ADVERTISEMENT

തിരുവനന്തപുരം ∙ പാർലമെന്റിൽ നിന്നു പുറത്താക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് സിപിഎം ആവേശത്തോടെ പ്രഖ്യാപിക്കുന്ന ഐക്യദാർഢ്യം കേരളത്തിലെ കോൺഗ്രസ് കാണുന്നതു സംശയദൃഷ്ടിയോടെ. എന്നാൽ, വിശാല പ്രതിപക്ഷചേരിയുടെ ഭാഗമാണ് ഇടതുപക്ഷം എന്നതുകൊണ്ടു തന്നെ അവർ ആ പിന്തുണ തള്ളിപ്പറയില്ല. രാഹുൽ അയോഗ്യനായതോടെ സ്വിച്ചിട്ടതു പോലെയാണ് സിപിഎം നേതാക്കൾ പിന്തുണച്ചത്. പാർട്ടിയുടെ കേന്ദ്ര–സംസ്ഥാന നേതാക്കൾ തിരക്കിട്ടു നടത്തിയ കൂടിയാലോചനയുടെ അടിസ്ഥാനത്തിലായിരുന്നു പ്രസ്താവനകൾ.

ഇതോടെ കോൺഗ്രസിനെ ഇടതുപക്ഷം വെട്ടിലാക്കി. സൂറത്ത് കോടതി വിധി മേൽക്കോടതി തള്ളുന്ന പക്ഷം രാഹുലിന്റെ അയോഗ്യത ഇല്ലാതാകും. അതോടെ അയോഗ്യതാ നീക്കത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത കേരളത്തിലെ അതേ ഇടതുപക്ഷത്തിനെതിരെ 2024 ൽ വീണ്ടും മത്സരിക്കാൻ രാഹുൽ തയാറാകുമോ? മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നൽകിയ പിന്തുണ അങ്ങനെയൊരു ധാർമിക പ്രതിസന്ധി കോൺഗ്രസിനും രാഹുലിനും മുന്നിൽ സൃഷ്ടിക്കാം.

2019 ൽ വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവാണ് എൽഡിഎഫിന്റെ കൂട്ടത്തോൽവിയുടെ ഒരു കാരണം എന്നതിനാൽ  ഇനി ഒരിക്കൽകൂടി അദ്ദേഹം കേരളത്തിൽ മത്സരിക്കരുതെന്ന ആഗ്രഹം സിപിഎമ്മിനുണ്ട്. ആ ലക്ഷ്യം സാധ്യമാക്കാനുള്ള ഉപായമായി കൂടി ഈ രാഷ്ടീയ സന്ദർഭത്തെ സിപിഎം ഉപയോഗിക്കുകയാണെന്ന ചിന്ത കോൺഗ്രസിൽ പ്രബലമാണ്.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാൻ സംഘപരിവാർ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന നീക്കവും എന്നാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും ചുറ്റുമുള്ളവരുടെയും മേൽ കുരുക്ക് മുറുകുന്നതായി പ്രതിപക്ഷം വിലയിരുത്തുന്നു. നാളത്തെ ആ ദുർഘട സാഹചര്യം മുന്നിൽ കണ്ട് തങ്ങളെ ഒപ്പം നിർത്താനുളള സിപിഎമ്മിന്റെ അടവായിട്ടാണ് പ്രതിപക്ഷത്തെ പലരും ഇപ്പോഴത്തെ പിന്തുണയെ കരുതുന്നത്. രാഹുലിനു മുൻപ് മനീഷ് സിസോദിയയ്ക്കെതിരെ നടന്ന നീക്കത്തെയും മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചിരുന്നു.

English Summary: Congress leadership doubts cpm support to Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com