ADVERTISEMENT

രാത്രി പതിനൊന്നു മണിക്കു വിളിച്ച ഇന്നസന്റ് ചോദിച്ചു:‘നീല നിറത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റ് രണ്ടെണ്ണം കിട്ടുമോ’. 

‘ഈ രാത്രിയിലോ?’. 

‘അതേ, നേരം വെളുക്കും മുൻപു വേണം’.

മറുപടിക്കു കാക്കാതെ വിശദീകരിക്കാൻ തുടങ്ങി: ‘സത്യന്റെ (സത്യൻ അന്തിക്കാട്) മകന്റെ ഇന്നു റിലീസ് ചെയ്ത സിനിമ ഹിറ്റാണ്. ഇരട്ടകളിലെ രണ്ടാമൻ ഫഹദ് ഫാസിലിനെ വിളിച്ചു സിനിമ ചെയ്യാൻ കരാറായിട്ടുണ്ട്. എന്നുവച്ചാൽ കച്ചവടമുള്ള മൂന്നു സംവിധായകർ ഒരേ വീട്ടിലാണ്. അതോടെ ഇവരുടെ സ്വഭാവം മാറും. നമ്മളെയൊന്നും അറിയില്ല. നേരം വെളുക്കും മുൻപ് അയാളുടെ ഗേറ്റിനു മുൻപിലൊരു ടെന്റ് കെട്ടി താമസിച്ചാൽ എന്നും പുറത്തുവരുമ്പോൾ  മൂന്നുപേരും എന്നെ കാണും. അതോടെ വല്ല വേഷവും തരും. മറ്റു മാർഗമില്ലാഞ്ഞിട്ടാണ്. എംപി ആയപ്പോൾ കിട്ടിയ കൈക്കൂലിയെല്ലാം തീരാറായി...’

innocent-family

ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരന്റെ മകന്റെ സിനിമ ഹിറ്റായതിലെ സന്തോഷം രാത്രി 11 മണിക്കും ഇന്നസന്റിനെ ഉറങ്ങാൻ അനുവദിക്കുന്നില്ല. ഇന്നസന്റ് അങ്ങനെയാണ്. എവിടെയും ഏതു നട്ടപ്പാതിരയ്ക്കും സന്തോഷം കണ്ടെത്തും. മിക്കപ്പോഴും അദ്ദേഹം മോഹൻലാൽ, പ്രിയദർശൻ, സത്യൻ അന്തിക്കാട് എന്നിവരെ വിളിച്ചു കഥ പറയും. ഇയാൾക്ക് എവിടെനിന്നാണ് ഇത്രയും കഥ കിട്ടുന്നത് എന്നു പ്രിയദർശൻ പലപ്പോഴും ചോദിച്ചിരുന്നു.

കോവിഡ് കാലത്തു അണുബാധയേറ്റ് ഐസിയുവിലേക്കു കൊണ്ടുപോകുമ്പോഴും ഇന്നസന്റ് വിളിച്ചു: ‘കാൻസറും കോവിഡും തമ്മിലുള്ള മത്സരമാണ്. ഇതുവരെ ആരും ജയിച്ചിട്ടില്ല. ബാക്കി കളി ഐസിയുവിലാണ്.‍ ഞാൻ റഫറി നിൽക്കാൻ പോകുകയാണ്. തിരിച്ചു വന്നാൽ കാണാം.’

ആഹ്ലാദ സമയത്തും അദ്ദേഹം ഇതേ മനോഭാവത്തോടെ പെരുമാറി. എംപിയായി തിരഞ്ഞെടുക്കപ്പെട്ട് ഒരുമാസം കഴിഞ്ഞ് കോടിയേരി ബാലകൃഷ്ണനെ കാണാനെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: ‘വീട്ടിൽ ചെറിയൊരു പ്രശ്നമുണ്ട്. സഹായിക്കണം.’

എന്താ പ്രശ്നമെന്നു  കോടിയേരി ചോദിച്ചു.

‘എല്ലാ ദിവസവും രാവിലെ എ‍ൽസി വിളിക്കും. എട്ടും പത്തും എൽസികൾ. അതു പതിവായതോടെ ഭാര്യ ആലീസിനു പേടിയാണ്. നമ്മുടെ പാർട്ടിയിൽ വന്നതോടെ എനിക്കു പുതിയ ബന്ധം തുടങ്ങിയോ എന്നാണു അവളുടെ പേടി’.

