തിരൂർ ∙ ‘അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയുടെ ജീവചരിത്രക്കുറിപ്പ് തയാറാക്കുക’ – നാലാം ക്ലാസ് മലയാളം വാർഷിക പരീക്ഷയിലെ ചോദ്യത്തിന് തിരൂർ പുതുപ്പള്ളി ശാസ്താ എഎൽപി സ്കൂളിലെ റിസ ഫാത്തിമയുടെ ഉത്തരം ഇങ്ങനെ - ‘‘ഞാൻ എഴുതൂല, ഞാൻ ബ്രസീൽ ഫാൻ ആണ്. എനിക്ക് നെയ്മെറിനെയാണ് ഇഷ്ടം. മെസിയെ ഇഷ്ടമല്ല.’’
നിലമ്പൂർ തണ്ണിക്കടവ് എയുപി സ്കൂളിലെ കെ.ഷാനിദ് കൃത്യമായ ഉത്തരമെഴുതി. അനുബന്ധമായി ഇത്രകൂടി ചേർത്തു. ‘‘മെസ്സി നെയ്മാറിന്റെ ഉറ്റ സുഹൃത്താണ്. പക്ഷേ, നെയ്മാറിന്റെ ഏഴയലത്ത് എത്തൂല. വെറുതെ നെയ്മാർ ഫാൻസിനെക്കൊണ്ട് പറയിപ്പിക്കാൻ. ഒട്ടും പോരാ.’’
ആകെ 6 ചോദ്യങ്ങളിൽ അഞ്ചെണ്ണത്തിനാണ് ഉത്തരമെഴുതേണ്ടത്. മറ്റ് 5 ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയ ശേഷമാണ് റിസ ഫാത്തിമ തന്റെ നെയ്മാർ അനുഭാവം വ്യക്തമാക്കിയത്. ഉത്തരക്കടലാസ് പരിശോധിച്ച അധ്യാപകൻ റിഫ ഷെലീസ് സ്കൂൾ വാട്സാപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറംലോകത്തെത്തിയത്. ഇതിനു പിന്നാലെയാണ് ഷാനിദിന്റെ ഉത്തരക്കടലാസും പ്രചരിച്ചത്.
ചില വിദ്യാർഥികൾ മെസ്സിയുടെ ചിത്രത്തിൽ പേന കൊണ്ടു കുത്തിവരഞ്ഞ ശേഷം തങ്ങൾ റൊണാൾഡോ ഫാൻസാണെന്ന് എഴുതിവച്ചിട്ടുണ്ട്. മെസ്സിയെക്കുറിച്ചുള്ള മനോഹരമായ കുറിപ്പുകളും ഒട്ടേറെ കുട്ടികൾ എഴുതിയതായി അധ്യാപകർ പറയുന്നു.
English Summary: Riza Fathima answer to question about Lionel Messi