും കിലുക്കത്തിലെ കിട്ടുണ്ണിയും മലയാളിയുടെ നിലയ്ക്കാത്ത ചിരിയുടെ നായകന്മാരാണ്.

1981ൽ ഡേവിഡ് കാച്ചപ്പള്ളിയുമായി ചേർന്ന് ‘ശത്രു കംബൈൻസ്’ എന്ന സിനിമാ നിർമാണക്കമ്പനി തുടങ്ങി. ഇളക്കങ്ങൾ, വിടപറയും മുൻപേ, ഓർമയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ എന്നീ ചിത്രങ്ങൾ നിർമിച്ചു. ഏതാനും ചിത്രങ്ങൾക്കു കഥയെഴുതുകയും ഒരു കഥാസമാഹാരം പ്രസിദ്ധീകരിക്കുകയും ചെയ്തു.

2000 മുതൽ 2018 വരെ താരസംഘടന അമ്മയുടെ പ്രസിഡന്റ് ആയിരുന്നു. കാൻസറിന്റെ പിടിയിൽ അമർന്നിട്ടും സിനിമാ അഭിനയം മുടക്കിയില്ല. രോഗമുക്തനായശേഷം അർബുദ രോഗചികിത്സയെക്കുറിച്ചുള്ള പ്രചാരണത്തിൽ സജീവമായി. 1979ൽ ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറായ അദ്ദേഹം 2014ൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫിന്റെ പി.സി.ചാക്കോയ്ക്കെതിരെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചു. 2019ൽ ബെന്നി ബഹനാനോടു പരാജയപ്പെട്ടു. മരുമകൾ: രശ്മി.

ഇന്നസന്റ് ഭാര്യ ആലീസിനൊപ്പം.
ഭാര്യ ആലീസിനൊപ്പം ഇന്നസന്റ് (ഫയൽ ചിത്രം)

English Summary: Popular Malayalam Actor Innocent Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com