ADVERTISEMENT

തിരുവനന്തപുരം ∙ രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയതോടെ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് സാധ്യത തെളിഞ്ഞെങ്കിലും അത് ഒഴിവാകുമെന്ന കണക്കുകൂട്ടലിൽ തന്നെയാണ് കേരളത്തിലെ എൽഡിഎഫും യുഡിഎഫും. ആ നിഗമനം തെറ്റിയാൽ എന്താകും വയനാട്ടിലെ തിരഞ്ഞെടുപ്പ് ചിത്രം എന്നു കണ്ടറിയേണ്ടിവരും. രാഹുൽ ഗാന്ധിക്ക് സിപിഎം ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ ഉപതിരഞ്ഞെടുപ്പു വന്നാൽ യുഡിഎഫിന് എൽഡിഎഫ് പിന്തുണ നൽകുമോ എന്ന ചോദ്യം ബിജെപി ഉയർത്തിക്കഴിഞ്ഞു. 

അതു ചെയ്താൽ സിപിഎമ്മിന്റെ ആത്മാർഥത അംഗീകരിക്കാമെന്നാണ് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ രാഹുലിന് ഇപ്പോൾ നൽകുന്ന പിന്തുണയും ഉപതിരഞ്ഞെടുപ്പും തമ്മിൽ കൂട്ടിക്കുഴയ്ക്കേണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പ് നടന്നാൽ എൽ‍ഡിഎഫ് മത്സരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.  

ഗുജറാത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ വിധി മേൽക്കോടതി അംഗീകരിക്കില്ലെന്ന പ്രതീക്ഷയിൽ തന്നെയാണ് കേരളത്തിലെയും കോൺഗ്രസ് നേതൃത്വം. രണ്ടു കൊല്ലത്തെ തടവു ശിക്ഷ ഇളവു ചെയ്യപ്പെട്ടാൽ സ്വാഭാവികമായും അയോഗ്യതയും പിന്നാലെ വരാൻ ഇടയുള്ള ഉപതിരഞ്ഞെടുപ്പും ഇല്ലാതാകും. പക്ഷേ, അതിവേഗം അയോഗ്യത കൽപിക്കപ്പെട്ടതിൽ നിന്ന് അവർ വിചാരിക്കുന്നത് തൊട്ടു പിന്നാലെ വരാവുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം തന്നെയാണ്. അതിനിടയിൽ എവിടെയെങ്കിലും കോടതി ഇടപെടൽ വരുമെന്ന പ്രതീക്ഷ വിട്ടിട്ടുമില്ല. 

2019 ൽ ടി.സിദ്ദിഖിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ച ശേഷമായിരുന്നു വയനാട്ടിലേക്ക് രാഹുലിന്റെ വരവ്. നേതാവിനു വേണ്ടി സന്തോഷപൂർവം വഴി മാറിയ സിദ്ദിഖ് വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കൽപറ്റയിൽ നിന്നുളള നിയമസഭാംഗമാണിപ്പോൾ. തിരക്കുകൾക്കിടയിലും വയനാടിനെ കൃത്യമായി പരിചരിച്ചു വരുന്ന ലോക്സഭാംഗമാണ് രാഹുൽഗാന്ധി. 5 ദിവസം മുൻപും മണ്ഡലത്തിലെത്തിയിരുന്നു. ദേശീയ പ്രതിപക്ഷ ചേരിയുടെ ഭാഗമായ ഇടതുപക്ഷത്തിനെതിരെ മത്സരിക്കേണ്ട എന്ന അഭിപ്രായമുണ്ടെങ്കിലും 2024 ലും അദ്ദേഹം വയനാട്ടിൽ തന്നെ മത്സരിക്കുമെന്നായിരുന്നു സൂചന.  

ഉപതിരഞ്ഞെടുപ്പ് നടക്കുന്നപക്ഷം സ്ഥാനാർഥി ആരായാലും രാഹുലിന്റെ ലോക്സഭാ രക്തസാക്ഷിത്വമാകും ചർച്ചാവിഷയം. രാഹുൽ തന്നെയാകും പ്രചാരണവും നയിക്കുക. ബിജെപിയുടെ ഫാഷിസ്റ്റ് നടപടികൾ വരുത്തിവച്ച ഉപതിരഞ്ഞെടുപ്പ് എന്നതാകും കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന ചിത്രം. വയനാട്ടിൽ കാര്യമായ വെല്ലുവിളി ഉയർത്താൻ ബിജെപിക്കും കഴിയില്ല. ആ രാഷ്ട്രീയ പശ്ചാത്തലത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പതിവ് യുഡിഎഫ്–എൽഡിഎഫ് പോരായി ചുരുക്കാൻ ആരും താൽപര്യപ്പെടില്ല. അതുകൊണ്ടാണ് മോദിക്കും ബിജെപിക്കും എതിരെ വിശാല പ്രതിപക്ഷ ചേരിയുടെ യോജിച്ച സ്ഥാനാർഥി വയനാട്ടിൽ ഇറങ്ങുമോ എന്ന ചോദ്യം ഉയരുന്നത്. അതു പ്രിയങ്ക ഗാന്ധി തന്നെ ആകുമോ എന്ന അഭ്യൂഹം വരെ പ്രചരിക്കുന്നു.  

ഐക്യസ്ഥാനാർഥി സാധ്യത സിപിഎം തള്ളിയെങ്കിലും അത് ഉപതിരഞ്ഞെടുപ്പ് നടക്കാൻ ഇടയില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന പക്ഷം കോൺഗ്രസിനും സിപിഎമ്മിനും ഇക്കാര്യം വീണ്ടും ആലോചിക്കേണ്ടി വരും. വയനാട്ടിൽ 2019 ൽ രാഹുലിനോടു തോറ്റത് സിപിഐ സ്ഥാനാർഥിയായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടർച്ചയായ രണ്ടാം ദിവസവും രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് അത്തരം പുതിയ സാധ്യതയുടെ ലക്ഷണമാണ്.

English Summary: Will opposition unity be a reality if byelection happens in wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com