കോടിയേരി എഴുന്നേറ്റു കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു: 

‘ഇനി എ‍ൽസി വിളിക്കില്ല. ഡിസിയിൽനിന്നു വിളി വന്നാൽ പോയാൽ മതി’.

സിപിഎം ലോക്കൽ കമ്മിറ്റിക്കാണു പാർട്ടി ഭാഷയിൽ എൽസി എന്നു പറയുന്നത്. തുടർച്ചയായി പരിപാടിക്കു വിളി വരാൻ തുടങ്ങിയതോടെ ഇന്നസന്റിനു പ്രയാസമായി. ഭാര്യയും ഫോണെടുക്കേണ്ടി വരുന്നു. രോഗത്തിന്റെ അസ്വസ്ഥത കൂടെയുണ്ടായിരുന്നു. യാത്രകൾ പ്രശ്നമാകുമെന്നു ഡോക്ടർമാർ മുന്നറിയിപ്പും നൽകിയിരുന്നു. അതോടെ ഇന്നസന്റിനെ നേരിട്ടു പരിപാടിക്കു വിളിക്കരുതെന്നു കമ്മിറ്റികൾക്കു നിർദേശം പോയി. ജില്ലാ കമ്മിറ്റിയിൽ (ഡിസി) നിന്നായി അദ്ദേഹത്തിന്റെ പരിപാടികൾ തീരുമാനിക്കുന്നത്.

അമ്മയുടെ ഷോ ദുബായിൽ നടക്കാൻ പോകുന്നതിന്റെ രണ്ടു ദിവസം മുൻപ് എല്ലാവരും കൊച്ചിയിൽനിന്നു പറക്കാൻ തുടങ്ങുന്ന സമയത്താണ് ഇന്നസന്റ് വരുന്നില്ലെന്നു വിവരം കിട്ടുന്നത്. ആരോടും തൽക്കാലം പറയേണ്ട എന്നും പറഞ്ഞു.

വിളിച്ചപ്പോൾ ഇന്നസന്റ് പറഞ്ഞു: ‘ആലീസിന് ഒരേ വാശി, എന്നെപ്പോലെ ആകണമെന്ന്.’

‘ദുബായിലേക്കു ചേച്ചിയും വന്നോട്ടെ.’

‘അതല്ല, എനിക്കു കാൻസറാണല്ലോ. കുറെ ദിവസമായി അവൾക്കും വേണമെന്നു പറഞ്ഞ് വാശി തുടങ്ങിയിട്ട്. രണ്ടു ദിവസം മുൻപു പരിശോധിച്ചപ്പോൾ മനസ്സിലായി  കാൻസറാണെന്ന്. ഇപ്പോ സന്തോഷത്തോടെ വീട്ടിലുണ്ട്. ഈ സന്തോഷ സമയത്തു ഞാൻ വന്നാൽ ശരിയാകില്ലല്ലോ.’

ദുരിതം തൊട്ടുമുന്നിൽ വന്നു നിൽക്കുമ്പോ‍ൾ പോലും ചിരിക്കുന്ന സ്വഭാവക്കാരനായിരുന്നു ഇന്നസന്റ്. ഒരു പേടിയുമില്ല.

തിരഞ്ഞെടുപ്പിനു നാമനിർദേശ പത്രിക കൊടുക്കുന്നതിനു മുൻപു അപ്പന്റെ കുഴിമാടത്തിൽ പോയി പ്രാർഥിച്ചിരുന്നു. തിരിച്ചു വരുമ്പോൾ സ്വകാര്യമായി പറഞ്ഞു, ‘അങ്ങേരു കുഴിമാടത്തിന് അകത്തായതു നന്നായി. വോട്ടില്ലാത്ത ആളുടെ അടുത്ത് പോയി അനുഗ്രഹം വാങ്ങി സമയം കളഞ്ഞതിനു കണക്കിനു കിട്ടിയേനെ.’

