ADVERTISEMENT

തിരുവനന്തപുരം ∙ നരേന്ദ്ര മോദിക്കും സംഘപരിവാറിനും എതിരെ പ്രതിഷേധിക്കുമ്പോൾ കേരള പൊലീസിന് ഇത്രയും ഹാലിളകുന്നത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രതിഷേധിക്കുന്നവരെ ആക്രമിക്കാൻ പൊലീസ് നിരന്തരം ശ്രമിക്കുന്നത് സംസ്ഥാന ഭരണ നേതൃത്വത്തിന്റെ അറിവോടെയാണ്.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നരേന്ദ്ര മോദി സർക്കാരിന്റെയും ബിജെപിയുടെയും ജനാധിപത്യവിരുദ്ധ നടപടിക്ക് എതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കണ്ണൂർ ഡിസിസി പോസ്റ്റ് ഓഫിസ് മാർച്ചും ധർണയും സംഘടിപ്പിച്ചത്. ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജും സജീവ് ജോസഫ് എംഎൽഎയും ഉൾപ്പെടെയുള്ളവരെ പൊലീസ് കയ്യേറ്റം ചെയ്തു. അതിന് എതിരെ പ്രതിഷേധിച്ച പ്രവർത്തകരെ ക്രൂരമായി മർദിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസുകാരുടെ തലയടിച്ച് പൊളിച്ചതും പിണറായിയുടെ പൊലീസാണ്.

മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം സംസ്ഥാന സെക്രട്ടറിയും രാഹുൽ ഗാന്ധിയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുമ്പോഴും ബിജെപി - സംഘപരിവാർ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തെ ക്രൂരമായാണ് അടിച്ചൊതുക്കുന്നത്. മോദിക്കും സംഘപരിവാറിനും എതിരായ ഒരു പ്രതിഷേധവും കേരളത്തിൽ അനുവദിക്കില്ലെന്ന നിലപാട് മുഖ്യമന്ത്രിയും എൽഡിഎഫ് സർക്കാരും സ്വീകരിക്കുന്നത് എന്തു കൊണ്ടാണെന്നു സതീശൻ ചോദിച്ചു. കേരള പൊലീസിനെ ഉപയോഗിച്ച് സംഘപരിവാർ ക്വട്ടേഷൻ നടപ്പാക്കി പ്രതിഷേധങ്ങളെ അടിച്ചമർത്താമെന്നത് വ്യാമോഹം മാത്രമാണെന്നും ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.

English Summary : VD Satheesan against Kerala Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com