ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കാൻ അർഹരായ 8 പേരും ആ പദവി ഏറ്റെടുക്കാൻ സമ്മതമറിയിച്ചതോടെ സംസ്ഥാന സർക്കാർ പട്ടിക കേന്ദ്രത്തിന് അയച്ചു. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള 3 ഡിജിപിമാരും സംസ്ഥാനത്തുള്ള 5 പേരുമാണു പട്ടികയിൽ ഉള്ളത്. 

കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥരായ സിആർപിഎഫ് സ്പെഷൽ ഡയറക്ടർ നിധിൻ അഗർവാൾ, ഇന്റലിജ‍ൻസ് ബ്യൂറോ അഡീഷനൽ ഡയറ്കടർമാരായ ഹരിനാഥ് മിശ്ര, രവാഡ എ.ചന്ദ്രശേഖർ എന്നിവർ നേരത്തേ സമ്മതം അറിയിച്ചിരുന്നു. ഇവർക്കൊപ്പം സംസ്ഥാനത്തെ 5 മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരായ പൊലീസ് ആസ്ഥാനത്തെ എഡിജിപി കെ.പദ്മകുമാർ, ക്രൈംബ്രാഞ്ച് എഡിജിപി ഷേയ്ക്ക് ദർവേഷ് സാഹിബ്, സപ്ലൈകോ സിഎംഡി സഞ്ജീവ് കുമാർ പട്ജോഷി, ഇന്റലിജൻസ് മേധാവി എഡിജിപി ടി.കെ.വിനോദ് കുമാർ, ബവ്കോ എംഡി യോഗേഷ് ഗുപ്ത എന്നിവരുടേത് ഉൾപ്പെടെ 8 പേരുകളാണു കേന്ദ്ര സർക്കാരിനു നൽകിയത്. 

പൊലീസ് ആസ്ഥാനത്തു നിന്നു രണ്ടാഴ്ച മുൻപു പൊതുഭരണ വകുപ്പിനു പട്ടിക കൈമാറിയിരുന്നു. ഇന്റലിജൻസ്, വിജിലൻസ് ക്ലിയറൻസുകൾക്കു ശേഷമാണു പട്ടിക അയച്ചത്. 30 വർഷം സർവീസ് പൂർത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണു കൈമാറിയത്. സംസ്ഥാന പൊലീസ് മേധാവിയായി പരിഗണിക്കാൻ കുറഞ്ഞത് 6 മാസത്തെ സർവീസും ബാക്കിയുണ്ടാകണം. ഈ 8 പേരിൽ നിന്നു യുപിഎസ്‌സി ചെയർമാൻ ഉൾപ്പെടുന്ന 5 അംഗ സമിതി 3 പേരുകൾ സംസ്ഥാന സർക്കാരിനു കൈമാറും. അതിൽ നിന്ന് ഒരാളെ സംസ്ഥാന സർക്കാരിനു നിയമിക്കാം. അങ്ങനെ നിയമിക്കുന്ന പൊലീസ് മേധാവിക്കു കുറഞ്ഞതു 2 വർഷമോ അല്ലെങ്കിൽ അതിനു ശേഷവും സർവീസ് ഉണ്ടെങ്കിൽ വിരമിക്കുന്നതു വരെയോ തുടരാം.

കഴിഞ്ഞ പ്രാവശ്യം പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാൻ പട്ടിക കേന്ദ്രത്തിലേക്കു ചെന്നപ്പോൾ അതിലെ ആദ്യ സ്ഥാനക്കാരായിരിന്ന ടോമിൻ തച്ചങ്കരിക്കും സുധേഷ് കുമാറിനുമെതിരെ ഒട്ടേറെ ആരോപണങ്ങൾ ഇരുവരെയും അനുകൂലിക്കുന്ന വിഭാഗങ്ങൾ കേന്ദ്ര ആഭ്യന്തര വകുപ്പിനും യുപിഎസ്‌സിക്കും വെവ്വേറെ അയച്ചിരുന്നു. തുടർന്നാണു ചുരുക്കപ്പട്ടിക കേന്ദ്രത്തിൽ നിന്നു വന്നപ്പോൾ അനിൽ കാന്തിനു നറുക്കു വീണത്. ഇക്കുറി അത്തരം തൊഴുത്തിൽക്കുത്ത് ഇല്ലാത്തതിനാൽ പട്ടികയിലെ 8 പേരിൽ ആദ്യ 3 സ്ഥാനക്കാരായ നിധിൻ അഗർവാൾ, പദ്മകുമാർ, ഷേയ്ക്ക് ദർവേഷ് സാഹിബ് എന്നിവരുടെ ചുരുക്കപ്പട്ടികയാകും കേന്ദ്രം സംസ്ഥാനത്തിനു കൈമാറുക. ഇതിൽ മുഖ്യമന്ത്രിക്കു താൽപര്യമുള്ള വ്യക്തിയെയാകും പദവിയിലേക്കു നിയോഗിക്കുക. 

ഡിജിപിമാരായ അരുൺകുമാർ സിൻഹ, അഗ്നിരക്ഷാ സേനാ മേധാവി ബി.സന്ധ്യ, എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ എന്നിവർ മേയിൽ വിരമിക്കുന്നതിനാൽ പട്ടികയിൽ ഇല്ല. ഇപ്പോഴത്തെ ഡിജിപി അനിൽ കാന്ത് ജൂണിലും ടോമിൻ തച്ചങ്കരി ജൂലൈയിലും വിരമിക്കും. തച്ചങ്കരിക്കും 6 മാസത്തെ സർവീസ് ബാക്കിയില്ല.

ആരെങ്കിലും തങ്ങളെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കേണ്ടതില്ലെന്നു രേഖാമൂലം അറിയിച്ചാൽ അവരെ പട്ടികയിൽ ഉൾപ്പെടുത്താറില്ല. സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് (എസ്പിജി) മേധാവി അരുൺ കുമാർ സിൻഹ തന്നെ പരിഗണിക്കേണ്ടതില്ലെന്നു കഴിഞ്ഞ തവണ രേഖാമൂലം അറിയിച്ചില്ല. ഒടുവിൽ യൂണി‍യൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) നിർദേശ പ്രകാരം സംസ്ഥാന സർക്കാർ അദ്ദേഹത്തിന്റെ കത്തു വാങ്ങി കൈമാറുകയായിരുന്നു.

English Summary: All eight police officers considering to be dgp agrees to take the post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com