മലയാളത്തിലെ ഒരു സംവിധായകൻ സിനിമാ സംഘടനകളുമായി കലഹിച്ചുകൊണ്ടിരിക്കെ കോടതി വിധിയിലൂടെ അദ്ദേഹത്തിനു 10 ലക്ഷം രൂപ കിട്ടി. 25 വർഷം മുൻപു റിലീസ് ചെയ്ത ഒരു സിനിമയുടെ കഥയിൽ അദ്ദേഹത്തിന്റെ പേരു വച്ചതിനുള്ള പ്രതിഫലമായാണ് അതു കിട്ടിയത്. കഥ പിന്നീടു പല ഭാഷയിലേക്കും വിറ്റിരുന്നു. സത്യത്തിൽ അന്നു സഹ സംവിധായകനായിരുന്ന അയാൾക്കു കഥയുമായി ബന്ധമില്ലായിരുന്നു. സൗഹൃദത്തിന്റെ പേരിൽ ആരോ പേരുവച്ചതാണ്. എല്ലാവരും കളിയാക്കിയപ്പോ‍ൾ ഇന്നസന്റ് പറഞ്ഞു, ‘ഞാൻ കളിയാക്കില്ല. കാരണം, ദൈവം അയാൾക്കു കൊടുത്ത പണമാണിത്. കളിയാക്കിയാൽ ദൈവം ചോദിക്കും, എന്റെ പണം ഞാൻ ഇഷ്ടമുള്ളയാൾക്കു കൊടുക്കും. ഇതു ചോദിക്കാൻ താൻ ആരെടോ. അതോടെ എനിക്കു കിട്ടുന്ന പൈസ പുളളി കട്ട് ചെയ്യും.’

ഇന്നസന്റിന്റേതു ഫൊട്ടോഗ്രഫി ഓർമയായിരുന്നു. നാലാം ക്ലാസിലെ കാര്യങ്ങൾ പോലും എഴുപതാം വയസ്സിലും ഓർത്തെടുത്തിരുന്നു. ഓരോ ബെഞ്ചിലും ഇരുന്ന കുട്ടികളുടെ പേരു പറയുന്നതു കേട്ട് ‘ആദ്യ ബഞ്ചിൽ നിന്നു പുറകോട്ടു പറയാമോ’ എന്ന് ഒരിക്കൽ മോഹൻലാൽ ചോദിച്ചു. ഇന്നസന്റ് തെറ്റാതെ പറഞ്ഞു. രണ്ടു മണിക്കൂറിനു ശേഷം വീണ്ടും ചോദിച്ചപ്പോഴും ഇന്നസന്റ് ഒന്നുപോലും തെറ്റാതെ പറഞ്ഞുകേൾപ്പിച്ചു. 

അധ്യാപകർ, സഹപാഠികൾ, ഒപ്പം നടന്നവർ, പള്ളിയിലെ അച്ചന്മാർ തുടങ്ങി കൗൺസിലറായിരിക്കെ മുനിസിപ്പൽ സെക്രട്ടറിയായിരുന്ന മൂന്നു പേരുടെ പേരു വരെ അദ്ദേഹം ഓർത്തെടുത്തു. അധ്യാപകരെ അവരുടെ വീട്ടിൽ പോയി കാണാറുണ്ടായിരുന്നു. ബെംഗളൂരുവിലും വയനാട്ടിലും കലിഫോർണിയയിലുമുള്ള പല അധ്യാപകരുടെയും മുന്നിൽ  പ്രത്യക്ഷപ്പെട്ട് അദ്ദേഹം അവരെ അമ്പരപ്പിച്ചു.

കാൻസർ ചികിത്സയ്ക്കിടയിൽ പൊടികളും കുപ്പികളുമായി പലരും മരുന്നുകൾ അയച്ചു കൊടുത്തപ്പോൾ അദ്ദേഹം അതെല്ലാം ചെടികളുടോ ചുവട്ടിലിട്ടു. എപ്പോഴും അംഗീകൃത ചികിത്സാ വിധിയുടെ മാത്രം പുറകെ പോയി. 

അമ്മയുടെ പ്രസിഡന്റായി തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടു കൊണ്ടിരുന്നപ്പോൾ പദവി ഒഴിയാൻ അദ്ദേഹം പല തവണ അനുമതി ചോദിച്ചു. ഒരാൾ പോലും പിന്തുണച്ചില്ല. അസുഖം പിടിപെട്ടവർക്കും അവശരായവർക്കും അദ്ദേഹം സഹായമെത്തിച്ചു. അമ്മയെ അനാവശ്യ വിവാദങ്ങളിലേക്കു വലിച്ചിഴച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ‘ഇനി അമ്മ യോഗത്തിനു ശേഷം പത്ര സമ്മേളനമുണ്ടാകില്ല, ചായയും കേക്കും മാത്രമേ ഉണ്ടാകൂ.’

പ്രതിഫലം കൊടുക്കാതെ മുങ്ങിയവരെ തിരിച്ചു വിളിച്ചു വിരട്ടിയാണു ഇന്നസന്റ് പലപ്പോഴും അഭിനേതാക്കൾക്കു പ്രതിഫലം നൽകിയത്. പണം നൽകാതെ ഡബ്ബ് ചെയ്യാനാകില്ലെന്നു പറഞ്ഞ താരങ്ങളെ വിളിച്ചു സഹകരിക്കാൻ പറഞ്ഞു. സിനിമ പുറത്തിറങ്ങാനായി എന്ത് ഒത്തുതീർപ്പിനും തയാറായിരുന്നു ഇന്നസന്റ്. 

innocent-5

സുകുമാർ അഴീക്കോട് പല കാരണങ്ങളാൽ മോഹൻലാലും മമ്മൂട്ടിമായി കലഹിച്ചപ്പോൾ ഇന്നസന്റ് ഒരു ദിവസം സുകുമാർ അഴീക്കോടിനെ ഫോണിൽ വിളിച്ചു സംസാരിച്ചു. അതോടെ അദ്ദേഹം ശാന്തനായി. ഏതു പ്രതിസന്ധിയും മറികടക്കാൻ ഇന്നസന്റിന്റെ കയ്യിൽ ആയുധമുണ്ടായിരുന്നു; തെരുവിൽ നിന്നും ജനങ്ങൾക്കിടയിൽ നിന്നും ആർജിച്ചെടുത്ത മിടുക്ക്.

താരകുടംബങ്ങളിലെ തർക്കം സ്ഥിരമായി പറഞ്ഞു തീർത്തിരുന്നത് ഇന്നസന്റായിരുന്നു. ഇരുവർക്കും പറയാനുള്ളതു മണിക്കൂറുകളോളം കേൾക്കും. അവസാനം ഇന്നസന്റ് പറയുന്നതായിരിക്കും ഇരുകൂട്ടരുടെയും തീരുമാനം. പലർക്കും അദ്ദേഹം കുടുംബത്തിലെ കാരണവരായിരുന്നു. രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനായിരുന്നു. 

ഒരിക്കൽ ആഫ്രിക്കയിലെ സഫാരിക്കിടയിൽ കനത്ത മഴയിൽ അദ്ദേഹം കയറിയ വാഹനം ചതുപ്പി‍ൽ താഴ്ന്നു. നല്ല മഴയും തുടങ്ങി. രാത്രിയായതോടെ വാനിലെ എല്ലാവരും പ്രാർഥന തുടങ്ങി. ഇന്നസന്റ്  ‌മാത്രം ഒന്നും സംഭവിക്കാത്തതുപോലെ ഇരുന്നു. വന്യ മൃഗങ്ങൾ വരുന്ന സ്ഥലമാണ്. പരിസരത്തൊന്നും രക്ഷാമാർഗമില്ല. മഴ കനത്തതോടെ വാനിലെ വയർലെസ് റേഡിയോയും കേടായി. ഇന്നസന്റിന്റെ ഭാവം കണ്ടു ഭാര്യ ആലീസിനു ദേഷ്യം വന്നു. 

ഇന്നസന്റ് പറഞ്ഞു, ‘ആലീസേ, വല്ല മൃഗങ്ങളും വന്നു നമ്മളെ രണ്ടു പേരേയും തട്ടിയാൽ അതു ഭാവിയിൽ കുടുംബത്തിനു വലിയ പേരാകും. ഇരിങ്ങാലക്കുടയിലോ കൊച്ചിയിലോ കാള കുത്തിയോ പട്ടി കടിച്ചോ മരിച്ചാൽ ആര് ഓർക്കാനാണ്. ഇവിടെവച്ചു സംഭവിച്ചാൽ നമ്മുടെ അപ്പാപ്പനെ ആഫ്രിക്കയിൽ വച്ചു പുലി പിടിച്ചതാണെന്നു തലമുറകൾ പറയും. അതു വലിയ പേരാകും.’ മരണം മുന്നിൽ വന്നുനിന്ന നിമിഷങ്ങളിൽ പോലും ഇന്നസന്റ് ചിരിപ്പിച്ചു കൊണ്ടിരുന്നു.

മോഹൻലാൽ പറഞ്ഞു, ‘ഇയാൾക്കു കുട്ടിക്കാലത്ത് ഒരു അപകടം പറ്റി തലച്ചോറിലെ കുറെ ദ്രാവകം പോയി. അതുകൂടി ഉണ്ടായിരുന്നെങ്കിൽ ഇയാൾ ഇന്ത്യ പിടിച്ചെടുത്തേനെ.’ശിവാജി ഗണേശൻ, അമിതാഭ് ബച്ചൻ, രാജ്കുമാർ, എൻ.ടി.രാമറാവു, നാഗേശ്വര റാവു, രജനീകാന്ത് തുടങ്ങി മലയാളത്തിൽ ഒരു സിനിമയിൽ മുഖം കാണിച്ച കുട്ടിയുമായിവരെ അദ്ദേഹം അടുപ്പം പുലർത്തി. ഓരോ തവണ ആശുപത്രിയിൽ നിന്നു വീട്ടിലെത്തുമ്പോഴും രാത്രി ഇന്നസന്റ് വിളിക്കുമായിരുന്നു. ‘ഈ ഷെഡ്യൂൾ കഴിഞ്ഞു ട്ടാ..’ എന്നു പറഞ്ഞാണു തുടങ്ങുക. ഇത്തവണ വരുമ്പോൾ ഇനിയൊരു ഷെഡ്യൂൾ ബാക്കിയില്ല. ഇനി വേണ്ടപ്പെട്ട പലരുടെയും ഫോണിൽ രാത്രി ആ പേരു തെളിയില്ല.

ആലാപനം ഇന്നസന്റ്

ഗായകനല്ലെങ്കിലും ഇന്നസന്റ് ഏതാനും ചിത്രങ്ങളിൽ പാട്ടുപാടിയിട്ടുണ്ട്. 1990ൽ ജോൺസന്റെ ഈണത്തിൽ ‘ഗജകേസരിയോഗം’ എന്ന ചിത്രത്തിൽ ‘ആന‌ച്ചന്തം ഗണപതി മേളച്ചന്തം’ എന്ന ഗാനവും ‘സാന്ദ്രം’ എന്ന ചിത്രത്തിൽ ‘കണ്ടല്ലോ പൊൻകുരിശുള്ളൊരു’ എന്ന ഗാനവും പാടി.

2000ൽ വിദ്യാസാഗറിന്റെ ഈണത്തിൽ ‘മിസ്റ്റർ ബ‌ട്‌ലർ എന്ന സിനിമയ്ക്കുവേണ്ടി ‘കുണുക്കു പെൺമണിയെ’ എന്ന ഗാനവും 2012ൽ ‘ഡോക്ടർ ഇന്നസന്റാണ്’ എന്ന ചിത്രത്തിൽ സന്തോഷ് വർമയുടെ സംഗീതസംവിധാനത്തിൽ ‘സുന്ദര കേരളം നമ്മൾക്ക്’, 2021ൽ ‘സുനാമി’ എന്ന ചിത്രത്തിൽ ‘സമാഗരിസ’ എന്നീ ഗാനങ്ങളും പാടി.

ഇതറിയാമോ?

ഡേവിഡ് കാച്ചപ്പള്ളിയുമായി ചേർന്ന് ഇന്നസന്റ് നിർമിച്ച ചിത്രങ്ങൾ

1981 - വിടപറയും മുൻപേ - സംവിധാനം മോഹൻ

1982 - ഇളക്കങ്ങൾ - സംവിധാനം മോഹൻ

1982 - ഓർമയ്ക്കായി - സംവിധാനം ഭരതൻ

1983 - ലേഖയുടെ മരണം ഒരു ഫ്ലാഷ്ബായ്ക്ക് - സംവിധാനം കെജി ജോർജ്

1986 - ഒരു കഥ ഒരു നുണക്കഥ - സംവിധാനം മോഹൻ

പാവം ഐഎ ഐവാച്ചൻ, കീർത്തനം എന്നീ ചിത്രങ്ങളുടെ കഥയെഴുതിയത് ഇന്നസന്റാണ്.

ഡോക്ടർ പശുപതി, ഇഞ്ചക്കാടൻ മത്തായി, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി എന്നീ ചിത്രങ്ങൾ ഇന്നസന്റ് ടൈറ്റിൽ റോളിൽ അഭിനയിച്ചതാണ്.

English Summary: Remembering actor Innocent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com